പ്രചാരണ രംഗത്ത് വീറും വാശിയും: വിജയപ്രതീക്ഷയില്‍ മുന്നണികള്‍
ദേശമംഗലം: പൊതുതെരഞ്ഞെടുപ്പിന്റെ വീറും വാശിയും നിറഞ്ഞ ഉപതെരഞ്ഞെടുപ്പ് ചൂടില്‍ ദേശമംഗലം. യു.ആര്‍ പ്രദീപ് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവ് വന്ന പല്ലൂര്‍ ഈസ്റ്റ് വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന് നടക്കുമ്പോള്‍ പുതിയ പോരാട്ടമുഖങ്ങള്‍ തീര്‍ക്കുകയാണ് മുന്നണികള്‍. സ്ഥാനാര്‍ഥികളും, പ്രവര്‍ത്തകരും വിശ്രമമില്ലാതെ വിജയത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ഫലവും പ്രവചനാതീതമാവുകയാണ്.
കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും മുന്‍ മെമ്പറുമായ കെ.പ്രേമനാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ആര്‍ പ്രദീപിനോട് 37 വോട്ടുകള്‍ക്ക് പരാജയപ്പെട്ടതിന് പ്രേമനിലൂടെ തന്നെ മറുപടി നല്‍കുകയാണ് യു.ഡി.എഫ് ലക്ഷ്യം. വാര്‍ഡില്‍ നിരവധി തവണ കയറിയിറങ്ങിയ പ്രേമന്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ചിട്ടയായ പ്രവര്‍ത്തനമാണ് യു.ഡി.എഫിന്റെ ഇത്തവണത്തെ പ്രധാന സവിശേഷത. പ്രേമന്റെ വ്യക്തി ബന്ധങ്ങളും, മികച്ച പ്രതിച്ഛായയും വോട്ടായി മാറുമെന്ന് യു.ഡി.എഫും പ്രതീക്ഷിക്കുന്നു. ചെറു സ്‌ക്വാഡുകളായി മുഴുവന്‍ വീടുകളിലും അഭ്യര്‍ഥനയുമായി എത്തികഴിഞ്ഞു പ്രവര്‍ത്തകര്‍. കുടുംബയോഗങ്ങളും പുരോഗമിക്കുകയാണ്. ഡി.വൈ.എഫ്.ഐ ചേലക്കര ഏരിയാ പ്രസിഡന്റ് കെ.ജയരാജാണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി. യുവത്വത്തിന്റെ കരുത്തില്‍ വാര്‍ഡ് നിലനിര്‍ത്തുകയാണ് ഇടത് ലക്ഷ്യം. സീറ്റ് നഷ്ടപ്പെട്ടാല്‍ അത് വലിയ തിരിച്ചടിയാകുമെന്ന് ഇടത് മുന്നണി കണക്ക് കൂട്ടുന്നു. ജയരാജും നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് പ്രചാരണ രംഗത്ത് സജീവമായി നിലകൊള്ളുന്നത്.
പഴുതടച്ച പ്രവര്‍ത്തനമാണ് മുന്നണിയുടേത്. സ്ത്രീ വോട്ടര്‍മാര്‍ക്കാണ് വാര്‍ഡില്‍ മേല്‍ക്കൈ എന്നതിനാല്‍ സ്ത്രീകളുടെ മനസ് കീഴടക്കാന്‍ പ്രത്യേക പ്രചാരണ തന്ത്രം തന്നെ പയറ്റുകയാണ് മുന്നണി . യു.ആര്‍ പ്രദീപിന്റെ പിന്തുടര്‍ച്ചകാരനായി ജയരാജ് എത്തിയാല്‍ അത് വികസന രംഗത്ത് വലിയ നേട്ടമാകുമെന്ന് മുന്നണി നേതൃത്വം പ്രചരിപ്പിക്കുന്നു. ബി.ജെ.പിയും ഇത്തവണ യുവ നേതാവിനെ മുന്‍ നിര്‍ത്തിയാണ് പോരിനിറങ്ങുന്നത്. യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജീവ് ആലയത്താണ് സ്ഥാനാര്‍ഥി. ഇരു മുന്നണികളുടേയും വികസന വിരുദ്ധ നിലപാടുകളും ജനവഞ്ചനയും, മോദി സര്‍ക്കാരിന്റെ നേട്ടങ്ങളുമൊക്കെ ബി.ജെ.പിയുടെ പ്രചാരണ വിഷയങ്ങളാണ്. ഒരു കാലത്ത് തൃശൂര്‍ ജില്ലയിലെ തന്നെ ചെങ്കോട്ടകളിലൊന്നായിരുന്നു ദേശമംഗലം. