ജലക്ഷാമം: കാരണക്കാര്‍ നമ്മള്‍ തന്നെ
'വാട്ടര്‍, വാട്ടര്‍ എവ്‌രിവേര്‍; ബട്ട് നോട്ട് എ ഡ്രോപ് ടു ഡ്രിങ്ക്.'
1912 ല്‍ മുപ്പത്തിയേഴാം വയസില്‍ മരിച്ച ഇംഗ്ലീഷ് കവി സാമുവല്‍ കോളറിഡ്ജിന്റെ പ്രസിദ്ധമായ വരികള്‍.
മുപ്പതുകളില്‍ കേരളപര്യടനത്തിനു വന്ന മഹാത്മാഗാന്ധി ആ വരികള്‍ തിരുവനന്തപുരത്ത് ഉദ്ധരിച്ചു. നിസഹകരണപ്രസ്ഥാനത്തിനു നേതൃത്വം നല്‍കിക്കൊണ്ട് എത്തിയതായിരുന്നു മഹാത്മജി. ലോ കോളജില്‍ പഠിക്കുകയായിരുന്ന ഒരു മുസ്‌ലിം വിദ്യാര്‍ഥിയായിരുന്നു പ്രസംഗം പരിഭാഷപ്പെടുത്താന്‍ നിയുക്തനായത്.
മഹാത്മജിയുടെ നാവില്‍നിന്നു കോളറിഡ്ജിന്റെ കവിതാശകലം പുറത്തുവരേണ്ട താമസം പരിഭാഷകനായ കെ.എം സീതിസാഹിബിന്റെ മണിമണിപോലുള്ള തര്‍ജമ. 'വെള്ളം, വെള്ളം സര്‍വത്ര, തുള്ളി കുടിക്കാനില്ലത്രേ.'
കുടിവെള്ളക്ഷാമത്തെക്കുറിച്ചുള്ള ഈ പഴയ ഉദ്ധരണി ഓര്‍ത്തുപോയത് കഴിഞ്ഞ ശനിയാഴ്ച (15-10-16) സുപ്രഭാതം പ്രസിദ്ധീകരിച്ച 'ജലദുരുപയോഗം തടയണം' എന്ന മുഖപ്രസംഗം വായിച്ചപ്പോഴാണ്.
ഇനിയും വെള്ളത്തിന്റെ പ്രസക്തിയും പ്രാധാന്യവും ശരിക്ക് അറിയാത്തവനാണു മനുഷ്യന്‍. ഭൂമിയുടെ മൂന്നില്‍ രണ്ടുഭാഗം വെള്ളമാണ്. മനുഷ്യശരീരത്തില്‍ തൂക്കത്തിന്റെ മൂന്നിലൊന്നു വെള്ളമാണ്. ശാസ്ത്രം അങ്ങനെയൊക്കെയാണു നമ്മളോടു പറയുന്നതെങ്കിലും വെള്ളമില്ലാതെ മൂന്നുദിവസത്തില്‍ കൂടുതല്‍ ഒരാള്‍ക്കു ജീവിക്കാന്‍ കഴിയില്ലെന്ന സത്യം നാം മറന്നുപോകുന്നു.
മനുഷ്യശരീരം 60 ശതമാനവും വെള്ളമാണെന്നും നമ്മുടെ മസ്തിഷ്‌കം തന്നെ 70 ശതമാനം വെള്ളമാണെന്നും ശ്വാസകോശങ്ങള്‍ 90 ശതമാനവും വെള്ളമാണെന്നും ആരോഗ്യശാസ്ത്രം പറയുന്നു. ഓരോ ദിവസവും രണ്ടരലിറ്ററോളം വെള്ളം നമ്മുടെ ശരീരത്തിന്റെ അകത്തേയ്ക്കു ചെല്ലേണ്ടതുണ്ടെന്നു നാം മറന്നുപോകുന്നു. കുടിക്കുന്ന വെള്ളം നമ്മുടെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ എളുപ്പമാക്കുന്നു എന്നപോലെത്തന്നെ വിസര്‍ജ്യങ്ങളെ പുറത്തു തള്ളാനും സഹായിക്കുന്നു.
മനുഷ്യര്‍ക്കു കുടിക്കാന്‍ മാത്രമല്ല, മറ്റു പല കാര്യങ്ങള്‍ക്കും വെള്ളം ആവശ്യമാണ്. പക്ഷിമൃഗാദികള്‍ക്ക്, കീടങ്ങള്‍ക്കു പോലും, വെള്ളമില്ലാതെ ജീവിക്കാന്‍ സാധ്യമല്ല.
