യുവാവിന്റെ ദുരൂഹ മരണം; ദമ്പതികള്‍ പിടിയില്‍
ചേരമ്പാടി: യുവാവിന്റെ ദുരൂഹ മരണത്തില്‍ ദമ്പതികളെ പൊലിസ് അറസ്റ്റ് ചെയ്തു. ചേരമ്പാടി ചപ്പന്‍തോട് സ്വദേശി രവിയുടെ മരണവുമായി ബന്ധപ്പെട്ടാണ് അയല്‍വാസി മറുകൈ(48), ഭാര്യ തങ്കമലര്‍(44)എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ടാന്‍ടി വനമേഖലയില്‍ രവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതിനെ തുടര്‍ന്ന് ദേവാല ഡിവൈ.എസ്.പി ശക്തിവേലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയത്.
കൊലപാതകത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. 'മരണപ്പെട്ട രവിയുടെ ഭാര്യ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒന്നര വര്‍ഷം മുന്‍പ് കോത്തഗിരിയിലുള്ള സ്വന്തം വീട്ടിലേക്ക് മാറിയതാണ്. കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു. ഇതിനിടെ രവി മറുകൈയുടെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു. തങ്കമലറിനെ ഇയാള്‍ നിരന്തരം പീഡനത്തിന് വിധേയമാക്കിയതായും പൊലിസ് പറഞ്ഞു. സംഭവം നടന്ന ദിവസം പുലര്‍ച്ചെ മറുകൈയുടെ വീട്ടിലെത്തിയ രവി തങ്കമലറിനെ ഉപദ്രവിക്കുന്നത് മറുകൈ കാണാനിടയായി.
തുടര്‍ന്ന് ഇയാള്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് രവിയുടെ വയറ്റിന് കുത്തി. കുത്തേറ്റ രവി പ്രാണരക്ഷാര്‍ഥം വീടിന് വെളിയിലേക്ക് ഓടിയെങ്കിലും പിന്തുടര്‍ന്നെത്തിയ മറുകൈ മുളവടികൊണ്ട് ഇയാളെ അടിച്ചുവീഴ്ത്തി. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന തിളച്ച വെള്ളവും രവിയുടെ ദേഹത്തേക്കൊഴിച്ചു. ഇതോടെ രവിയുടെ ശ്വാസം നിലച്ചു. തുടര്‍ന്ന് മറുകൈയും ഭാര്യയും മൃതദേഹം സമീപത്തെ കാപ്പിത്തോട്ടത്തില്‍ മറച്ചുവച്ചു.
പിന്നീട് കുട്ടികളെ സ്‌കൂളിലയക്കുകയും ഇവര്‍ ജോലിക്ക് പോകുകയും ചെയ്തു. അന്ന് രാത്രി രവിയുടെ മൃതശരീരം വീട്ടിലുണ്ടായിരുന്ന മുളക്കോണിയില്‍ കെട്ടി ഇരുവരും ചേര്‍ന്ന് ടാന്‍ടി വനമേഖലയില്‍ കൊണ്ടിടുകയായിരുന്നു. പൊലിസിന്റെ ചോദ്യം ചെയ്യലില്‍ ഇവരുടെ മകളാണ് കൊലപാതകത്തെ കുറിച്ചുള്ള സൂചന നല്‍കിയത്. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസിനോട് ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു'. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്ത് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. ദേവാല ഡിവൈ.എസ്.പി ശക്തിവേലിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ പൊലിസ് സംഘമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."