നെല്‍കൃഷി വ്യാപനത്തിന് പദ്ധതികളേറെ; പാടങ്ങളിപ്പോഴും തരിശായി കിടക്കുന്നു
വെള്ളമുണ്ട: ജില്ലയില്‍ നെല്‍കൃഷി വ്യാപനത്തിന് പദ്ധതികളേറെ ആവിഷ്‌കരിച്ചെങ്കിലും ഏക്കറു കണക്കിന് പാടങ്ങളിപ്പോഴും തരിശായി കിടക്കുന്നു. ജില്ലയില്‍ നെല്‍കൃഷി തിരിച്ചെത്തിക്കുന്നതിനായി ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളും നിരവധി ആനുകൂല്യങ്ങളും കൃഷിഭവന്‍ വഴി സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടും കര്‍ഷകര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്.
ഏതാനും ചില പഞ്ചായത്തുകളിലൊഴികെ പുതിയ ആനുകൂല്യങ്ങളുടെ പ്രഖാപനത്തിലൂടെ നെല്‍കൃഷിയിലേക്കിറങ്ങാന്‍ ഭൂരിഭാഗം പഞ്ചായത്തുകളിലും കര്‍ഷകര്‍ തയാറായിട്ടില്ല.
വെള്ളമുണ്ട പഞ്ചായത്തില്‍ ഈ വര്‍ഷം നെല്‍കൃഷിക്കായി പദ്ധതിയിലുള്‍പ്പെടുത്തി എട്ട് ലക്ഷം രൂപയും കൂലിച്ചെലവ് സബ്‌സിഡിയായി പത്ത് ലക്ഷം രൂപയും എസ്.ടി വിഭാഗത്തിനായി ആറ് ലക്ഷത്തി മുപ്പതിനായിരം രൂപയും വകയിരുത്തിയിരുന്നു. ഇതിന് പുറമെ വര്‍ഷങ്ങളായി തരിശിട്ടിരിക്കുന്ന പാടങ്ങളില്‍ കൃഷിയിറക്കുന്നതിനായി പത്ത് പേരില്‍ കുറയാത്ത കര്‍ഷകരെ ഉള്‍പ്പെടുത്തി ഗ്രൂപ്പുകള്‍ രൂപീകരിച്ച് കൃഷിയിറക്കിയാല്‍ ഏക്കറിന് 40 തൊഴിലുറപ്പ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ മുന്‍ വര്‍ഷങ്ങളെ പോലെ തന്നെ പഞ്ചായത്തില്‍ ഹെക്ടര്‍ കണക്കിന് നെല്‍ വയലുകള്‍ ഇപ്പോഴും തരിശായിക്കിടക്കുകയാണ്. കൊമ്മയാട്, കരിങ്ങാരി, പാലയാണ പാടശേഖരങ്ങളിലെല്ലാം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നെല്‍വയലുകള്‍ തരിശിട്ടിരിക്കുന്നത് വര്‍ധിച്ചതായി പാലയാണ പൗരസമിതി ആരോപിക്കുന്നു.
ഏക്കറിന് 25,000 രൂപയെങ്കിലും സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ മാത്രമെ നെല്‍കൃഷി ചെയ്യുന്ന കര്‍ഷകന് ലാഭകരമാവുകയുള്ളൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ജില്ലയിലെ വയലുകളില്‍ കൃഷി ചെയ്ത നേന്ത്രവാഴക്ക് ഉയര്‍ന്നലാഭം കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു.
നെല്‍കൃഷിയിലൂടെ ഇത്രയും ലാഭം ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും രോഗങ്ങളോ കാലാവസ്ഥാ വ്യതിയാനമോ ഇല്ലാതെ കൃഷിചെയ്യേണ്ടി വരുമെന്നാണ് കര്‍ഷകരുടെ നിലപാട്. പടിഞ്ഞാറെത്തറ, പനമരം തുടങ്ങിയ ഏതാനും പഞ്ചായത്തുകളില്‍ വിവിധ സംഘങ്ങള്‍ വഴി കൂട്ടുകൃഷി വ്യാപിപ്പിക്കാന്‍ കഴിഞ്ഞതൊഴിച്ചാല്‍ പാരമ്പര്യ കര്‍ഷകര്‍ ഒഴികെ പുതുതായി ആരെയും കൃഷിയിടങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കഴിഞ്ഞിട്ടില്ല. തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികളെ പാടങ്ങളിലുപയോഗപ്പെടുത്താന്‍ ഇപ്പോഴും നിയമങ്ങളനുവദിക്കുന്നുമില്ല. മുന്‍കാലങ്ങളില്‍ നെല്‍വയലുകളില്‍ വ്യാപകമായി വെച്ചുപിടിപ്പിച്ച കവുങ്ങുകള്‍ രോഗം പിടിപെട്ട് നാശത്തിലെത്തിയ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കര്‍ഷകരെ നെല്‍കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. ജില്ലയിലെ നെല്‍ വയലുകളും കൃഷിയും നിലനിര്‍ത്തേണ്ടത് കുടിവെള്ള പ്രശ്‌നത്തിനുള്‍പ്പെടെ അനിവാര്യമാണെന്നിരിക്കെ സര്‍ക്കാര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."