എന്നാല്‍, ലോകത്തെല്ലായിടത്തുമുള്ള വെള്ളം മനുഷ്യോപയോഗത്തിനു ഉതകാതെ നഷ്ടപ്പെട്ടു പോകുന്നുവെന്നതാണു ശാസ്ത്രസത്യം. കാലവര്‍ഷം സുലഭമാകാറുള്ള കൊച്ചുകേരളംപോലും വേനല്‍ക്കാലങ്ങളില്‍ ജലക്ഷാമം അനുഭവിക്കുന്നു. കാര്‍ഷികോപയോഗത്തിനോ വൈദ്യുതി ഉല്‍പ്പാദനത്തിനോ മാത്രമല്ല, കുളിക്കാനും കുടിക്കാനും വെള്ളം കിട്ടാത്ത അവസ്ഥ.
44 നദികളുള്ള സംസ്ഥാനത്തിന്റെ വിധിയാണിത്. കിഴക്കോട്ടൊഴുകുന്ന പമ്പ, കബനി, ഭവാനി എന്നിവ (മൂന്നും കാവേരിയുടെ പോഷകനദികള്‍) ഒഴിച്ചാല്‍ 41 നദികളിലെയും വെള്ളം അറബിക്കടലിലേയ്ക്ക് ഒഴുകിത്തീരുകയാണ്. നീളംകൂടിയ നദികളായ പെരിയാറും ഭാരതപ്പുഴയും പമ്പയും വെള്ളത്തിനുവേണ്ടി ദാഹിക്കേണ്ടിവരുന്നു. ജലനിധിയായും പല തുള്ളിയായും ജലാവബോധശ്രമങ്ങള്‍ ഏറെ നടന്നിട്ടും ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോയേറെ ജലം നാം നഷ്ടപ്പെടുത്തുകയാണ്.
2510 കിലോമീറ്റര്‍ നീളമുള്ള ഗംഗാനദി അലഹാബാദില്‍ 1375 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യമുനയുമായി സംയോജിക്കുമ്പോഴും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന ജലക്ഷാമം ചില്ലറയല്ല. നര്‍മദയും കൃഷ്ണയും ഗോദാവരിയും കാവേരിയുമൊക്കെയായി മഹാനദികള്‍ പലതുള്ള ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ വെള്ളത്തിന്റെ പേരിലുള്ള പോരാട്ടത്തിലാണ്. ഇനിയതു ജില്ലകള്‍ തമ്മിലാവാം, നാളെ, ടാപ്പിനു മുന്നില്‍ വരിനില്‍ക്കുന്ന വ്യക്തികള്‍ തമ്മിലുമാവാം.
രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാനായിരുന്നു നേരത്തേ യുദ്ധങ്ങളെങ്കില്‍ പില്‍ക്കാലത്ത് അത് എണ്ണയ്ക്കുവേണ്ടിയായി. 20 വര്‍ഷംമുമ്പുതന്നെ ലോകബാങ്ക് വൈസ്പ്രസിഡന്റ് ലോകത്തോടു വിളിച്ചുപറഞ്ഞു; 'ഇനിയൊരു യുദ്ധമുണ്ടാവുകയാണെങ്കില്‍ അതു വെള്ളത്തിനുവേണ്ടിയായിരിക്കു'മെന്ന്.
ഡോ. ഇസ്മാഈല്‍ സെറാജല്‍ഡിന്‍ എന്ന ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞന്‍ 1995 ല്‍ നടത്തിയ പ്രവചനം ഇന്നു യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നു. 28 വര്‍ഷം ലോകബാങ്കുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച ഇദ്ദേഹം നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയെപ്പോലെ ലോകമാണു തന്റെ തറവാടെന്നു പറയാറുള്ള മഹാനായിരുന്നു. അലക്‌സാന്‍ഡ്രിയയില്‍ പുതിയ ലൈബ്രറി സമുച്ചയത്തിന്റെ സ്ഥാപകനായ അദ്ദേഹം പറഞ്ഞു; 'ലോകമാണ് എന്റെ വീട്, മനുഷ്യകുലമാണ് എന്റെ കുടുംബം.'
