കരിന്തളത്തെ ഖനനം: രാഷ്ട്രീയ നേതൃത്വങ്ങളുടെ മൗനം ചര്‍ച്ചയാകുന്നു
നീലേശ്വരം: കിനാനൂര്‍ കരിന്തളത്ത് മുംബൈ ആസ്ഥാനമായുള്ള 'ആശാപുര' ഖനന കമ്പനിയ്ക്കു ഭൂമി അനുവദിച്ചതുമായുള്ള വിവാദങ്ങള്‍ കൊഴുക്കുമ്പോഴും വിവിധ രാഷ്ട്രീയപാര്‍ട്ടി പാര്‍ട്ടികളുടെ ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ മൗനത്തില്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളും സര്‍വകക്ഷി ജനകീയ സമിതി നേതാക്കളും വാര്‍ത്താസമ്മേളനം നടത്തി ആശാപുരയുടേത് വ്യാജ പ്രചരണമാണെന്നു സമര്‍ഥിക്കാന്‍ ശ്രമിച്ചെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ഘടകങ്ങള്‍ പ്രതികരണവുമായി ഇതുവരെ രംഗത്തെത്തിയിട്ടില്ല.
അതേസമയം, കരിന്തളത്ത് ആശാപുരയ്ക്കു ഭൂമി നല്‍കിയില്ലെന്നു പറയുന്നവര്‍ 2007 ല്‍ അന്നത്തെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ ഇവിടെയുള്ള 400 ഏക്കര്‍ ആശാപുരയ്ക്കു നല്‍കുന്നതിനു എതിര്‍പ്പില്ലെന്നു കാണിച്ചു കേന്ദ്ര ഖനന മന്ത്രാലയത്തിനയച്ച കത്തിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഈ പ്രദേശത്തു ഖനനം നടത്തുന്നതിനായി കമ്പനി നല്‍കിയ അപേക്ഷയും അനുബന്ധ രേഖകളും മൈനിങ് ആന്‍ഡ് ജിയോളജി ഡയരക്ടര്‍ പരിശോധിച്ചതാണെന്നും രേഖകള്‍ നിയമാനുസൃതമാണെന്നും അന്നത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് അയച്ച കത്തില്‍ പറയുന്നുണ്ട്.
കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനനത്തിനായി ആശാപുരയ്ക്കനുകൂലമായ ഒരു കത്ത് 2006 ലെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണു കേന്ദ്രത്തിനയക്കുന്നത്. ഇവിടെ സര്‍വേനമ്പര്‍ 198 ല്‍ 200 ഏക്കര്‍ റവന്യൂ ഭൂമി ലഭ്യമാണെന്നും അത് ആശാപുരയ്ക്കു ലീസിനു നല്‍കാന്‍ നിര്‍ദേശിച്ചു കൊണ്ട് അന്നത്തെ അഡിഷണല്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായിയാണു കത്തയച്ചത്. ഇതാണ് ഈ വിഷയത്തില്‍ പരസ്യ പ്രതികരണത്തില്‍ നിന്ന് യു.ഡി.എഫിനെ പിന്തിരിപ്പിക്കുന്നത്.
അതേസമയം, ബി.ജെ.പി സര്‍ക്കാരിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നു ഇതിനകംതന്നെ കമ്പനി അധികൃതര്‍ വ്യക്തമാക്കിയതു ബി.ജെ.പിയേയും പ്രതിക്കൂട്ടിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."