റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ വാക്കൗട്ട്
തിരുവനന്തപുരം: റബര്‍ വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ നടപടികളെടുക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ശൂന്യവേളയില്‍ കെ.എം മാണിയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങളും മാണിക്കൊപ്പം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
മുന്‍ യു.പി.എ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ നയങ്ങളാണ് റബര്‍ വിലയിടിവിന് തുടക്കമിട്ടതെന്ന് മാണി ആരോപിച്ചു. രണ്ട്‌വര്‍ഷം മുന്‍പ് 240 രൂപ വിലയുണ്ടായിരുന്ന റബറിന് ഇന്ന് 113 രൂപയായി കുറഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ മൂലമാണ്. നാളികേരകര്‍ഷകരും നെല്‍കര്‍ഷകരും വിലത്തകര്‍ച്ച മൂലം പ്രതിസന്ധി നേരിടുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വിലസ്ഥിരതാഫണ്ട് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം നിലച്ചിരിക്കുകയാണെന്നും മാണി ആരോപിച്ചു.
റബര്‍ വിലയിടിവിന് കാരണം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. റബറിന് വില കുറഞ്ഞാലും ടയറിന് വില കുറയുന്നില്ല. വ്യവസായികളുടെ താല്‍പര്യമാണ് കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുന്നത്. വിലസ്ഥിരതാഫണ്ട് വഴി യു.ഡി.എഫ് സര്‍ക്കാര്‍ 50 കോടി കൊടുത്തസ്ഥാനത്ത് ഇന്നത്തെ സര്‍ക്കാര്‍ 254 കോടി രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. റബര്‍കര്‍ഷകരുടെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിഷേധാത്മക സമീപനമാണ് കേന്ദ്രത്തിന്റേത്. റബര്‍ ബോര്‍ഡ് ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇറക്കുമതിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."