സംസ്ഥാന പൊലിസ് കായിക മേളയ്ക്ക് നാളെ തുടക്കം
കോഴിക്കോട്: സംസ്ഥാന പൊലിസ് കായിക മേളയ്ക്ക് നാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തില്‍ തുടക്കമാകും. 19 പൊലിസ് ജില്ലകളിലെ അന്തര്‍ദേശീയ തലത്തിലും ദേശീയ തലത്തിലും മികവു തെളിയിച്ച ആയിരത്തിലധികം കായിക താരങ്ങള്‍ 45ാം മേളയില്‍ മാറ്റുരയ്ക്കുമെന്ന് ഉത്തര മേഖലാ എ.ഡി.ജി.പി സുദേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കായിക മേളയുടെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിനു ഒളിംപ്യന്‍ പി.ടി ഉഷ നിര്‍വഹിക്കും. മേളയുടെ ഭാഗമായി ഫുട്ബോള്‍, ക്രിക്കറ്റ്, കബഡി, ഷട്ടില്‍ തുടങ്ങിയ ഇനങ്ങള്‍ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ചിരുന്നു. 22നു നടക്കുന്ന സമാപനച്ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ചടങ്ങിനോടനുബന്ധിച്ച് സാംസ്കാരിക പരിപാടികളും കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റും നടക്കും.
മേളയുടെ പ്രചാരണാര്‍ഥം ഇന്നലെ കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ 1990ലും 91ലും ഫെഡറേഷന് കപ്പ് ഫുട്ബോള്‍ ചാംപ്യന്മാരായ കേരള പൊലിസ് ടീമും ഇപ്പോഴത്തെ കേരള പൊലിസ് ടീമും തമ്മിലുള്ള മത്സരം സംഘടിപ്പിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ്, കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ ഉമ ബഹ്റ, കണ്ണൂര്‍ എ.ആര്. ക്യാമ്പ് അസി. കമാന്‍ഡന്റ് വി.കെ അബ്ദുല്‍ നിസാര്‍, കോഴിക്കോട് സിറ്റി അഡ്മിനിസ്ട്രേഷന് അസി. കമ്മിഷണര്‍ മൊയ്തീന്‍കുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."