കൊയ്ത്തുല്‍സവം സംഘടിപ്പിച്ചു
തളിപ്പറമ്പ് : മണ്ണിനേയും കൃഷിയേയും തൊട്ടറിയാന്‍ വിദ്യാര്‍ഥികള്‍ പട്ടുവം മുതുകുടയിലെ നെല്‍പ്പാടത്തേക്കിറങ്ങി. പ്രകൃതിസംരക്ഷണത്തെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകളും അനുഭവപാഠങ്ങളും നല്‍കുന്ന മുതുകുടയിലെ സംസ്‌കൃതി സഹജീവന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ പാടത്തെ ചെളിയിലേക്കിറങ്ങിയത്. കൊയ്ത്തരിവാളും നെല്‍ക്കറ്റകളും അന്യമായി മാറിയ പുതിയതലമുറയിലെ കുട്ടികള്‍ കര്‍ഷകരോടൊപ്പം ആവേശപൂര്‍വ്വം കൊയ്തും മെതിച്ചും കൊയ്ത്തുപാട്ട് പാടിയും നെല്‍ക്കറ്റകള്‍ തലച്ചുമടായി കടത്തിയും കൊയ്ത്ത് ഒരു ഉല്‍സവമാക്കി മാറ്റി. ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ യൂത്ത് ഫെഡറേഷന്‍-എ.ഐ.സി.യു.എഫ്-സംസ്ഥാനതല പരിപാടികളുടെ ഭാഗമായാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നെത്തിയ 42 കോളജ് വിദ്യാര്‍ഥികള്‍ പാടത്തിറങ്ങിയത്. സംസ്‌കൃതി സഹജീവന കേന്ദ്രത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്ന കര്‍ഷകസെമിനാറിന്റെ സമാപന ദിവസമായിരുന്നു കൊയ്ത്തുല്‍സവം നടന്നത്. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സി.എം ലളിത, സഹജീവനകേന്ദ്രം ഡയരക്ടര്‍ ഫാ.രാജേഷ് എസ്.ജെ, പി.ഡൊമിനിക്ക്, പി ഡേവിഡ് എന്നിവര്‍ പ്രസംഗിച്ചു. ഐക്കഫ് സംസ്ഥാന അഡൈ്വസര്‍ ഫാ.ബാബുപോള്‍ എസ്.ജെ, സ്‌റ്റേറ്റ് ആനിമേറ്റര്‍ ടോജിന്‍ ജോസ്, ഫാ.ജേക്കബ് കുമ്മിണി എസ്.ജെ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."