അഞ്ചു വര്‍ഷത്തിനകം 10 ലക്ഷം വാട്ടര്‍ കണക്ഷനുകള്‍ നല്‍കും
തിരുവനന്തപുരം: അടുത്ത അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്ത് 10 ലക്ഷം പുതിയ വാട്ടര്‍ കണക്ഷനുകള്‍ നല്‍കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ്. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
എല്ലാ പഞ്ചായത്തുകളിലും ജലശുദ്ധീകരണ സംവിധാനമുണ്ടാക്കുന്ന പദ്ധതിക്ക് 5,000 കോടി രൂപ ലഭ്യമാക്കും. കിഫ്ബിയും നബാര്‍ഡും വഴിയായിരിക്കും തുക ലഭ്യമാക്കുക. സംസ്ഥാനത്തെ ജലശുദ്ധീകരണ ശാലകളെല്ലാം പുനരുദ്ധരിക്കും. ഇടയ്ക്കിടെ പൊട്ടുന്ന പഴയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന പദ്ധതിക്ക് കിഫ്ബി 520 കോടി വകയിരുത്തിയിട്ടുണ്ട്.
നിര്‍മാണം അവസാനഘട്ടത്തിലെത്തിയ ജലവിതരണ പദ്ധതികള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കും. വിതരണംചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും.
അടുത്ത ഏപ്രില്‍ മാസത്തോടെ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം മികച്ച ഗുണനിലവാരത്തോടെ മിതമായ വിലയ്ക്ക് വിപണിയിലെത്തിക്കും. കുളങ്ങളുടെ നവീകരണം ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സ്വകാര്യ വ്യക്തികളുടെയും ക്ഷേത്രങ്ങളുടെയും ഉടമസ്ഥതയിലുള്ള കുളങ്ങളെല്ലാം ശുദ്ധീകരിക്കും. ആദ്യഘട്ടത്തില്‍ 9,435 കുളങ്ങളായിരിക്കും നവീകരിക്കുക.
ഇതിന് 60 കോടി രൂപയാണ് മതിപ്പു ചെലവ്. ഈ പദ്ധതി കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അന്തര്‍സംസ്ഥാന ജല കരാറുകള്‍ പുതുക്കുന്നതിന് ശ്രമം നടത്തും.
ഉഭയകക്ഷി സമ്മതപ്രകാരം ചെയ്യേണ്ട കാര്യമാണിത്. ഇതിനായി മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."