തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി കേരളത്തിലേക്ക്
തൃശൂർ:ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കുന്നംകുളത്തോ ഇരിങ്ങാലക്കുടയിലോ എത്തിയേക്കും. ഏപ്രിൽ 15ന് ആയിരിക്കും പ്രധാനമന്ത്രിയുടെ സന്ദർശനം. സമീപ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പ്രവർത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനവും റോഡ് ഷോയും ഉണ്ടാകും. കരുവന്നൂർ ബാങ്ക് ഉൾപ്പെടുന്ന മണ്ഡലമാണ് ഇരിഞ്ഞാലക്കുട.
ആലത്തൂർ മണ്ഡലത്തിൽ പൊതുസമ്മേളനവും റോഡ് ഷോയും നടത്താനാണ് ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. എന്നാൽ കരുവന്നൂരിൽ റോഡ് ഷോ വേണമെന്നാണ് കേരള ബിജെപി നേതൃത്വത്തിന്റെ ആവശ്യം. അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. നിലവിൽ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്ത് റോഡ് ഷോയും പൊതുസമ്മേളനവും നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു.
നേരത്തെ പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി ഇതിനോടകം പ്രചാരണത്തിനെത്തിയിരുന്നു. ബിജെപി ഏ ഗ്രേഡ് മണ്ഡലങ്ങളായി കണക്കാക്കുന്നവയാണ് ഈ നാല് മണ്ഡലങ്ങളും. പ്രധാനമന്ത്രി സിപിഐഎമ്മിനെ കരുവന്നൂർ ബാങ്ക് വിഷയത്തിൽ നിരന്തരമായി വിമർശിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇരിഞ്ഞാലക്കുടയിലെ സന്ദർശനത്തെ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. ബിജെപിയുടെ ദക്ഷിണേന്ത്യൻ മിഷൻ്റെ കൂടി ഭാഗമാണ് കേരളത്തിൽ പ്രധാനമന്ത്രിയുടെ തുടർച്ചയായ സന്ദർശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."