ബിഷപ്പിന്റെ സന്ദര്‍ശനം; കായിക പ്രതിഭ വരകില്‍ നീനക്ക് വീട് നിര്‍മിക്കുന്നു
മേപ്പയ്യൂര്‍: അന്തര്‍സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ മേപ്പയ്യൂര്‍ വരകില്‍ നീനയ്ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയമാര്‍ തെയോഫിലോസ് പറഞ്ഞു. ഇന്നലെ നീനയുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. നീനയുടെയും കുടുംബത്തിന്റെയും ദുരവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണു സന്ദര്‍ശനം,
മൂന്നുമാസത്തിനുള്ളില്‍ 600 ചതുരശ്ര അടിവിസ്തീര്‍ണത്തില്‍ വീട് നിര്‍മിച്ചുനല്‍കുമെന്ന് നീനയുടെ അച്ഛനെ ബിഷപ്പ് അറിയിച്ചു. രണ്ടു ബെഡ്‌റൂമും ഡൈനിങ്ഹാളും അടുക്കളയുമടങ്ങുന്ന വീട് അമേരിക്കയിലെ ഐക്കണ്‍ ചാരിറ്റിയുടെ സഹായത്തോടെയാണു നിര്‍മിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നീനയുടെ അംഗവൈകല്യമുള്ള സഹോദരീപുത്രന്റെ ചികിത്സാ ചെലവും ബിഷപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ആകെയുള്ള ആറ് സെന്റ് സ്ഥലത്തെ ചിതലരിച്ച വീട് വാസയോഗ്യമല്ലാത്തതിനാല്‍ പൊളിച്ചുമാറ്റിയിരുന്നു. ഇപ്പോള്‍ മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ ഓലഷെഡിലാണു കുടുംബം താമസിക്കുന്നത്. നീനയ്ക്കു കിട്ടിയ മെഡലുകളെല്ലാം അയല്‍വീട്ടിലാണു സൂക്ഷിച്ചിരിക്കുന്നത്. കര്‍ഷക തൊഴിലാളിയായ അച്ഛന്‍ നാരായണനും അമ്മ പ്രസന്നയും വീട്ടിലെത്തിയ ബിഷപ്പിനെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."