ചങ്ങനാശേരിയില്‍ ഓട്ടോകള്‍ക്കു നമ്പരിടുന്നു: നടപടികള്‍ ഉടന്‍ തുടക്കമാകും
ചങ്ങനാശ്ശേരി: നഗരത്തില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ ഓട്ടോറിക്ഷകള്‍ക്കും ടൗണ്‍ പെര്‍മിറ്റ് നമ്പര്‍ നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
ഇതിനായുള്ള നടപടികള്‍ക്ക് ഉടന്‍ തുടക്കമാകും. ഇതു സാധ്യമാകുന്നതോടെ പതിറ്റാണ്ടുകളായി നഗരവാസികള്‍ ഉയര്‍ത്തിയിരുന്ന ഒരു ആവശ്യം സാക്ഷാല്‍ക്കരിക്കും. എം സി റോഡില്‍ നഗരസഭാ അതിര്‍ത്തിയായ ളായിക്കാടു മുതല്‍ മതുമൂലവരേയും മാര്‍ക്കറ്റു മുതല്‍ കുരിശുമ്മൂടുവരെയും ഉള്ള പ്രദേശത്ത് ഓട്ടോസ്റ്റാന്റുകളുടെയോ ഓട്ടോറിക്ഷകളുടെയോ എണ്ണം സംബന്ധിച്ച് നഗരസഭയ്‌ക്കോ, പൊലിസിനോ, മോട്ടോര്‍ വാഹനവകുപ്പിനോ കണക്കുകളില്ല. ഇതു മൂലം ഏതു ജില്ലയിലുള്ളവര്‍ക്കും ചങ്ങനാശ്ശേരി നഗരത്തില്‍ ഇഷ്ടാനുസരണം ഓടാന്‍ കഴിയുമായിരുന്നു. ഇതിനെതിരെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും പ്രതിഷേധമുണ്ടായിരുന്നു. നിയമാനുസൃത രേഖകള്‍ ഉള്ളവയേക്കാള്‍ കൂടുതല്‍ ഇല്ലാത്തവയായിരുന്നു നഗരത്തില്‍ ഓടിക്കൊണ്ടിരുന്നവയില്‍ ഏറെയും.
ആലപ്പുഴ,പത്തനംതിട്ട ജില്ലകളില്‍ നിന്നുമെത്തുന്ന ഓട്ടോഡ്രൈവര്‍മാര്‍ പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന വിധത്തില്‍ വന്‍ചാര്‍ജ് ഈടാക്കുന്നതും പതിവായിരുന്നു. ഇതിനു പരിഹാരമായി നഗരത്തിലെ ഓട്ടോകള്‍ക്കു ടൗണ്‍ പെര്‍മിറ്റ് നമ്പരിടണമെന്ന ആവശ്യം ഉയര്‍ന്നത്. ഇക്കാര്യം നഗരസഭയും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും നിരവധി തവണ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നെങ്കിലും നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഡ്രൈവര്‍മാരുടെ ഭാഗത്തുനിന്നും നിരന്തരമായി ഈ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ചില സംഘടനാ നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും തയാറായിരുന്നില്ല.
അടിയന്തിര ഘട്ടത്തില്‍ ജാഥ നടത്താനും മറ്റും നഗരത്തില്‍ അനധികൃതമായി ഓടുന്ന ഓട്ടോഡ്രൈവര്‍മാരെ ഉപയോഗിക്കുന്നതാണ് നേതാക്കളുടെ എതിര്‍പ്പിനു കാരണമായി അന്നു ഉയര്‍ന്നിരുന്നത്. തന്നെയുമല്ല ചിലരുടെ ബിനാമിയായി ഓട്ടോകള്‍ നഗരത്തില്‍ ഓടുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ നഗരസഭയുടെ കാലത്തും ഓട്ടോകള്‍ക്കു നമ്പരിടുമെന്നു പറഞ്ഞതൊഴിച്ചാല്‍ ഒരു നടപടികളും ഉണ്ടായില്ല. എന്നാല്‍ അടുത്ത കാലത്തായി ഡ്രൈവര്‍മാരില്‍ നിന്നും വീണ്ടും ഈ ആവശ്യം ശക്തമായ സാഹചര്യത്തിലാണ് നമ്പരിടുന്ന കാര്യത്തില്‍ പരസ്പരം ഇപ്പോള്‍ ധാരണയില്‍ എത്തിയിരിക്കുന്നത്.
ഇതു പ്രാവര്‍ത്തികമാകുന്നതോടെ നഗരത്തില്‍ എവിടെയൊക്കെയാണ് ഓട്ടോ സ്റ്റാന്റുകള്‍ നിശ്ചയിക്കേണ്ടത് എന്നതും ഒരു പ്രശ്‌നമായി ഉയര്‍ന്നേക്കാനിടയുണ്ട്. ഇപ്പോള്‍ നഗരത്തില്‍ എവിടേയും സ്റ്റാന്റുകളായി രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഓട്ടോകള്‍ക്കു നമ്പരിടുന്നതോടെ ഓരോ സ്റ്റാന്റിലും എത്ര ഓട്ടോകള്‍ ആകാമെന്നും അവ എവിടെയൊക്കെ വേണമെന്നും വ്യക്തമാക്കേണ്ടിവരും. അതോടൊപ്പം തൊട്ടടുത്ത ജില്ലകളിലെ ഓട്ടോകള്‍ക്ക് എങ്ങനെ ചങ്ങനാശ്ശേരി നഗരത്തില്‍ നമ്പരിടാനാവുമെന്ന കാര്യവും സങ്കീര്‍ണതയുണ്ടാക്കാനിടയുണ്ട്.
അവര്‍ക്കുകൂടി നമ്പരിടുമ്പോള്‍ അത് പതിറ്റാണ്ടുകളായി നഗരത്തില്‍ കിടക്കുന്ന ഓട്ടോകളെ ബാധിക്കാനും സാധ്യതയുണ്ട്. ഇക്കാര്യങ്ങള്‍ക്കെല്ലാ പരിഹാരമുണ്ടാക്കിയായിരിക്കും നഗരത്തിലെ ഓട്ടോകള്‍ക്കു നമ്പരിടല്‍ നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."