സി.പി.എം നിലപാട് ശരീഅത്ത് നിന്ദയെന്ന് എസ്.വൈ.എസ്
കോഴിക്കോട്: വ്യക്തിനിയമം കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന സി.പി.എം പൊളിറ്റ് ബ്യൂറോ നിലപാട് മതനിന്ദയാണെന്ന് എസ്.വൈ.എസ് സെക്രട്ടറിമാരായ ഉമര്‍ ഫൈസി മുക്കം, ഹാജി കെ.മമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ. റഹ്മാന്‍ ഫൈസി എന്നിവര്‍ പ്രസ്താവിച്ചു.
ലോകത്തെ മുഴുവന്‍ മുസ്‌ലിംകളും നിരാക്ഷേപം പിന്തുടര്‍ന്നുവരുന്ന ശരീഅത്ത് നിയമങ്ങള്‍ ലോകാവസാനം വരെ യാതൊരു മാറ്റവുമില്ലാതെ നിലനില്‍ക്കേണ്ടതാണ്. ശരീഅത്ത് നിയമം മനുഷ്യനിര്‍മിതി അല്ലാത്തതിനാല്‍ അവയില്‍ കൂട്ടിച്ചേര്‍ക്കാനോ ഒഴിവാക്കാനോ മനുഷ്യര്‍ക്ക് അനുവാദം ഇല്ല.
ശരീഅത്ത് സംബന്ധിച്ച് അഭിപ്രായം പറയാന്‍ രാഷ്ട്രീയ സംഘടനകള്‍ക്കോ ഭരണകൂടങ്ങള്‍ക്കോ യാതൊരു അവകാശവുമില്ലെന്ന് പറഞ്ഞ നേതാക്കള്‍ മുത്വലാഖ് മനുഷ്യത്വ രഹിതമാണന്നും മുസ്‌ലിം സംഘടനകള്‍ അഭിപ്രായ ഐക്യത്തില്‍ എത്തണമെന്നുമുള്ള മന്ത്രി കെ.ടി ജലീലിന്റെ അഭിപ്രായം അനുചിതമാണെന്നും അഭിപ്രായപ്പെട്ടു. വിവാഹം പോലെ വിവാഹമോചനവും മനുഷ്യാവകാശങ്ങളില്‍പെട്ടതാണ്. ഒത്തുപോകാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുമ്പോള്‍ സംഭവിക്കുന്നതാണ് വിവാഹമോചനം.
പുരുഷന് സ്ത്രീകളില്‍ നിന്നും സ്ത്രീക്ക് പുരുഷനില്‍നിന്നും ഇരുകക്ഷികള്‍ക്കും ഒന്നിച്ചും വിവാഹമോചനം നേടാനുള്ള അവകാശം ശരീഅത്ത് അനുവദിച്ചിട്ടുണ്ട്. മൂന്ന് ത്വലാഖിനുള്ള അവസരമാണ് പുരുഷന് ഇസ്‌ലാം അനുവദിച്ചത്. മൂന്ന് ത്വലാഖ് മൂന്ന് ഘട്ടങ്ങളില്‍ ചൊല്ലുന്നത് പോലെ ഒന്നിച്ച് ചൊല്ലുന്നതും സാധുവാണെന്നത് ലോകത്തിലെ നിലവിലുള്ള നാല് കര്‍മശാസ്ത്ര സരണികളും ഏകകണ്ഠമായി അംഗീകരിച്ചതാണ്.
ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ മുതിരുന്നതിനു മുന്‍പ് ശരീഅത്ത് നിയമങ്ങള്‍ അവധാനതാപൂര്‍വം പഠിക്കുകയാണ് വേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."