കോട്ടക്കല്‍ നഗരസഭ; ഭവനശ്രീ പദ്ധതിയിലെ തടസങ്ങള്‍ നീക്കണമെന്ന് കൗണ്‍സില്‍ യോഗം
കോട്ടക്കല്‍: നഗരസഭയിലെ ഭവനശ്രീ പദ്ധതിയിലെ തടസങ്ങള്‍ സര്‍ക്കാര്‍ നീക്കണമെന്നു നഗരസഭാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സ്ഥിരംസമിതി അധ്യക്ഷന്‍ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം എതിര്‍ത്തു. ഭവനശ്രീ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച നഗരസഭാ ഓഫിസിനു മുന്നില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയിരുന്നു.
വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ സാജിത് മങ്ങാട്ടിലാണ് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ കൗണ്‍സില്‍ കാലത്താണ് 163 ഗുണഭോക്താക്കള്‍ക്ക് ഭവനശ്രീ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. 3.20 കോടി രൂപ ഹഡ്‌കോയില്‍നിന്നു വായ്പ അനുവദിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് 30ന് ഹഡ്‌കോ വായ്പ അനുവദിച്ച് നഗരസഭക്ക് അറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍, തെരഞ്ഞെടുപ്പും മറ്റു തടസങ്ങളും കാരണം വായ്പ ലഭ്യമാക്കാന്‍ നഗരസഭയ്ക്കു കഴിഞ്ഞില്ല. കാലാവധി കഴിഞ്ഞ ഹഡ്‌കോയുടെ തീരുമാനം പുതുക്കുന്നതിന് ഇടതു സര്‍ക്കാറില്‍ അപേക്ഷകള്‍ നല്‍കിയെങ്കിലും അനാവശ്യമായ തടസവാദങ്ങള്‍ നിരത്തി പദ്ധതി തടസപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നു കൗണ്‍സില്‍ ആരോപിച്ചു.
നഗരസഭാ പരിധിയില്‍ കൈയേറ്റം ചെയ്തു സ്ഥാപിച്ച സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കിനല്‍കേണ്ടെന്നു കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ചെയര്‍മാന്‍ കെ.കെ നാസര്‍ അധ്യക്ഷനായി. പി. ഉസ്മാന്‍കുട്ടി, ടി.വി സുലൈഖാബി, സാജിദ് മങ്ങാട്ടില്‍, അലവി തൈക്കാട്ട്, ടി.വി മുംതാസ്, അബ്ദു മങ്ങാടന്‍, സുലൈമാന്‍ പാറമ്മല്‍, നാസര്‍ തിരുനിലത്ത് ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."