വിഷ്ണുമംഗലം ജലസംഭരണി പ്രദേശത്ത് മാലിന്യം നിറയുന്നു
നാദാപുരം: കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച ജലസംഭരണി പ്രദേശത്തു മാലിന്യം തള്ളുന്നതു വ്യാപകമാകുന്നു. ഇതുമൂലം, നീരൊഴുക്കു കുറഞ്ഞ വിഷ്ണുമംഗലം പുഴയില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്.
വിഷ്ണുമംഗലം പുഴയില്‍ സ്ഥാപിച്ച ബണ്ടില്‍ വെള്ളം തടഞ്ഞഴനിര്‍ത്തിയാണ് വടകരയിലേക്ക് ആവശ്യമായ കുടിവെള്ളം വിതരണം ചെയ്യുന്നത്. ദിവസവും ഇവിടെയുള്ള പമ്പ്ഹൗസില്‍നിന്ന് മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്യുന്ന വെള്ളം പുറമേരിയിലുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ എത്തിച്ചാണ് വടകരയിലേക്ക് വെള്ളം എത്തിക്കുന്നത്. ബണ്ടിനു താഴോട്ടുള്ള വെള്ളമൊഴുക്ക് നിലച്ചതോടെ മാലിന്യങ്ങള്‍ കലര്‍ന്ന വെള്ളമാണ് ഇവിടെനിന്ന് ഇപ്പോള്‍ പമ്പ് ചെയ്യുന്നത്.
ആവശ്യമായ ശുദ്ധീകരണം നടത്തിയാലേ മാലിന്യം കലര്‍ന്ന വെള്ളം ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ വെള്ളത്തില്‍ ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തുന്നതല്ലാതെ മറ്റു ശുദ്ധീകരണ പ്രവര്‍ത്തനമൊന്നും നടക്കാറില്ല. പുഴയില്‍ അനിയന്ത്രിതമായ തോതില്‍ മാലിന്യങ്ങള്‍ തള്ളുന്നതു വന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്. ഈ വെള്ളം ഉപയോഗിക്കുന്നവര്‍ക്കെല്ലാം ജലജന്യ രോഗങ്ങള്‍ പകരാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകരും പറയുന്നു.
പുഴയില്‍ മാലിന്യം തള്ളുന്നതു വര്‍ധിച്ചിട്ടുണ്ട്. ഇതിനു പുറമെ, പുഴയുടെ മറ്റു ഭാഗങ്ങളില്‍ വാഹനങ്ങളും മറ്റും കഴുകുന്നതുമൂലമുള്ള മലിനീകരണവും നടക്കുന്നുണ്ട്. പുഴയില്‍ മുന്‍പെങ്ങുമില്ലാത്ത വിധം ജലക്ഷാമവും അനുഭവപ്പെടുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."