മൊബൈല്‍ ടവറിലെ വികിരണങ്ങള്‍ ഹാനികരമല്ല: ടി ശ്രീനിവാസന്‍
കണ്ണൂര്‍: മൊബൈല്‍ ടവറില്‍ നിന്നുണ്ടാകുന്ന വികിരണം ഹാനികരമല്ലാത്തതും ശരീര കോശങ്ങളെ ദോഷകരമായി ബാധിക്കാത്തതുമായ (നോണ്‍ അയണൈസിംഗ്) കാന്തിക തരംഗങ്ങളാണെന്നു ടെലികോം വകുപ്പ് കേരള ഡയറക്ടര്‍ ടി ശ്രീനിവാസന്‍. മൊബൈല്‍ ടവര്‍ അപകടകരമായ റേഡിയേഷന്‍ സൃഷ്ടിക്കുന്നുവെന്ന ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റുന്നതിനായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ശില്‍പശാലയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മൊബൈല്‍ ടവറുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാര്‍ത്തകളിലേറെയും വാസ്തവവിരുദ്ധമാണ്.
30-40 മീറ്റര്‍ ഉയരത്തിലുള്ള മൊബൈല്‍ ടവറിന് തൊട്ടടുത്ത സ്ഥലങ്ങളില്‍ റേഡിയേഷന്റെ ശക്തി താരതമ്യേന കുറവായിരിക്കും. ഒരു പ്രദേശത്ത് മൊബൈല്‍ ഉപയോഗം കൂടുന്നതിനനുസരിച്ചാണ് മൊബൈല്‍ കമ്പനികള്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കേണ്ടിവരുന്നത്. മൊബൈല്‍ ടവറുകള്‍ അപകടകരമല്ലെന്ന് രാജ്യത്തെ പല ഹൈക്കോടതികളും ഇതിനകം വ്യക്തമാക്കിയതാണ്. ഇത് അപകടകരമാണെന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ വല്ലതും കൈവശമുള്ളവര്‍ ടെലികോം അതോറിറ്റിക്ക് അത് കൈമാറേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ശില്‍പശാല എ.ഡി.എം മുഹമ്മദ് യൂസുഫ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."