ജലക്ഷാമത്തിന്റെ രൂക്ഷത നാം മനസിലാക്കിയതു പാരിസ്ഥിതികപ്രശ്‌നങ്ങള്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ്. ജലദുര്‍വിനിയോഗമെന്നതു ജലചൂഷണമാണെന്നും ശാസ്ത്രനിരീക്ഷകര്‍ നിഗമനത്തിലെത്തി. അങ്ങനെയാണ്, സംരക്ഷിക്കപ്പെടേണ്ട പ്രകൃതിവിഭവമാണു ജലമെന്ന തിരിച്ചറിവു നമുക്കുണ്ടായത്. അടിസ്ഥാനാവശ്യങ്ങള്‍ക്കുപോലും ലക്കും ലഗാനുമില്ലാതെ വെള്ളമുപയോഗിക്കുന്ന രീതിക്കെതിരേ ജലാവബോധമുണര്‍ന്നു. രണ്ടായിരാമാണ്ടില്‍ ഐക്യരാഷ്ട്രസംഘടനയുടെ മില്ലേനിയം പ്രഖ്യാപനത്തില്‍ രാജ്യാന്തര ശുദ്ധജലവര്‍ഷാചരണം സ്ഥലം പിടിക്കുകയും ചെയ്തു.
അന്താരാഷ്ട്ര ജലദിനാചരണം തുടങ്ങിയതോടെ സ്ഥിതിവിവരക്കണക്കുകള്‍ ഭീകരമായ തരത്തില്‍ പുറത്തുവന്നു. ലോകമെമ്പാടും 43 രാജ്യങ്ങള്‍ ജലദൗര്‍ലഭ്യം അനുഭവിക്കുന്നുവെന്ന സത്യം. വരുംവര്‍ഷങ്ങളില്‍ ജലവിനിയോഗം കൂടുകയും ജലക്ഷാമം രൂക്ഷമാകുകയും ചെയ്യുമെന്ന കണക്കുകള്‍ പുറത്തുവന്നു. മൊറോക്കോയിലും ഹോളണ്ടിലും ജപ്പാനിലും മെക്‌സിക്കോയിലും തുര്‍ക്കിയിലും ഫ്രാന്‍സിലുമെല്ലാമെന്നപോലെ 2004 ല്‍ ഇന്ത്യയില്‍ പാലക്കാട്ടെ പ്ലാച്ചിമടയില്‍പോലും ലോകജലസമ്മേളനം നടന്നു.
എന്നാല്‍, ഇന്ത്യ ഇന്നും ശരിക്കുള്ള ജലാവബോധം സ്വീകരിച്ച മട്ടില്ല. നമ്മുടെ ജലനയം രൂപപ്പെട്ടിട്ടുതന്നെ മുപ്പതുവര്‍ഷമാകുന്ന പശ്ചാതലത്തിലും സിന്ധു ജലനദി കരാര്‍പോലും തര്‍ക്കവിഷയമാകുന്നു. ചൈന ബ്രഹ്മപുത്രയുടെ പോഷക നദി അടച്ച് അണക്കെട്ടുനിര്‍മിക്കുകയാണ്.
രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന തമിഴ്‌നാടിനു കാവേരിയില്‍നിന്നു കുറച്ചു ജലം വിട്ടുകൊടുക്കാനുള്ള കോടതിവിധി കര്‍ണാടകയിലും തുടര്‍ന്ന് തമിഴ്‌നാട്ടിലും വലിയ കലാപങ്ങള്‍ക്കു കാരണമായി. പൊതുവെ, ബന്ദില്‍നിന്നും ഹര്‍ത്താലില്‍നിന്നും അകലം പാലിക്കാറുള്ള ബംഗളൂരു പട്ടണംപോലും കലാപഭൂമിയായി. എത്രയെത്ര ലക്ഷ്വറി ബസുകളാണ് അഗ്നിക്കിരയാക്കിയത്. എത്രയെത്ര കൊലപാതകം നടന്നു.
ജലത്തെ ഒരു സംസ്ഥാനവിഷയമായി ഭരണഘടനയുടെ പതിനെട്ടാം പട്ടികയില്‍ ചേര്‍ത്തതിനപ്പുറം മുന്നോട്ടുപോകാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. നദീജലം പങ്കുവയ്ക്കുന്നതു സംബന്ധിച്ചു സംസ്ഥാനങ്ങള്‍ അവകാശവാദം പുറപ്പെടുവിച്ചു തുടങ്ങിയിരിക്കേ, അതിനായി ഒരു കരടു ബില്‍ കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായാണു പുതിയ വാര്‍ത്ത.
