ത്രില്ലറിലും സമനില
തെറ്റാതെ ഡല്‍ഹി ഡൈനാമോസ് 3-3 മുംബൈ സിറ്റി എഫ്.സി
ന്യൂഡല്‍ഹി: ആറു ഗോളുകള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്.സിയും ഡല്‍ഹി ഡൈനാമോസും മൂന്നു ഗോളുകള്‍ വീതം പങ്കിട്ട് സമനിലയില്‍ പിരിഞ്ഞു. മൂന്നാം സീസണ്‍ കണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് ഇരു ടീമുകളും ഓരോ പോയിന്റുകള്‍ പങ്കിട്ടത്. രണ്ടു ഗോളുകള്‍ക്കു മുന്നില്‍ നിന്ന ശേഷമാണ് മുംബൈ സമനില വഴങ്ങിയത്. ക്രിസ്റ്റ്യന്‍ വാഡോക്‌സ് മുംബൈക്കായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ശേഷിച്ച ഗോള്‍ സോണി നോര്‍ദെയുടെ ബൂട്ടില്‍ നിന്നായിരുന്നു. ഡല്‍ഹി നിരയില്‍ റിച്ചാര്‍ഡ് ഗാഡ്‌സെ, ബദാരാ ബാദ്ജി, മാഴ്‌സെലോ പെരേര എന്നിവരാണ് വല ചലിപ്പിച്ചത്.
കളിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണ- പ്രത്യാക്രമണവുമായി കളം നിറഞ്ഞു. പക്ഷേ അതിന്റെ ഫലം ആദ്യം അനുഭവിച്ചത് സന്ദര്‍ശകരായ മുംബൈയായിരുന്നു. അഞ്ചു മിനുട്ടിനിടെ രണ്ടു ഗോളുകള്‍ വലയിലെത്തിച്ച് മുംബൈ ഡല്‍ഹിയുടെ തട്ടകത്തില്‍ കളി തങ്ങള്‍ക്കനുകൂലമാക്കി നിര്‍ത്തി. 33ാം മിനുട്ടില്‍ ഡാ കോസ്റ്റ നല്‍കിയ പാസ് വാഡോക്‌സ് ബ്രില്ല്യന്‍ഡായി വലയിലെത്തിച്ച് മുംബൈയെ മുന്നിലെത്തിച്ചു. 38ാം മിനുട്ടില്‍ സോണി നോര്‍ദെയുടെ ഫ്രീ കിക്ക് പോസ്റ്റില്‍ തട്ടി തെറിച്ചെങ്കിലും റീ ബൗണ്ട് ചെയ്തു വന്ന പന്ത് തക്കം പാര്‍ത്ത് ബോക്‌സില്‍ നിന്ന വാഡോക്‌സ് അനായാസം വലയിലേക്ക് തിരിച്ചുവിട്ടു വീണ്ടും ലക്ഷ്യം കണ്ടു. ആദ്യ പകുതിയില്‍ മുംബൈ രണ്ടു ഗോളിനു മുന്നില്‍.
രണ്ടാം പകുതി ആരംഭിച്ച് ആറു മിനുട്ടിനുള്ളില്‍ ഡല്‍ഹി തിരിച്ചടിക്ക് തുടക്കമിട്ടു. മാഴ്‌സെലിഞ്ഞോയുടെ പാസില്‍ നിന്നു റിച്ചാര്‍ഡ് ഗാഡ്‌സെ അവര്‍ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചു. ലീഡ് കുറച്ച് വീണ്ടും ആക്രമണവുമായി ഡല്‍ഹി ഇരമ്പി കയറി. എന്നാല്‍ 69ാം മിനുട്ടില്‍ ഒറ്റാസിലിയോ ആല്‍വെസ്- സോണി നോര്‍ദെ സഖ്യത്തിന്റെ മുന്നേറ്റത്തിനൊടുവില്‍ നോര്‍ദെ മുംബൈയ്ക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചു. വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്ന ഡല്‍ഹി ആക്രമണം അഴിച്ചുവിട്ടു കളി തങ്ങളുടെ വരുതിയിലേക്ക് മാറ്റി. അതിന്റെ ഫലവും അവര്‍ക്ക് താമസിയാതെ ലഭിച്ചു. റിച്ചാര്‍ഡ് ഗാഡ്‌സെയുടെ പാസില്‍ ബദാരാ ബാദ്ജി മുംബൈയുടെ ലീഡ് വീണ്ടും ഒന്നാക്കി കുറച്ചു. കളി അവസാനിക്കാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ ഭാഗ്യം വീണ്ടും സ്വന്തം മൈതാനത്ത് ഡല്‍ഹിക്കൊപ്പം നിന്നു. 82ാം മിനുട്ടില്‍ ഗാഡ്‌സയെ ജെര്‍സന്‍ ബോക്‌സില്‍ വീഴ്ത്തിയതിനു ഡല്‍ഹിക്ക് അനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത മാഴ്‌സലോ പെരേര ലക്ഷ്യം തെറ്റാതെ ഡല്‍ഹിക്കു സമനില സമ്മാനിച്ചു.
അഞ്ചു മത്സരങ്ങളില്‍നിന്ന് എട്ടു പോയിന്റുമായി മുംബൈ എഫ്.സി പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. നാലു മത്സരങ്ങളില്‍ നിന്നു ആറു പോയിന്റുമായി ഡല്‍ഹി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."