ജമാഅത്തെ ഇസ്‌ലാമിയിലെ ഭിന്നത വഴിത്തിരിവില്‍: പുതിയ പണ്ഡിതസഭ രൂപീകരിച്ചു
കോഴിക്കോട്: ജമാഅത്തെ ഇസ്്‌ലാമിയിലുണ്ടായ ഭിന്നത വഴിത്തിരിവിലേക്ക്. ജമാഅത്തിന്റെ പുതിയ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച് കോഴിക്കോട്ട് പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ച അഞ്ചു പേരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ ഉന്നയിച്ച വിയോജിപ്പുകളെ അംഗീകരിക്കുന്ന രീതിയിലാണ് ജമാഅത്തെ ഇസ്്‌ലാമിയുടെ പുതിയ നിലപാടുകള്‍. സംഘടനയും ചാനലും ജമാഅത്തിന്റെ മൂല്യസങ്കല്‍പങ്ങള്‍ക്കു വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഇതു തിരുത്തി ധാര്‍മികമായ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നും ചാനലും സംഘടനയും പ്രവര്‍ത്തിക്കണമെന്നുമായിരുന്നു പുറത്താക്കപ്പെട്ട വിമത പക്ഷക്കാര്‍ ഉയര്‍ത്തിയവാദം. ജമാഅത്തിലെ പഴയ തലമുറയുടെ വലിയ പിന്തുണയും ഇവര്‍ക്കു ഉണ്ടായിരുന്നു. വിമതപക്ഷത്തിന്റെ ആശയങ്ങള്‍ക്കു സ്വീകാര്യത ലഭിക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ക്കാണ് ശൂറ മുന്‍കൈയെടുത്തിരിക്കുന്നത്. ഇതിനായി ഒരു പണ്ഡിത സഭയും രൂപീകരിച്ചിരിക്കുകയാണ്.
ഇസ്്‌ലാമിക മൂല്യങ്ങള്‍ക്കു നിരക്കാത്ത പ്രോഗ്രാമുകള്‍ മുഴുവന്‍ ഒഴിവാക്കി മീഡിയ വണ്‍ മുഴുസമയ ന്യൂസ് ചാനലാക്കാനാണ് പദ്ധതി. ഇതിനായുള്ള തയാറെടുപ്പുകള്‍ ചാനലില്‍ തുടങ്ങിക്കഴിഞ്ഞു. പ്രോഗ്രാം വിഭാഗത്തിലെ ചില ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ്. മുസ്‌ലിം പ്രതിനിധാനങ്ങളെ വികലമായി അവതരിപ്പിക്കുന്ന ജനകീയമായ ഹാസ്യപരിപാടിയും കരാര്‍ കാലാവധികഴിഞ്ഞാല്‍ നിര്‍ത്താനാണ് ശൂറയുടെ നിര്‍ദേശം. ചാനലിനെ പൂര്‍ണമായും സംഘടനയ്ക്കു വിധേയമാക്കി മാറ്റും.
ജമാഅത്തില്‍ ഇതുവരെ പണ്ഡിത സഭയുണ്ടായിരുന്നില്ല. കാര്യങ്ങളെല്ലാം തീരുമാനിച്ചിരുന്നത് ശൂറയായിരുന്നു. ശൂറ മെമ്പര്‍മാരെ തെരഞ്ഞെടുക്കുമ്പോള്‍ പണ്ഡിതന്മാരെ ഉള്‍പെടുത്തണമെന്ന നിബന്ധനയുണ്ടായിരുന്നെങ്കിലും അതു പാലിക്കപ്പെട്ടിരുന്നില്ല. ഇതു കാരണം ശൂറയില്‍ നിന്നുണ്ടാവുന്ന പല തീരുമാനങ്ങളും പണ്ഡിതോചിതമല്ലെന്ന അഭിപ്രായം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജമാഅത്ത് പുതിയ പണ്ഡിത സഭ രൂപീകരിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി 'ഇത്തിഹാദുല്‍ ഉലമാഅ് (കേരള)' എന്ന പേരിലാണ് പണ്ഡിത വേദി രൂപീകരിച്ചിരിക്കുന്നത്. കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയില്‍ ഹിറാ സെന്ററില്‍ നടന്ന യോഗത്തിലാണ് രൂപീകരണം നടന്നത്. പ്രസിഡന്റായി വി.കെ.അലി വളാഞ്ചേരിയേയും സെക്രട്ടറിയായി കെ.എം. അശ്‌റഫി നീര്‍ക്കുന്നനേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എം.വി. മുഹമ്മദ് സലീം മൗലവി, കെ. ഇല്യാസ് മൗലവി, അബ്ദുല്‍ ഖാദര്‍ ഫൈസി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഡോ.എ.എ.ഹലീം, അബ്ദുല്‍ ലത്തീഫ് കൊടുവള്ളി എന്നിവര്‍ ജോയന്റ് സെക്രട്ടറിമാരുമാണ്. കെ.അബ്ദുല്ല ഹസന്‍, ടി.കെ.ഉബൈദ്, പി.കെ. ജമാല്‍, മുഹമ്മദ് കാടേരി, കെ.എ. യൂസുഫ് ഉമരി, ഇ.എന്‍. ഇബ്്‌റാഹീം മൗലവി, വി.എ. കബീര്‍, മുഹമ്മദ് ഹുസൈന്‍ സഖാഫി, മൗലവി വി.പി.സുഹൈബ്, ടി.എച്ച്. സൈതുമുഹമ്മദ്, ടി.കെ. അബ്ദുല്ല, എച്ച്.ഷഹീര്‍ മൗലവി, കെ.കെ. ഫാത്തിമ സുഹ്‌റ, ഖദീജാ റഹ്മാന്‍ എന്നിവരാണ് മറ്റു മെമ്പര്‍മാര്‍.
പുറത്താക്കിയവരില്‍ എല്ലാവരേയും തിരിച്ചെടുക്കാന്‍ തന്നെയാണ് നേതൃത്വത്തിന്റെ തീരുമാനം. ചിലര്‍ നേതൃത്വത്തിന് മാപ്പും വിശദീകരണവും എഴുതി നല്‍കിയിരിക്കുകയാണ്. തങ്ങള്‍ ഉയര്‍ത്തിയ നിലപാടുകളിലേക്ക് സംഘടന വന്നുകൊണ്ടിരിക്കുകയാണെന്നും മാറ്റങ്ങള്‍ വേണമെന്ന നിലപാടിന് ശൂറയില്‍ മുന്‍തൂക്കം ലഭിച്ചിരിക്കുകയാണെന്നും പുറത്താക്കാപ്പെട്ട ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഖാലിദ് മൂസ നദ്‌വി പറഞ്ഞു.
സംഘടനയില്‍ മാറ്റങ്ങള്‍വരുന്നുണ്ടെന്നും തിരിച്ചു പോവുന്ന കാര്യം തീരുമാനിക്കേണ്ടത് സംഘടനാ നേതൃത്വമാണെന്നും പുറത്താക്കപ്പെട്ട ജില്ലാ പി.ആര്‍ സെക്രട്ടറി ശിഹാബുദ്ദീന്‍ ഇബ്്‌നു ഹംസയും പറഞ്ഞു. അതേ സമയം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന കെ.പി.എം ഹാരിസ് സംഘടനയില്‍ നിന്നും രാജിവച്ചു സന്മാര്‍ഗ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുകയാണ്.
സംഘടയില്‍ ചിന്താ സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."