മുസ്ലിംലീഗ് മെമ്പര്‍ഷിപ്പ് കാംപയിന്: വാര്‍ഡ് കമ്മിറ്റികളുടെ രൂപീകരണം തുടങ്ങി
കോഴിക്കോട്: മുസ്ലിംലീഗ് മെമ്പര്‍ഷിപ്പ് കാംപയിന് പൂര്‍ത്തിയായതോടെ വാര്‍ഡ് കമ്മിറ്റികളുടെ രൂപീകരണം തുടങ്ങി. ഒക്ടോബര്‍ 30ന് മുമ്പ് മുഴുവന്‍ വാര്‍ഡ് കമ്മിറ്റികളും നിലവില്‍ വരും. ഇതിനായി ഓരോ വാര്‍ഡിലും അംഗങ്ങളായി ചേര്‍ന്ന മുഴുവന്‍ ആളുകളുടേയും ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ക്കും. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, രണ്ട് വൈസ് പ്രസിഡന്റുമാര്‍, രണ്ട് സെക്രട്ടറിമാര്‍ എന്നിവരെയാണ് വാര്‍ഡ് കമ്മിറ്റിയിലേക്ക് തെരഞ്ഞടുക്കുക. കൂടാതെ 50 അംഗങ്ങള്‍ക്ക് ഒരാള്‍ എന്ന നിലയില്‍ പഞ്ചായത്ത് കൗണ്‍സിലര്‍മാരെയും ഈ യോഗത്തില്‍ വച്ച് തെരഞ്ഞെടുക്കും. വാര്‍ഡ് തെരഞ്ഞെടുപ്പ് സമിതിയുടെ മേല്‍ നോട്ടത്തിലാണ് വാര്‍ഡ് കമ്മിറ്റി രൂപീകരണം നടക്കുക. പഞ്ചായത്ത് കൗണ്‍സിലര്‍മാരുടെ ലിസ്റ്റ് വാര്‍ഡ് തെരഞ്ഞടുപ്പ് സമിതി അംഗീകരിച്ചതിന് ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറേണ്ടതാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. നവംബര്‍ 30 നുള്ളില്‍ പഞ്ചായത്ത് കമ്മിറ്റികള്‍ നിലവില്‍ വരും. ഡിസംബര്‍ 30 നുള്ളില്‍ നിയോജക മണ്ഡലം കമ്മിറ്റികളും ജനുവരി 30 നുള്ളില്‍ ജില്ലാ കമ്മറ്റികളും നിലവില്‍ വരത്തക്കവിധമാണ് തെരഞ്ഞടുപ്പ് നടപടിക്രമങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
സമയബന്ധിതമായി തയാറാക്കിയ മെമ്പര്‍ഷിപ്പ് കാംപയിനും കമ്മിറ്റി രൂപീകരണവും നിശ്ചിത സമയ പരിധിക്കുള്ളില്‍ തന്നെ നടത്തണമെന്നും ഈ കാര്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കുന്നതല്ലെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു.
മെമ്പര്‍ഷിപ്പ് അപേക്ഷ അടങ്ങിയ കൗണ്ടര്‍ ഫോയിലുകള്‍ വെബ്സൈറ്റില്‍ എന്റര്‍ ചെയ്യുന്നതിനായി ബന്ധപ്പെട്ട വാര്‍ഡ് അഡ്മിന്മാര്ക്ക് ലഭ്യമാക്കുകയും ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയതിന് ശേഷം കൗണ്ടര്‍ ഫോയിലുകള്‍ ശേഖരിച്ച് നിയോജക മണ്ഡലം കമ്മിറ്റികള്‍ സൂക്ഷിക്കണമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."