ബാബുക്കയുടെ നഗരത്തില്‍ കൊച്ചുമകളുടെ ആദ്യ മെഹ്ഫില്‍
കോഴിക്കോട്: ഉപ്പൂപ്പയ്ക്ക് പ്രണാമമര്‍പ്പിച്ച് നിമിഷ സലീം പാടിത്തുടങ്ങിയപ്പോള്‍ സദസ് ഒരേ സ്വരത്തില്‍ പറഞ്ഞു. ഇവള്‍ നമ്മളുടെ ബാബുക്കയുടെ പേരക്കുട്ടി തന്നെ. കോഴിക്കോടിന്റെ അനശ്വര ഗായകന്‍ എം.എസ് ബാബുരാജിന്റെ മധുരിക്കുന്ന ഗാനങ്ങള്‍ ഓരോന്നായി നിമിഷ പാടിയപ്പോള്‍ സദസില്‍ നീണ്ട കരഘോഷമുയര്‍ന്നു. അവരുടെ ബാബുക്കയോടുള്ള സ്‌നേഹവും ആദരവും പൗത്രിയോടുള്ള വാത്സല്യവും കൈയടികളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു.
ഉപ്പൂപ്പയുടെ 'സുറുമയെഴുതിയ മിഴികളെ, കടലേ..കടലേ' തുടങ്ങിയ ഗാനങ്ങള്‍ക്കൊപ്പം മദന്‍മോഹന്‍, ശങ്കര്‍ -ജയ് കിഷന്‍, മുഹമ്മദ് റഫി, ലതാ മങ്കേഷ്‌കര്‍ തുടങ്ങിയ ഗാനങ്ങളും കൂട്ടിയിണക്കിയാണ് നിമിഷ കോഴിക്കോട്ട് ആദ്യമായി മെഹ്ഫില്‍ അവതരിപ്പിച്ചത്. ചാവക്കാട്ടായിരുന്നു നിമിഷയുടെ ആദ്യ മെഹ്ഫില്‍. പിന്നീട് ഗുരുവായൂരിലും, ബഹ്‌റൈനിലുമെല്ലാം മെഹ്ഫില്‍ ഒരുക്കിയ നിമിഷ ഇപ്പോള്‍ അറിയപ്പെടുന്ന ഒരു കലാകാരിയാണ്.
ഫാറൂഖ് കോളജില്‍ രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയായ നിമിഷ തൃപ്പൂണിത്തുറ ഭാരതീയ സംഗീത വിദ്യാലയത്തിലെ ഉസ്താദ് ഫയാസ് അഹമ്മദ് ഖാന്റെ ശിഷ്യയാണ്. ഉപ്പൂപ്പയുടെ നാട്ടിലെ തന്റെ ആദ്യ മെഹ്ഫിലിന് ലഭിച്ച സ്വീകാര്യത അദ്ദേഹത്തിന്റെ അനുഗ്രഹമായി കണക്കാക്കാനാണ് നിമിഷയ്ക്ക് താല്‍പര്യം. ജയ ഓഡിറ്റോറിയത്തില്‍ നടന്ന മെഹ്ഫിലിനൊപ്പം നിമിഷ സലീമിന്റെ ഗാനങ്ങളുടെ സി.ഡി പ്രകാശനവും നടന്നു. 'ട്രിബ്യൂട്ട് ടു ഉപ്പൂപ്പ' സി.ഡി കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഗോപീ സുന്ദറിന് നല്‍കിയും 'ട്രിബ്യൂട്ട് ടു ലെജന്റ് ' സി.ഡിയുടെ പ്രകാശനം പി.വി ഗംഗാധരന്‍ മാമുക്കോയക്ക് നല്‍കിയും പ്രകാശനം ചെയ്തു. ചടങ്ങില്‍ അനില്‍കുമാര്‍ തിരുവോത്ത് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."