മയക്കുവെടി ഉന്നംതെറ്റി കൃഷ്ണമൃഗം ചത്ത സംഭവം: വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: മയക്കുവെടി ഉന്നംതെറ്റി മൃഗശാലയിലെ കൃഷ്ണ മൃഗം ചത്തസംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്.
മൃഗശാലാ ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് വിശദീകരണം നല്കാന് മൃഗശാലാ ഡോക്ടര്‍ക്ക് നോട്ടീസ് നല്‍കിയെന്നും ഡയറക്ടര്‍ സുപ്രഭാതത്തോടു പറഞ്ഞു. ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലായ ഡയറക്ടര്‍ തിരിച്ചെത്തിയാലുടന്‍ തുടര്‍നടപടി ഉണ്ടാകുമെന്നാണറിയുന്നത്. മൃഗശാലാ സൂപ്രണ്ടും അവധിയിലാണ്.ഡോക്ടര്‍ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ആ നിലക്കും ഡോക്ടര്‍ വിശദീകരണം നല്‍കേണ്ടി വരും.
കാലില്‍ ക്ഷതമേറ്റ മറ്റൊരു കൃഷ്ണമൃഗത്തെ ശസ്ത്രക്രിയക്കു വിധേയമാക്കുന്നതിനായി വെച്ച മയക്കുവെടിയാണ് ഉന്നംതെറ്റി മറ്റൊരു കൃഷ്ണമൃഗത്തിനേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.മയങ്ങുന്നതിനുള്ള മരുന്ന് അനുവദനീയമായതിലും അധികം അളവില്‍ ഉപയോഗിച്ചതാണ് മൃഗത്തിന്റെ ജീവനെടുത്തത്.
ഇത് സംബന്ധിച്ച് മൃഗശാലാ സൂപ്പര്‍വൈസര്‍ നല്കിയ റിപ്പോര്‍ട്ടില്‍ കൂടിനു പുറത്തേക്കു ചാടിയ കൃഷ്ണമൃഗത്തെ തിരികെ കയറ്റാന്‍ മയക്കുവെടിവെച്ചത് അപകടത്തിനിടയാക്കിയെന്നാണ് പറയുന്നത്. എന്നാല്‍, മരക്കൊമ്പ് ഒടിഞ്ഞു വീണ് ക്ഷതമേറ്റതാണ് മൃഗത്തിന്റെ ജീവനെടുത്തതെന്ന റിപ്പോര്‍ട്ടാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും സംഘവും നല്‍കിയിരിക്കുന്നത്. മൃഗശാലയില്‍ ചാകുന്ന മൃഗങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടത്തുന്നത് വെറ്റിനറി സംഘമാണ്. ഇവര്‍ ഡോക്ടര്‍ക്ക് അനുകൂലമായി മാത്രമേ റിപ്പോര്‍ട്ട് തയ്യാറാക്കൂവെന്ന് നേരത്തേ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.സ്ഥിരമായി ഈ സംഘത്തെ വെച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നതും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതും. അതിനിടെ, മുന്‍കരുതലുകള്‍ എടുക്കാതെ മയക്കുവെടി വെച്ചതിനെതിരേ പരാതി നല്‍കുമെന്ന് കീപ്പര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."