ധനരാജ് വധം: കുറ്റപത്രം സമര്‍പ്പിച്ചു
പയ്യന്നൂര്‍: സി.പി.എം പ്രവര്‍ത്തകന്‍ കുന്നരു കാരന്താട്ടെ സി.വി ധനരാജിനെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം പയ്യന്നൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസന്വേഷണ ചുമതലയുള്ള സി.ഐ എം.പി ആസാദാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികളുടെ അറസ്റ്റുനടന്ന് 90 ദിവസം തികയുന്നതിനിടെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കാതെവന്നാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുമെന്നതിനാലാണ് അന്വേഷണസംഘം ത്വരിതഗതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ ഇതുവരെ ഒന്‍പതുപേരെ അന്വേഷണസംഘം അറസ്റ്റുചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ കക്കംപാറ, മൊട്ടക്കുന്ന്, ചിറ്റടി പ്രദേശത്തെ നാലുപേരെയും പിന്നീടു മുഖ്യപ്രതികള്‍ ഉള്‍പ്പെടെ അഞ്ചുപേരെയുമാണ് അന്വേഷണസംഘം പിടികൂടിയത്. ഇവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ജൂലൈ 11ന് രാത്രിയാണു സി.പി.എം പ്രവര്‍ത്തകനായ ധനരാജിനെ കുന്നരു കാരന്താട്ടെ വീട്ടുമുറ്റത്തുവച്ച് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു ധനരാജിന്റെ മരണം. കേസില്‍ ഗൂഢാലോചന നടത്തിയതിന് നാലു സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരേ പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരേയുള്ള അന്വേഷണം നടക്കുകയാണ്.
മൊട്ടക്കുന്നിലെ ടി.പി ബിജുവിനെ ഒന്നാംപ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എം. വിപിന്‍, എം. വൈശാഖ്, സി. സുകേഷ്, കെ.വി പ്രജിത്ത്‌ലാല്‍, കെ. അനൂപ്, കെ. മനൂപ്, കെ.വി നിജേഷ്, എന്‍. ലിജിന്‍ എന്നിവരാണു മറ്റു പ്രതികള്‍. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവര്‍ക്കെതിരേയാണ് ആദ്യഘട്ടത്തില്‍ കുറ്റപത്രം നല്‍കിയത്. ഇവര്‍ക്ക് സഹായം നല്‍കിയവര്‍ക്കെതിരേയും കുറ്റപത്രം നല്‍കും.
ധനരാജിന്റെ കൊലപാതകത്തെ തുടര്‍ന്ന് അന്നൂരിലെ ബി.എം.എസ് പ്രവര്‍ത്തകനും ടൗണിലെ ഓട്ടോഡ്രൈവറുമായ സി.കെ രാമചന്ദ്രനെ ഒരുസംഘം വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങളുടെ വീടുകളും വാഹനങ്ങളും സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവ നശിപ്പിക്കപ്പെട്ടിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മുപ്പതോളം കേസുകള്‍ പയ്യന്നൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."