ഗ്രാമീണ നന്മകളില് വിരിഞ്ഞ ചിത്രങ്ങളുമായി അന്‍സര്‍ സൂഫി
കോഴിക്കോട്: കുളക്കടവും കുളത്തിലേക്കുള്ള മുങ്ങാംകുഴിയും കള്ളക്കാറ്റേറ്റുള്ള പുഴക്കരയിലെ വിശ്രമവും വയലേലകളും നാട്ടുവഴിയിലെ പ്രേമസല്ലാപവും തേന്‍ നുകരാനെത്തുന്ന പൂമ്പാറ്റക്കൂട്ടങ്ങളും തുടങ്ങി നാട്ടുനന്മയുടെ ഗൃഹാതുരത്വത്തിലേക്ക് ആസ്വാദകരെ കൊണ്ടുപോകുന്ന അന്‍സര്‍ സൂഫിയുടെ ചിത്രപ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. നഷ്ടമാകുന്ന നാട്ടിന്‍പുറവും ഗ്രാമീണ നന്മകളുമാണ് ചിത്രത്തിലധികവും. വഴിയരികില്‍ കണ്ട കാഴ്ചകളും ഭാവിയെന്തെന്നറിയാതെ കുടിലിന് മുന്നില്‍ ഭീതിയോടെ കൈക്കുഞ്ഞുമായി നില്ക്കുന്ന അമ്മയും അയല്‍ക്കാരും കടലോര മത്സ്യബന്ധനവും നശിച്ചുകൊണ്ടിരിക്കുന്ന പഴയ തറവാടുമെല്ലാം ഒരു മാറ്റവും വരുത്താതെ അന്‍സര്‍ തന്റെ കാന്‍വാസിലേക്ക് പകര്‍ത്തിയിട്ടുണ്ട്.
അന്‍സറിന്റെ ചിത്രങ്ങളോരോന്നും പഴമയിലേക്ക് തിരിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നതാണ്. അക്രിലിക്കിലും വാട്ടര്‍ കളറിലും ഓയില്‍ പെയ്ന്റിലുമെല്ലാമാണ് അന്‍സര്‍ തന്റെ ചിത്രങ്ങള്‍ക്ക് ജീവന് നല്‍കിയത്. തന്റെ ചുറ്റിലും കണ്ട മുഖങ്ങള്‍ക്കൊപ്പം മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിനെയും ഗാനഗന്ധര്വന് യേശുദാസിനെയുമെല്ലാം ജീവസോടെ അന്‍സര്‍ വരച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്കുപുറമെ അഞ്ചുശില്പ്പങ്ങളും പ്രദര്‍ശനത്തിനുണ്ട്. കളിമണ്ണിലും, പ്ലാസ്റ്റര്ഓഫ്പാരീസിലുമാണ് അന്‍സര്‍ ശില്പ്പങ്ങള് നിര്‍മിച്ചിരിക്കുന്നത്. 40 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. അന്‍സറിന്റെ ഒരുപാട് ഇടവേളകളുടെ ഫലമായി ജന്മം കൊണ്ടതാണ് ചിത്രങ്ങളും ശില്‍പ്പങ്ങളും.
കോഴിക്കോട് നടക്കാവിലെ കെ.എസ്.ആര്.ടി.സി വര്‍ക്ക് ഷോപ്പിലെ പെയ്ന്ററാണ് അന്‍സര്‍. സഹപ്രവര്‍ത്തകരുടെ അകമഴിഞ്ഞ പ്രേരണയിലാണ് വെറുതെ വരച്ച് വീട്ടില്‍ കൂട്ടിയിട്ട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതെന്ന് അന്‍സര്‍ പറയുന്നു. ചേവരമ്പലം സ്വദേശിയായ അന്‍സറിന് പൂര്‍ണപിന്തുണയുമായി ഭാര്യ സഫീനയും മകള്‍ ഷീസയും സദാ കൂടെയുണ്ട്. പ്രദര്‍ശനം ചിത്രകാരി കബിത മുഖോപാധ്യായ ഉദ്ഘാടനം ചെയ്തു. രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കുന്ന പ്രദര്‍ശനം 22 വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."