വാനിലയ്ക്ക് വീണ്ടും നല്ലകാലം; കര്‍ഷകര്‍ പ്രതീക്ഷയില്‍
ഒരു കിലോ ഉണക്ക ബീന്‍സിന് 10,000 രൂപ
തൊടുപുഴ:നീണ്ട ഇടവേളയ്ക്കുശേഷം വാനില കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് തെളിച്ചം. ഒരു കിലോഗ്രാം പച്ച വാനില ബീന്‍സിനു രണ്ടായിരം രൂപ വരെയും ഉണക്ക ബീന്‍സിന് 10,000 രൂപ വരേയും വിലയുയര്‍ന്നു. രണ്ടായിരത്തില്‍ മൂപ്പെത്തിയ വാനില ബീന്‍സിന് കിലോയ്ക്ക് മൂവായിരത്തിലധികം രൂപാ വില എത്തിയതോടെയാണ് കര്‍ഷകര്‍ വ്യാപകമായി വാനില കൃഷി ആരംഭിച്ചത്. വാനിലയുടെ തണ്ടിന് നൂറുരൂപയിലധികം വില നല്‍കി പലരും കൃഷിയിറക്കി. എന്നാല്‍ എല്ലാ പ്രതീക്ഷകളും തകിടം മറിച്ച് വാനില വില കുത്തനെ ഇടിഞ്ഞു. പലര്‍ക്കും ബീന്‍സ് വില്‍ക്കാന്‍ പോലും കഴിഞ്ഞില്ല. പരിചരണത്തിനൊപ്പം പരാഗണത്തിനായി ദിവസേന മണിക്കൂറുകള്‍ ചെലവഴിക്കണം. ഇതിന്റെ കൂലിപോലും ലഴിക്കാതെ വന്നതോടെ കര്‍ഷകര്‍ വാനിലയെ കൈവിടുകയായിരുന്നു. 2001 ലും 2002 ലും പച്ച ബീന്‍സിന്റെ വില 900 മുതല്‍ 1100 രൂപാ വരെയായിരുന്നു.
വരുന്ന പത്തു വര്‍ഷത്തേക്ക് ഈ വില താഴുകയില്ലെന്നും അധികൃതര്‍ പ്രചരിപ്പിച്ചിരുന്നു. 2003ല്‍ സംസ്‌ക്കരിച്ച വാനിലയ്ക്ക് 33,000 രൂപയും പച്ച ബീന്‍സിന് 3500 രൂപയും വില ലഭിച്ചു. 2005 ലാകട്ടെ 250 രൂപയ്ക്കാണ് പച്ച ബീന്‍സ് വില്‍ക്കാനായത്. ഇത് 2008 ആയപ്പോള്‍ 50 രൂപയായി താഴുകയായിരുന്നു. സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയാണ് വാനിലയുടെ വിളവെടുപ്പ് കാലം. നാട്ടിന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് ഹൈറേഞ്ചില്‍ മൂപ്പെത്തുന്നതിനു ഒരു മാസം കൂടുതല്‍ വേണം.
15 വര്‍ഷം മുമ്പ് കേരളത്തിലെ കര്‍ഷകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയമായിരുന്നു വാനില. കുങ്കുമപ്പൂവിന് ശേഷം ഏറ്റവും കൂടുതല്‍ വിലയുണ്ടായിരുന്ന സുഗന്ധദ്രവ്യമായ വാനില തകര്‍ച്ച നേരിടുന്ന കാര്‍ഷിക മേഖലയ്ക്ക് പച്ചപ്പൊന്നായിരുന്നു.
വില കുതിച്ചുയര്‍ന്നതോടെ സ്വകാര്യ വ്യക്തികളും കുടുംബശ്രീ യൂനിറ്റുകളും സജീവമായി വാനില കൃഷിയിലേക്ക് നീങ്ങി. ഒപ്പം ഏറ്റവും വലിയ ക്രമസമാധാന പ്രശ്‌നമായി വാനില മോഷണവും മാറി. വൈദ്യുതി വേലി കെട്ടിയും ഗൂര്‍ഖകളെയും നായ്ക്കളെയും കാവല്‍ നിര്‍ത്തിയും വാനില സംരക്ഷിച്ചിരുന്നു. പലഹാര നിര്‍മാണത്തിനും സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മാണത്തിനും വാനില ഉപയോഗിക്കാറുണ്ട്.
ഐസ്‌ക്രീം, കേക്ക് എന്നിവയുടെ നിര്‍മാണത്തില്‍ രുചിയും മണവും കൂട്ടാന്‍ വാനിലക്കായില്‍ നിന്നെടുക്കുന്ന സത്താണു പ്രധാനമായും ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചി അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നെത്തുന്ന വ്യാപാരികളാണു ഹൈറേഞ്ചിലെ കച്ചവടക്കാരില്‍ നിന്ന് ഉല്‍പന്നം ശേഖരിക്കുന്നത്.
ഇടുക്കി, കോട്ടയം, വയനാട്, എറണാകുളം ജില്ലകളിലാണ് വാനില കൂടുതലായും കൃഷി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."