ഗുജറാത്ത് വംശഹത്യ: അറസ്റ്റിലായ പ്രതിയെ ബ്രിട്ടന്‍ നാടുകടത്തി
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കൂട്ടക്കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകന്‍ സമിര്‍ഭായി വിനുഭായ് പട്ടേലിനെ ബ്രിട്ടന്‍ നാടുകടത്തി. ഓഗസ്റ്റില്‍ അറസ്റ്റിലായ പട്ടേലിനെ ഇന്നലെയാണ് നാടുകടത്തിയതെന്ന് സ്‌കോട്ട്‌ലന്‍ഡ്‌യാര്‍ഡ് പൊലിസ് പ്രസ്താവനയില്‍ പറഞ്ഞു. പ്രതികളെ കൈമാറുന്നതു സംബന്ധിച്ച് ഇന്ത്യയും ബ്രിട്ടനും 1992ല്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് നടപടി. കരാര്‍ നിലവില്‍ വന്ന ശേഷം ആദ്യം നാടുകടത്തപ്പെടുന്നയാളാണ് സമിര്‍ പട്ടേല്‍. വംശഹത്യയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന വിചാരണയ്ക്കു പട്ടേലിനെ വിട്ടുകിട്ടണമെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും കേന്ദ്രസര്‍ക്കാരും ആവശ്യപ്പെട്ടതു പ്രകാരമാണ് 40 കാരനായ ഇയാളെ അറസ്റ്റ്‌ചെയ്തത്. മനപ്പൂര്‍വം കൊലപാതകം നടത്തല്‍, നിയമവിരുദ്ധമായി സംഘംചേരല്‍, കലാപം തുടങ്ങിയ ഐ.പി.സി നിയമത്തിലെ ഗുരുതരമായ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
2002 മാര്‍ച്ച് ഒന്നിന് ഒന്‍പതു സ്ത്രീകളും കുട്ടികളും അഞ്ചു പുരുഷന്മാരും ഉള്‍പ്പെടുന്ന മുസ്‌ലിം കുടുംബങ്ങളെ ജീവനോടെ ചുട്ടുകൊന്നുവെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം. കേസില്‍ അറസ്റ്റിലായ സമിറിന് വിചാരപൂര്‍ത്തിയാവും മുന്‍പേ ജാമ്യം ലഭിച്ചതോടെ ഇയാള്‍ വിദേശത്തേക്കു കടക്കുകയായിരുന്നു. കേസില്‍ 2012 ഏപ്രില്‍ ഒന്‍പതിന് 23 പേരെ കുറ്റക്കാരായി സ്‌പെഷല്‍ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ സമിര്‍ പട്ടേലിന്റെ വിചാരണ പൂര്‍ത്തിയായിരുന്നില്ല. കേസില്‍ ഇയാളുടെ കൂട്ടുപ്രതികളായ രാകേഷ് പട്ടേല്‍, നാഥു പട്ടേല്‍ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് മൂന്നുപേരും രാജ്യംവിട്ടത്. ഇതേതുടര്‍ന്ന് മൂന്നുപേര്‍ക്കുമെതിരേ ഇന്ത്യന്‍ ഏജന്‍സികള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
പടിഞ്ഞാറന്‍ ലണ്ടനിലെ ഹോണ്‍സ്ലോവില്‍ താമസിച്ചുവരുന്നതിനിടെ ആഗസ്ത് ഒന്‍പതിനാണ് സമിര്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ വലയിലാവുന്നത്. പിന്നീട് ആഗസ്ത് 10ന് ഇയാളെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്കു മുമ്പാകെ ഹാജരാക്കുകയും ചെയ്തു. ശേഷം കഴിഞ്ഞമാസം 22ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആംബര്‍ റുഡ്ഡ് നാടുകടത്തല്‍ സംബന്ധിച്ച ഉത്തരവില്‍ ഇന്ത്യന്‍ അധികൃതരുമായി ഒപ്പുവച്ചു. ഇതിനുപിന്നാലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."