കണ്ണൂര്‍ അക്രമം: ആഭ്യന്തരവകുപ്പിന് സി.പി.ഐ വിമര്‍ശനം
ആലപ്പുഴ: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. അക്രമങ്ങളെ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം അവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ആഭ്യന്തര വകുപ്പിനുള്ളത്.
സംഘ്പരിവാരത്തിന്റെ വളര്‍ച്ചയെ തടഞ്ഞുനിര്‍ത്തുന്നതിന് പകരം അവര്‍ക്ക് വളരാനുള്ള അവസരമാണ് അക്രമങ്ങളില്‍ പങ്കാളികളാകുന്നതിലൂടെ സി.പി.എം സൃഷ്ടിക്കുന്നത്. കൊലപാതകങ്ങള്‍ തുടര്‍ച്ചയായി നടന്നിട്ടും സര്‍വകക്ഷി യോഗങ്ങള്‍ വിളിക്കാന്‍പോലും സര്‍ക്കാരിന് കഴിയാഞ്ഞത് ജനങ്ങള്‍ക്ക് ഇടയില്‍ പ്രതിഷേധം ഉയര്‍ത്തി. കൊലപാതകം എന്നതിനെ മുഖ്യകാര്യപരിപാടിയില്‍ നിന്നും ഒഴിവാക്കാന്‍ സി.പി.എം തയാറാവണമെന്നും കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാര്‍ അടിയന്തരമായി മുന്‍കൈയെടുത്ത് കണ്ണൂരില്‍ സമാധാനം ഉറപ്പുവരുത്തണമെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. കണ്ണൂരില്‍ അശാന്തി പടര്‍ന്നു പിടിക്കാതിരിക്കാനും സമാധാനം ഉറപ്പുവരുത്താനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. കണ്ണൂരില്‍ ഇനിയൊരു കൊലപാതകവും ഉണ്ടാവാന്‍ പാടില്ല. ഒരു കുടുബവും കണ്ണീരില്‍ മുങ്ങരുതെന്നാണ് കേരളജനത ആഗ്രഹിക്കുന്നത്. അത് യാഥാര്‍ഥ്യമാക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
കെ.പി രാജേന്ദ്രന്‍ അധ്യക്ഷനായി. ദേശിയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.ഇ ഇസ്മായില്‍, ബിനോയ് വിശ്വം, സത്യന്‍ മൊകേരി, കെ.പ്രകാശ്ബാബു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."