ജപ്തി ചെയ്ത തമിഴ്‌നാട് സര്‍ക്കാര്‍ ബസ്; ലേലം സംബന്ധിച്ച തീരുമാനം 22ന്
മഞ്ചേരി: നഷ്ടപരിഹാരത്തുക അടക്കാത്തതിനെ തുടര്‍ന്നു ജപ്തി ചെയ്ത തമിഴ്‌നാട് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് പൊതുലേലത്തിനു വയ്ക്കുന്നതു സംബന്ധിച്ച് 22ന് തീരുമാനമാകും. 2009 ഏപ്രില്‍ എട്ടിനു കൊടൈക്കനാല്‍ പളനിറോഡില്‍വച്ചു മലപ്പുറം വേങ്ങര സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചു രണ്ടു പേര്‍ മരണപ്പെട്ട കേസിലാണ് ബസ് മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്റ് കോടതി ബസ് ജപ്തി ചെയ്തിരുന്നത്.
ഈ മാസം ആറിനാണ് കോടതി ബസിനെതിരേ നടപടി സ്വീകരിച്ചത്. ഇതിനുശേഷം ദിവസങ്ങള്‍ പിന്നിട്ടിട്ടും തമിഴ്‌നാട് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ അധികൃതരുടെ ഭാഗത്തുനിന്നു നഷ്ടപരിഹാരം അടച്ചു ബസ് തിരികെ കൊണ്ടുപോവാന്‍ നടപടികള്‍ ഉണ്ടായിട്ടില്ല. സാധാരണ നാലോ അഞ്ചോ ദിവസത്തിനകം ഇത്തരം കേസുകള്‍ തീര്‍പ്പാകാറുണ്ട്.
വേങ്ങര സ്വദേശികള്‍ തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍നിന്നു മലപ്പുറത്തേക്കു തിരിച്ചുപോരുന്നതിനിടയിലാണ് അപകടമുണ്ടായത്. നെടുംപറമ്പ റഹ്മത്ത് മോള്‍ (21), ഇവരുടെ ഒരുവയസുള്ള മകള്‍ ഫാത്തിമറിദ എന്നിവരാണ് മരണപ്പെട്ടിരുന്നത്.
ഭര്‍ത്താവ് മുഹമ്മദ് റാഫിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്. രണ്ടു കേസുകളിലായി അഞ്ചു ലക്ഷം രൂപയാണ് തമിഴ്‌നാട് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്. അല്ലാത്തപക്ഷം ഈ മാസം 22ഓടെ പൊതുലേലത്തിന് അനുമതിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."