ദേശീയ ജലവിഭവ കൗണ്‍സില്‍ ഏറെ താല്‍പ്പര്യമെടുത്തിട്ടും സംസ്ഥാനങ്ങള്‍ സ്വന്തം താല്‍പ്പര്യങ്ങളില്‍ ശ്രദ്ധിക്കുന്നത്, മഴ വൈകുമ്പോഴും ജനം കുടിവെള്ളത്തിനു വരി നില്‍ക്കുമ്പോഴുമാണ്. ലോകത്തില്‍ ഏറ്റവും മഴപെയ്യുന്ന മേഖല അസമിലെ ചിറാപുഞ്ചിയാണെന്നു സ്‌കൂള്‍ ക്ലാസുകളില്‍ പഠിച്ച നമുക്ക് ഇന്ന് ആ പാഠഭാഗം മറക്കേണ്ട അവസ്ഥയാണ്. കേരളത്തില്‍ കൂടുതല്‍ മഴകിട്ടുന്ന പ്രദേശം വയനാട്ടിലെ ലക്കിടിയാണെന്നുള്ള പ്രസ്താവങ്ങളും തിരുത്തി വായിക്കേണ്ടി വരുന്നു. കേരളത്തില്‍ ആറു ജില്ലകള്‍ ഇതിനകംതന്നെ വരള്‍ച്ചാ ബാധിതങ്ങളാണത്രെ.
ഒരുവര്‍ഷം ശരാശരി 3000 മില്ലീ ലിറ്റര്‍ മഴ ലഭിക്കുന്ന പ്രദേശമായി അറിയപ്പെടുന്ന കേരളത്തില്‍ നാല്‍പ്പതു ശതമാനത്തിലേറെ വെള്ളം കടലിലേയ്ക്ക് ഒഴുകിപ്പോകുന്നതു തടയാനുള്ള സംവിധാനമാണു നമുക്കു വേണ്ടത്. കായലുകളും കുളങ്ങളും കിണറുകളും നികത്തി കോണ്‍ക്രീറ്റ് സൗധങ്ങള്‍ പണിയുന്നവരാണു നമ്മള്‍. മുന്‍കാലങ്ങളില്‍ ജീവിച്ചിരുന്നവര്‍ ഈ ജലസ്രോതസുകളൊക്കെ നമുക്കു നല്‍കിയാണു കടന്നുപോയതെന്ന് നാം ഓര്‍ക്കുന്നില്ല. നമുക്കു പിന്നാലെ വരുന്നവര്‍ ദിവസംതോറും ജലക്ഷാമത്തിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിപ്പോവേണ്ടിവരുന്നതിന്റെ രൂക്ഷത നാം മുന്‍കൂട്ടി കാണുന്നുമില്ല.
കേരളത്തിനു ഒരു വരള്‍ച്ചാനിരീക്ഷണ സെല്ലുണ്ടെങ്കിലും നിരീക്ഷണംകൊണ്ടു മാത്രം കാര്യങ്ങള്‍ നേരേചൊവ്വേ നടക്കാന്‍ പോകുന്നില്ല. കാലവര്‍ഷം ചതിച്ചുവെന്നു പരാതി പറഞ്ഞിട്ടും കാര്യമില്ല. ജലസംഭരണപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുകയാണ് അടിയന്തരമായി വേണ്ടത്. അതിനു വേഴാമ്പലിനെപ്പോലെ തുലാവര്‍ഷത്തിനു കാത്തിരുന്നതു കൊണ്ടുമാത്രമായില്ല.
വെള്ളത്തിനുവേണ്ടിയുള്ള കേരളത്തിന്റെ അഭ്യര്‍ഥന അയല്‍സംസ്ഥാനങ്ങള്‍ സ്വീകരിക്കാന്‍ സാധ്യത കുറവാണ്. കാരണം അവിടെയും രൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസമാണല്ലോ ആളിയാറില്‍നിന്നു കേരളത്തിനു വെള്ളം നല്‍കില്ലെന്നു തമിഴ്‌നാട് തീരുമാനിച്ചത്. പല്ലുതേയ്ക്കാന്‍പോലും എത്ര വെള്ളമാണു നാം എടുക്കുന്നത്. നമ്മുടെ പ്രാര്‍ഥനാലയങ്ങളില്‍ അംഗശുദ്ധി വരുത്താന്‍പോലും എടുക്കുന്ന വെള്ളത്തിന്റെ തോത് എത്രയാണെന്നു ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇഷ്ടംപോലെ കിട്ടുന്ന വെള്ളം യഥേഷ്ടം ഉപയോഗിക്കാമെന്ന ധാരണയാണു നമുക്ക്. ശരിയാണ്, യഥാര്‍ഥത്തില്‍ ഇവിടെ ജലക്ഷാമമില്ല. ദുര്‍വിനിയോഗം ചെയ്തു നമ്മളാണു ക്ഷാമമുണ്ടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."