ലാ ലീഗയില്‍ ബാഴ്സലോണയ്ക്ക് കിരീടം
മാഡ്രിഡ്: അത്ഭുതങ്ങളും അട്ടിമറികളും ഒന്നും നടന്നില്ല. സ്പെയിനില്‍ ബാഴ്സലോണ തന്നെ കിരീടം സ്വന്തമാക്കി. ഒരു പോയിന്റ് വ്യത്യാസത്തില്‍ കിരീടത്തിനു തൊട്ടരികില്‍ ബാഴ്സയ്ക്കൊപ്പം ബദ്ധവൈരികളായ റയല്‍ മാഡ്രിഡുമുണ്ടായിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ ഗ്രനാഡയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്സലോണ സ്പാനിഷ് ലാ ലിഗ കിരീടം നിലനിര്‍ത്തി. ലൂയിസ് സുവാരസിന്റെ ഹാട്രിക്ക് ഗോളുകളാണ് ബാഴ്സയുടെ വിജയം അനായാസമാക്കിയത്. കളിയുടെ 22, 38, 86 മിനുട്ടുകളിലാണ് സുവാരസ് വല ചലിപ്പിച്ചത്. 35 കളികളില്‍ നിന്നു 40 ഗോളുകളുമായി സുവാരസ് ടോപ് സ്കോറര്‍.
രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡും അവസാന പോരാട്ടം വിജയിച്ചു. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അവര്‍ ഡിപോര്‍ടീവോ ലാ കൊരുണയെ പരാജയപ്പെടുത്തി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞു. കളിയുടെ ഏഴ്, 25 മിനുട്ടുകളിലാണ് ക്രിസ്റ്റ്യാനോ ഗോളുകള്‍ വലയിലാക്കിയത്.
38 കളികളില്‍ നിന്നു 91 പോയിന്റുകളുമായാണ് ബാഴ്സലോണ കിരീടം നേടിയത്. റയലിനു ഇത്രയും കളികളില്‍ നിന്നു 90 പോയിന്റ്. മറ്റൊരു മത്സരത്തില്‍ റയല്‍ സോസിഡാഡ് 1-0ത്തിനു വലന്‍സിയയെ അട്ടിമറിച്ചു.
വിജയത്തോടെ ബയേണ്‍
മ്യൂണിക്ക്: സീസണിലെ അവസാന ബുണ്ടസ് ലീഗ പോരാട്ടത്തില്‍ 3-1 വിജയിച്ച് ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്ക്. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിനു അവസാന മത്സരത്തില്‍ സമനില പിണഞ്ഞതോടെ പത്തു പോയിന്റിന്റെ വ്യക്തമായ മുന്‍തൂക്കത്തിലാണ് ബയേണ്‍ സീസണ് അവസാനിപ്പിച്ചത്. അവസാന മത്സരത്തില്‍ ഹന്നോവറിനെ 3-1നാണ് ബയേണ്‍ കീഴടക്കിയത്. മരിയോ ഗോട്സെ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ ലെവന്‍ഡോസ്കി ഒരു ഗോള്‍ നേടി.
ബൊറൂസിയ ഡോര്‍ട്മുണ്ടിനെ കൊളോണ്‍ 2-2നു സമനിലയില്‍ പിടിക്കുകയായിരുന്നു. മറ്റു മത്സരങ്ങളില്‍ ബയര്‍ ലെവര്കൂസന് 3-2നു ഇംഗോള്സ്റ്റഡിനേയും ഷാല്‍ക്കെ 4-1നു ഹോഫന്ഹെയിമിനേയും വോള്‍വ്സ്ബര്‍ഗ് 3-1നു സ്റ്റുട്ട്ഗര്ടിനേയും പരാജയപ്പെടുത്തി. വെര്ഡര്ബ്രമന്, ബൊറൂസിയ മോണ്ചെന്ഗ്ലെഡ്ബാച്, ഹാംബര്‍ഗര്‍ ടീമുകളും വിജയം സ്വന്തമാക്കി.
അവസാന പോരില്‍ അഞ്ചടിച്ച് യുവന്റസ്
മിലാന്: സീസണിലെ അവസാന പോരാട്ടത്തില്‍ അഞ്ചു ഗോളുകള്‍ അടിച്ചുകൂട്ടി ഇറ്റാലിയന്‍ ചാംപ്യന്മാരായ യുവന്റസ് സീസണിനു ഉജ്ജ്വല സമാപ്തി കുറിച്ചു. മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് അവര്‍ സംപ്ദോറിയയെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."