ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഇലക്ട്രീഷ്യന് 20 വര്‍ഷം തടവുശിക്ഷ
മുംബൈ: മൂന്ന് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇലക്ട്രീഷ്യന് 20 വര്‍ഷം തടവുശിക്ഷ വിധിച്ച് പ്രത്യേക പോക്സോ കോടതി. ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയിട്ടായിരുന്നു പീഡനം. 2019ലാണ് സംഭവം. 35കാരനാണ് കോടതി ശിക്ഷ വിധിച്ചത്. അമ്മയോടൊപ്പം അമ്മായിയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. പ്രതിയായ ഇലക്ട്രീഷ്യന് ഈ വീടിന്റെ താഴത്തെ നിലയില്‍ താമസിച്ചിരുന്ന ആളായിരുന്നു.
നാലര വയസ്സുകാരന് കസിനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയ ഐസ്ക്രീം തരാമെന്ന് പറഞ്ഞ് പ്രതി മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. തനിക്ക് ഐസ്ക്രീം കിട്ടിയില്ലെന്ന് ആണ്‍കുട്ടി വീട്ടില്‍ വന്ന് പരാതി പറഞ്ഞിരുന്നു. വീട്ടുകാര്‍ അത് ആദ്യം കാര്യമാക്കിയില്ല. അവള് വരുമ്പോള്‍ അവനുള്ള ഐസ്ക്രീം കൂടി കൊണ്ടുവരുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.
പോയി കളിക്കാനും പറഞ്ഞു. പിന്നീട് പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില് കേട്ട് അമ്മ പുറത്തേക്കോടി. പ്രതിയുടെ മുറിയില്‍ നിന്നാണ് കുട്ടി കരയുന്നത്. വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലില്‍ മുട്ടി കുറേനേരം കഴിഞ്ഞാണ് പ്രതി വാതില്‍ തുറന്നത്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവു കണ്ടതോടെ അമ്മ പ്രതിയെ തല്ലുകയും ഇയാളെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.
വിചാരണ നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് എട്ട് വയസ്സാണ് പ്രായം. കുട്ടിയുടെ അമ്മയുടെയും അമ്മായിയുടെയും മൊഴി വിശ്വാസത്തിലെടുത്താണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രതിയും വീട്ടുകാരും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്നും തന്നെ കുട്ടിയുടെ അമ്മായി കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും പ്രതി വാദിച്ചു. എന്നാല്‍, കോടതി പ്രതിയുടെ വാദം തള്ളുകയും 20 വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."