കുപ്പം-കുറ്റിക്കോല്‍ ബൈപാസ് സര്‍വേ വീണ്ടും തടഞ്ഞു പൊലിസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
തളിപ്പറമ്പ്: കീഴാറ്റൂരില്‍ കുപ്പം-കുറ്റിക്കോല്‍ ബൈപാസിനായി സ്ഥലം അളക്കാനെത്തിയ സംഘത്തെ തടഞ്ഞ നാട്ടുകാരും പൊലിസും ഏറ്റുമുട്ടി. പതിനൊന്നുപേര്‍ അറസ്റ്റില്‍. ഇന്നലെ രാവിലെ പതിനൊന്നോടെ കീഴാറ്റൂര്‍ വയലില്‍ ദേശീയപാത ബൈപാസിന്റെ സര്‍വേ ജോലിക്കെത്തിയ സ്വകാര്യ കണ്‍സല്‍ട്ടന്‍സി ജീവനക്കാരേയും ദേശീയപാത വകുപ്പ് ഉദ്യോഗസ്ഥന് കെ അബ്ദുല്ലയേയുമാണ് കീഴാറ്റൂര്‍ ഇ.എം.എസ് മന്ദിരത്തിനു സമീപം തടഞ്ഞത്.
ബൈപാസിനെതിരായി പാര്‍ട്ടി വിലക്ക് ലംഘിച്ച് ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തകരാണ് സര്‍വേ തടസപ്പെടുത്തിയത്.
എട്ടുപേരെ സര്‍വേ സംഘത്തിന് സംരക്ഷണമൊരുക്കാനെത്തിയ തളിപ്പറമ്പ് അഡീഷണല്‍ എസ്.ഐ കെ അബ്ദുല്‍ നാസറും സംഘവും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു. ഇതിനു ശേഷം സര്‍വേ ആരംഭിച്ച സംഘത്തെ മുപ്പതോളം വരുന്ന നാട്ടുകാര്‍ വീണ്ടും തടയുകയായിരുന്നു.
തളിപ്പറമ്പ് സി.ഐയുടെ ചുമതലയുള്ള ആലക്കോട് സി.ഐ ഇ.പി സുരേശന്റെ നേതൃത്വത്തില്‍ പൊലിസ് എത്തി ഇവരെ നീക്കാന്‍ ശ്രമിച്ചപ്പോഴാണ് നാട്ടുകാരുമായി വാക്കേറ്റമുണ്ടായത്. പൊലിസിനോട് കയര്‍ത്ത നാട്ടുകാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥയായി. കൂടുതല്‍ പൊലിസ് എത്തിയാണ് സര്‍വേ തടഞ്ഞവരെ ബലം പ്രയോഗിച്ച് സ്റ്റേഷനിലേക്കു മാറ്റിയത്.
ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ എം.വി രാഘവന്, എം കൃഷ്ണന്, വേണിയില്‍ രാഘവന്, ചന്ദ്രബാബു, ബാലകൃഷ്ണന്, പി ബാലകൃഷ്ണന്, സുധീഷ്കുമാര്‍, പി.കെ മനോജ്, ലാലുപ്രസാദ്, കുമാരന്, രാമകൃഷ്ണന് എന്നിവരുടെ പേരില്‍ പൊലിസ് കേസെടുത്തു.
സര്‍വേ പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം വൈകുന്നേരത്തോടെ ഇവരെ ജാമ്യത്തില്‍ വിട്ടു. ബൈപാസ് റോഡ് വരുന്നതോടെ കൂവോട് പ്രദേശത്തെ 60 ഏക്കറോളം വരുന്ന വയല്‍ ഇല്ലാതാകുമെന്ന വാദവുമായാണ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചത്.
നേരത്തെ പ്രദേശത്തെ സി.പി.എം നേതാക്കള്‍ പ്രത്യക്ഷമായി സര്‍വേ സംഘത്തെ തടയാന്‍ രംഗത്തുണ്ടായിരുന്നെങ്കിലും നേതൃത്വത്തിന്റെ കര്‍ശന വിലക്കിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."