കാലിക്കുടവുമായി പഞ്ചായത്ത് പടിക്കല്‍ വീട്ടമ്മമാര്‍ നടത്തിയ സമരം ഫലം കണ്ടു
പൂച്ചാക്കല്‍:കാലിക്കുടവുമായി പഞ്ചായത്ത് പടിക്കല്‍ വീട്ടമ്മമാര്‍ നടത്തിയ കുത്തിയിരിപ്പ് സമരം ഫലം കണ്ടു.തീരദേശ മേഖലകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ തീരുമാനമായി.തിങ്കളാഴ്ച തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത് പ്രസിഡന്റ് മാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെയും ഉള്‍പ്പെടുത്തി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് ശുദ്ധ ജലം ലഭ്യമാക്കുന്നതിനുള്ള അടിയന്തിര തീരുമാനമുണ്ടായത്.കഴിഞ്ഞ ദിവസം കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പൂച്ചാക്കല്‍ ജെട്ടി നിവാസികള്‍ കാലികുടവുമായി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.ഇതേത്തുടര്‍ന്നാണ് തിങ്കളാഴ്ച ചര്‍ച്ച നടത്തിയത്. ജപ്പാന് കുടിവെള്ളത്തിനായി റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകാത്തതാണ് ശുദ്ധജല വിതരണം പാതിവഴിയിലാകാന്‍ കാരണമായത്.
റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കണമെങ്കില്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി തേടുകയും.അതനുസരിച്ച് വകുപ്പിന്റെ എസ്റ്റിമേറ്റ് പ്രകാരമുള്ള പണം പഞ്ചായത്ത് നല്‍കുകയും വേണം.എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ പണം അടക്കുവാന്‍ കാലതാമസം വരുത്തിയതാണ് പ്രദേശത്ത് കുടിവെള്ളം ലഭ്യമാവാതെ വന്നത്.
ചേര്‍ത്തലഅരൂക്കുറ്റി റോഡിന്റെ പാണാവള്ളി പഞ്ചായത്ത് മേഖലയില്‍ പന്ത്രണ്ട് സ്ഥലങ്ങളിലും അരൂക്കുറ്റി പഞ്ചായത്ത് അതിര്‍ത്തിയില്‍ എട്ട് സ്ഥലങ്ങളിലുമാണ് റോഡ് നെടുകെ മുറിച്ച് പൈപ്പ് സ്ഥാപിക്കേണ്ടത്.
പഞ്ചായത്തുകള്‍ പൊതുമാരാമത്തിന് നല്‍കേണ്ട തുക അടിയന്തിരമായി അടക്കുവാനും തുടര്‍ന്ന് പൈപ്പുകള്‍ സ്ഥാപിച്ച് കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടിയെടുക്കുവാനും യോഗത്തില്‍ തീരുമാനമായി. എ.എം.ആരിഫ്.എം.എല്‍.എ.അധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് വകുപ്പ്,വാട്ടര്‍ അതോറിറ്റി ജില്ലാ ഉദ്യോഗസ്ഥന്മാരുംയോഗത്തില് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."