കേരളാ കോണ്‍ഗ്രസിന്റെ ചുക്കാന്‍ ജോസ് കെ മാണിയിലേക്ക്
കോട്ടയം: വൈസ് ചെയര്‍മാന്‍ പദവിയിലേക്കെത്തിയതോടെ കേരളാ കോണ്‍ഗ്രസ് (എം)ലെ അധികാരം ജോസ് കെ മാണിയിലേക്ക് കേന്ദ്രീകരിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതാധികാര സമിതി യോഗമാണ് ജനറല്‍ സെക്രട്ടറിയായിരുന്ന ജോസ് കെ മാണിയെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുത്തത്. കേരളാ കോണ്‍ഗ്രസ് (എം)-കേരളാ കോണ്‍ഗ്രസ് സെകുലര്‍ ലയനത്തെ തുടര്‍ന്ന് പി.സി ജോര്‍ജായിരുന്നു വൈസ് ചെയര്‍മാന്‍.
ജോര്‍ജ് പാര്‍ട്ടി വിട്ടതോടെ ഇപ്പോള്‍ ജോസ് കെ മാണി പദവിയിലേക്ക് എത്തപ്പെടുകയായിരുന്നു. ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ മകനെ ചെയര്‍മാന്‍ എന്ന പാര്‍ട്ടിയിലെ സര്‍വാധികാരത്തിലേക്ക് കെ.എം മാണി അവരോധിക്കുമെന്ന് സൂചനയുണ്ട്. ഈ നീക്കത്തിന്റെ ആദ്യപടിയായാണ് വൈസ് ചെയര്‍മാന്‍ പദവിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജോസ് കെ മാണി ചെയര്‍മാനാകുന്നതോടെ കെ.എം മാണി പാര്‍ട്ടി ലീഡര്‍ എന്ന പദവിയിലേക്ക് മാറും. ഇതോടെ വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫും ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസും രണ്ടാം നിരയിലേക്ക് പിന്തളളപ്പെടും.
പദവികളുടെ അധികാരപരിധി മാറിമറിയുന്നതിനോട് ഈ നേതാക്കള്‍ എങ്ങനെ പ്രതികരിക്കുമെന്നതും നിര്‍ണായകമാണ്.
പാര്‍ട്ടിയില്‍ ജോസ് കെ മാണി പിടിമുറുക്കുന്നതില്‍ പി.ജെ ജോസഫ് വിഭാഗത്തിനും മാണി വിഭാഗത്തിലെ തന്നെ ചിലര്‍ക്കും വിയോജിപ്പുണ്ടായിരുന്നു. പാര്‍ട്ടിയുടെ സമരപരിപാടികളും യു.ഡി.എഫ് വിടുന്നതുള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങളില്‍ ജോസ് കെ മാണി ഏകാധിപത്യപരമായ നിലപാട് സ്വീകരിക്കുന്നുവെന്നും പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും ഈ വിഭാഗത്തിന് പരാതിയുണ്ട്. പി.സി ജോര്‍ജും പിന്നീട് ഫ്രാന്‍സിസ് ജോര്‍ജും പാര്‍ട്ടിവിടുന്ന അവസരങ്ങളില്‍ വിയോജിപ്പുള്ളവര്‍ അവരോടൊപ്പം പോകാനൊരുങ്ങിയിരുന്നെങ്കിലും ചില ഇടപെടലുകളെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ തങ്ങളുടെ വിയോജിപ്പ് പാര്‍ട്ടി ഫോറങ്ങളില്‍ പ്രകടിപ്പിക്കാനാവാത്ത വിധം ഏകാധിപത്യ പ്രവണത പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നുവെന്ന പരാതിയാണ് ഈ വിഭാഗത്തിനുള്ളത്. പഴയ ജോസഫ് വിഭാഗത്തിന് ജോസ് കെ മാണിയുടെ നിലപാടിനോട് എതിര്‍പ്പുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തുറന്നസമീപനം സ്വീകരിക്കാനാവുന്നില്ല. പ്രതികരിക്കാനാവാത്ത ജോസഫ് വിഭാഗത്തിന്റെ ദൗര്‍ബല്യം കൂടിയായപ്പോള്‍ പാര്‍ട്ടിക്ക് മേല്‍ ജോസ് കെ മാണിയുടെ സ്വാധീനം കൂടുതല്‍ ശക്തമാകുകയാണ്.
എന്‍.ഡി.എയോടുള്ള കേരളാ കോണ്‍ഗ്രസ് (എം)ന്റെ നിലപാട് 2017ല്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പോടെ വ്യക്തമാകും. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി നില്‍ക്കുന്ന പാര്‍ട്ടി എന്‍.ഡി.എക്ക് പിന്തുണ നല്‍കിയാല്‍ ജോസഫ്
വിഭാഗമുള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിടാനിടയുണ്ട്. എല്‍.ഡി.എഫിന് അനുകൂലമാകുമെങ്കില്‍ ജോസഫ് വിഭാഗം ജനാധിപത്യ കേരളാ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് യു.ഡി.എഫിലേക്ക് പോകാനും സാധ്യത തെളിയും. ഏതായാലും അടുത്തവര്‍ഷം നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് കേരളാ കോണ്‍ഗ്രസ് (എം)ന്റെ ഭാവി നിര്‍ണയിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."