വെള്ളം സര്‍വത്ര: ഉദ്യോഗസ്ഥര്‍ കേരളത്തെ കബളിപ്പിക്കുന്നു
പാലക്കാട്:പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട ജലം വാങ്ങിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നു. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ട്. ജനങ്ങളുടെ ജലാവകാശം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ മുഖം തിരിക്കുമ്പോള്‍ പാലക്കാട്ടെ കര്‍ഷക സമൂഹം നിയമസംരക്ഷണം തേടാന്‍ ഒരുങ്ങുകയാണ്.
തമിഴ്‌നാട് ജലസേചന വകുപ്പും, കൃഷി വകുപ്പും സംയോജിച്ച് കര്‍ഷകര്‍ക്ക് വെള്ളം എത്തിക്കാന്‍ സജീവമായി രംഗത്തുണ്ട്. അതുകൊണ്ടാണ് കരാറുകള്‍ ലംഘിച്ച് കനാലുകളും, മറ്റും നിര്‍മിച്ച് കൊണ്ടിരിക്കുന്നത്. ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്ന കേരളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കര്‍ഷകരോട് ചെയ്യുന്നത് ദ്രോഹമാണ്.
കോണ്ടൂര്‍ കനാല്‍ ആഴപ്പെടുത്തി. ആളിയാര്‍ ഫീഡര്‍ കനാല്‍ നവീകരിച്ചു. ഇതൊക്കെഅറിഞ്ഞിട്ടും സര്‍ക്കാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. എന്നാല്‍, താഴേക്കിടയിലെ ഉദ്യോഗസ്ഥരെ കരുവാക്കാനുള്ള ചില കളികളും അണിയറയില്‍ നടത്തുന്നുണ്ട്. പറമ്പിക്കുളം ഡാമിന് താഴെയുള്ള തുണക്കടവില്‍ നിന്നും ആനപ്പാടി കനാലിലൂടെയാണ് തമിഴ്‌നാട് പവര്‍ ഹൗസിലേക്ക് വെള്ളം കൊണ്ടുപോകുന്നത്. വൈദ്യുതി ഉത്പാദനത്തിന് ശേഷം കൈവഴികളിലൂടെ ചിറ്റൂര്‍ പുഴയിലേക്കോ ആളിയാറിലേക്കോ വെള്ളം എത്തിക്കണമെന്നാണ് കരാര്‍. എന്നാല്‍ സര്‍ക്കാര്‍ പതിയില്‍ നിന്നും തിരുമൂര്‍ത്തി ഡാമിലേക്കാണ് ഇപ്പോള്‍ വെള്ളം കടത്തുന്നത്.
അതിനാണ് 49 കിലോമീറ്റര്‍ നീളത്തിലുള്ള കൊണ്ടൂര്‍ കനാല്‍ നിര്‍മിച്ചത്. പാറകള്‍ തുരന്ന് അഞ്ചു ടണലുകള്‍ ഉള്‍പ്പടെ 49 കിലോമീറ്റര്‍ തുറന്ന കനാലാണിത്. വന്‍ മലകള്‍ തുരന്ന് അഞ്ചുകിലോമീറ്റര്‍ വരെ ദൈര്‍ഘ്യമുള്ള നവമലൈ ടണലും ഉള്‍പ്പെടും. കോണ്ടൂര്‍ കനാല്‍ വന്നതോടെ ചിറ്റൂര്‍ പുഴയുടെ നല്ലാര്‍, ഉപ്പിലിയാര്‍ പോലുള്ള കൈവഴികളിലെയും, മലനിരകളിലെ ചെറു അരുവികളിലെയും വെള്ളം തിരുമൂര്‍ത്തിയിലേക്ക് കൊണ്ടുപോകുകയാണ്. കനാലില്‍ ഒന്‍പത് സ്ഥലത്ത് ഷട്ടറിട്ട് വെള്ളം തിരിച്ച് ഇടവഴിയില്‍ തന്നെ ചോര്‍ത്തുന്നുമുണ്ട്. ഇതെല്ലാം കരാര്‍ ലംഘനമാണ്.
കേരളം അവകാശമുന്നയിച്ച ഭൂമിയും കെട്ടിടങ്ങളും വിട്ടുതരാന്‍ തമിഴ്‌നാട് തയാറായിട്ടില്ല. കരാറില്‍ നിര്‍ദേശിക്കുന്നതു പ്രകാരം ഷോളയാര്‍ റിസര്‍വോയറിലെ വെള്ളത്തിന്റെ പരിധി നിലനിര്‍ത്താനും വിസമ്മതിക്കുകയാണ്. കേരളത്തിന്റെ അനുവാദം കൂടാടെ ആളിയാര്‍ ഡാമിനകത്ത് മിനി ഹൈഡല്‍ പദ്ധതികള്‍ സ്ഥാപിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്.
കോണ്ടൂര്‍ കനാലില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതും കേരളത്തിന്റെ അനുവാദം കൂടാതെയാണ്. ഇത്രയധികം കരാര്‍ ലംഘനങ്ങള്‍ കണ്ടെത്തി സര്‍ക്കാരിന് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അതുകൊണ്ടാണ് തമിഴ്‌നാട് വീണ്ടും കരാര്‍ ലംഘനത്തിന് ധൈര്യം കാണിക്കുന്നത്.
കോണ്ടൂരിലൂടെ മലനിരകളില്‍ നിന്ന് ഒഴുകിവരുന്ന വെള്ളവും മഴവെള്ളവും തിരുമൂര്‍ത്തിയിലേക്ക് കടത്താന്‍ ഏളുപ്പം കഴിയും. ഇതോടെ കേരളത്തിന് അവകാശപ്പെട്ട അധികജലം കിട്ടാത്ത അവസ്ഥയാണ് ഉണ്ടാവുക. കരാറിന്റെ തുടക്കം മുതല്‍ ആളിയാറില്‍നിന്നാണ് കേരളത്തിന് വെള്ളം നല്‍കിക്കൊണ്ടിരിക്കുന്നത്. അന്ന് കോണ്ടൂര്‍ കനാല്‍ നിര്‍മിച്ചിരുന്നില്ല. എന്നിട്ടും ആളിയാറില്‍ നിന്നു അവകാശപ്പെട്ട ഏഴേകാല്‍ ടി.എം.സി വെള്ളം നല്‍കിയിട്ടുണ്ട്. ഇതറിയാവുന്ന കേരളത്തിലെ ഉദ്യോഗസ്ഥര്‍ തമിഴ്‌നാടിന്റെ കനാല്‍നിര്‍മാണത്തെ ന്യായീകരിച്ച് ഇപ്പോഴും സര്‍ക്കാരിനേയും വകുപ്പുമന്ത്രിയേയും തെറ്റിദ്ധരിപ്പിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."