പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട്ടിലെത്തി സി.പി.എം നേതാക്കള്‍; സന്ദര്‍ശനം ബന്ധമില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ
കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിലെത്തി സി.പി.എം നേതാക്കള്‍. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം സുധീര്‍കുമാറും പൊയിലൂര്‍ എല്‍.സി അംഗം എ അശോകനുമാണ് എത്തിയത്. ബോംബ് ഉണ്ടാക്കിയ കേസിലെ പ്രതികളുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിക്കന്നതിനിടെയാണ് സി.പി.എം നേതാക്കള്‍ ഷെറിന്റെ വീട്ടിലെത്തിയത്. ഷെറിലിന്‍റെ സംസ്കാരച്ചടങ്ങില്‍ കെപി മോഹനൻ എംഎല്‍എയും പങ്കെടുത്തു.
എന്നാല്‍ പാനൂര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്നും പാര്‍ട്ടി നേതാക്കളാരും ആരുടെയും വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സി.പി.എം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുണ്ടായ സംഭവം സി.പി.എമ്മിന് രാഷ്ട്രീയമായി കനത്ത തിരിച്ചടിയായി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അക്രമരാഷ്ട്രീയം പ്രധാന ചര്‍ച്ചയാക്കാന്‍ ഇതിലൂടെ യു.ഡി.എഫിന് കഴിഞ്ഞു. ബി.ജെ.പിയും അവസരം മുതലെടുത്ത് രംഗത്തുവന്നു.
സംഭവത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിശദീകരിക്കുന്നത്. എന്നാല്‍ സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ഉള്‍പ്പെടെ പുറത്തുവരുന്ന വിവരങ്ങളെല്ലാം പാര്‍ട്ടി ബന്ധം വ്യക്തമാക്കുന്നതാണ്. സ്‌ഫോടനത്തില്‍ മരിച്ച കാട്ടീന്റവിട ഷെറിന്‍ വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ പ്രചരിക്കുന്നതും സി.പി.എമ്മിന് തലവേദനയാവുകയാണ്. സംഭവമുണ്ടായതിന് തൊട്ടുപിന്നാലെ സി.പി.എമ്മിനെതിരേ ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസിന്റെ കണ്ണൂര്‍ ജില്ലാ നേതാക്കള്‍ സംഭസ്ഥലത്തെത്തി. സി.പി.എമ്മിന്റെ പങ്ക് ആരോപിച്ച് കെ. സുധാകരനും മാധ്യമങ്ങളെ കണ്ടു. ഇതോടെ സി.പി.എം പ്രതിക്കൂട്ടിലായി. വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പര്യടനത്തിന്റെ തലേദിവസമാണ് നിര്‍മാണത്തിനിടെ ബോംബ് പൊട്ടിയതെന്നത് കോണ്‍ഗ്രസിന്റെ ആരോപണങ്ങളുടെ മൂര്‍ച്ച കൂട്ടി. ബോംബിനെ സി.പി.എം തെരഞ്ഞെടുപ്പ് ഉപകരണമാക്കുകയാണെന്നായിരുന്നു ഷാഫി പറമ്പിലിന്റെ ആരോപണം. സമയം കളയാതെ ഇന്നലെ രാവിലെ പാനൂരിലെത്തി സമാധാന സന്ദേശയാത്ര സംഘടിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനും ഷാഫിക്ക് കഴിഞ്ഞു. ആര്‍.എസ്.എസും സി.പി.എമ്മും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അവര്‍ തന്നെ പറയുന്ന സാഹചര്യത്തില്‍ ബോംബ് ഉണ്ടാക്കിയത് കോണ്‍ഗ്രസുകാരെ കൊല്ലാന്‍ വേണ്ടിയായിരുന്നോ എന്ന് വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം.
സി.എ.എ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ നയവൈകല്യങ്ങളില്‍ ഊന്നിയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.എം നേതാക്കളുടെ പ്രസംഗങ്ങള്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് നടത്തിയ ആരോപണങ്ങള്‍ യു.ഡി.എഫിനെ വലച്ചിരുന്നു.
എന്നാല്‍ പാനൂര്‍ സംഭവത്തോടെ പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ സി.പി.എം നേതാക്കള്‍ ബുദ്ധിമുട്ടുകയാണ്. പാര്‍ട്ടിയുമായി അകന്ന ക്രിമിനല്‍ സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്നും തെറ്റായ മാര്‍ഗത്തിലൂടെ പോകാന്‍ തുടങ്ങിയതോടെ ഇവരെ ഒഴിവാക്കിയിരുന്നുവെന്നുമാണ് സി.പി.എം ആദ്യദിവസം വിശദീകരിച്ചത്. സി.പി.എം എത്ര നിഷേധിച്ചാലും ഇവരുടെ പാര്‍ട്ടി ബന്ധത്തില്‍ നാട്ടുകാര്‍ക്ക് സംശയമില്ല. മരിച്ച ഷെറിനും പരുക്കേറ്റവരും ഇന്നലെ അറസ്റ്റിലായവരും സജീവ സി.പി.എം പ്രവര്‍ത്തകരാണെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറയുമ്പോഴും ഷെറിന്റെ മരണാനന്തര നടപടികളും പരുക്കേറ്റവരുടെ ചികിത്സാ കാര്യങ്ങളും പ്രാദേശിക സി.പി.എം നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് നടന്നത്. ടി.പി വധക്കേസിലെ ഹൈക്കോടതി വിധിയെ തുടര്‍ന്ന് അക്രമരാഷ്ട്രീയം ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും ശ്രമിച്ചിരുന്നു. സി.എ.എ വിജ്ഞാപനത്തോടെ ചര്‍ച്ച ഇതിലേക്ക് കേന്ദ്രീകരിച്ചു. വീണ്ടും അക്രമരാഷ്ട്രീയം ചര്‍ച്ചയിലേക്ക് വന്നതോടെ കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ രാഷ്ട്രീയമായി ഇത് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. പാനൂര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിലൂടെ ആര്‍.എം.പി.ഐയും കെ.കെ രമയും ഒരുപടി കൂടി കടന്നിരിക്കുകയാണ്. ഏറെക്കാലം കണ്ണൂര്‍ ജില്ലയെ കലുഷിതമാക്കിയ ബോംബ് രാഷ്ട്രീയത്തിന് കുറച്ചുകാലമായി നേരിയ ശമനമുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്തായി വീണ്ടും ബോംബ് സ്‌ഫോടനങ്ങള്‍ വര്‍ധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."