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് ഇടത് മുന്നണി ഭരണം നിലനിന്നിരുന്ന പഞ്ചായത്തില്‍ ഇന്ന് മാറ്റങ്ങള്‍ നിരവധിയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചേലക്കര നിയോജക മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളില്‍ ഇടതിന് ഭരണം നഷ്ടപ്പെട്ട രണ്ട് പഞ്ചായത്തുകളിലൊന്നാണ് ദേശമംഗലം. ഒറ്റ സീറ്റിന്റെ വ്യത്യാസത്തിലാണ് ഭരണനഷ്ടമെന്നത് മാത്രമായിരുന്നു ആശ്വാസം. ആകെയുള്ള 15 സീറ്റുകളില്‍ യു.ഡി.എഫിന് 8 ഉം എല്‍.ഡി.എഫിന് 7 ഉം സീറ്റുകളാണ് ഉള്ളത്. അന്ന് യു.ആര്‍ പ്രദീപിലൂടെ ഇടത് മുന്നണിക്കൊപ്പം നിന്ന പല്ലൂര്‍ ഈസ്റ്റ് വീണ്ടും ഒരു തെരഞ്ഞെടുപ്പ് കളത്തില്‍ ആരെ വരിക്കുമെന്നത് ഇരുമുന്നണിയിലും സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 64 വോട്ട് മാത്രം നേടിയ ബി.ജെ.പി ഇത്തവണ വലിയ നേട്ടം പ്രതീക്ഷിക്കുമ്പോള്‍ പ്രവചനാതീതമാണ് അവസാന ഫലം. ആര് വിജയിച്ചാലും അത് പഞ്ചായത്ത് ഭരണസമിതിയെ ബാധിക്കില്ലെങ്കിലും ഇടത് മുന്നണിക്ക് വിജയം അനിവാര്യമാണ്. ഇപ്പോഴത്തെ എം.എല്‍.എ ഒഴിഞ്ഞ വാര്‍ഡില്‍ പരാജയം പിണഞ്ഞാല്‍ അത് സംസ്ഥാന തലത്തില്‍ തന്നെ വലിയ ചര്‍ച്ചയാകുമെന്ന ആശങ്ക മുന്നണി നേതൃത്വത്തിനുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വി മറികടക്കാന്‍ അന്ന് മുതല്‍ ശ്രമം ആരംഭിച്ച ഇടത് മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരീക്ഷണ വേദിയാവുകയാണ് പല്ലൂര്‍ ഈസ്റ്റ്. അതിന് വേണ്ടി പതിനെട്ടടവും പയറ്റാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. പ്രദീപിന്റെ പിന്തുടര്‍ച്ചക്കാരനായി ഒരു യുവനേതാവിനെ രംഗത്തിറക്കാനുള്ള ആലോചനകള്‍ നടന്നതും അതുകൊണ്ടാണ്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട വാര്‍ഡ് ഇത്തവണ എന്ത് വിധേനയും തിരിച്ച് പിടിക്കാനുള്ള പ്രയത്‌നം യു.ഡി.എഫും നടത്തുന്നു. വാര്‍ഡ് പിടിച്ചെടുത്ത് പഞ്ചായത്ത് ഭരണം കൂടുതല്‍ സുരക്ഷിതമാക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യം.കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അനുബന്ധിച്ച് വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചത് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ഇരു മുന്നണികളുടേയും അവകാശവാദം. 21 ന് കൊണ്ടയൂര്‍ വിദ്യാസാഗര്‍ ഗുരുകുലം സ്‌കൂളില്‍ വെച്ചാണ് വോട്ടെടുപ്പ്. ആകെ 1290 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 681 പേരും വനിതകളാണ്. 609 ആണ് പുരുഷ വോട്ടര്‍മാരുടെ എണ്ണം. 22 ന് ദേശമംഗലം പഞ്ചായത്ത് ഓഫിസില്‍ വച്ചാണ് വോട്ടെണ്ണല്‍. വോട്ടെടുപ്പ് ദിനമായ 21 ന് വാര്‍ഡിലെ മുഴുവന്‍ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യ നിരോധനവും ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."