സംരക്ഷിത അധ്യാപകരുടെ ശമ്പളം തിരിച്ചുപിടിക്കല്‍; ഉത്തരവ് മരവിപ്പിച്ചു
മലപ്പുറം: സംസ്ഥാനത്തെ സംരക്ഷിത അധ്യാപകരുടെ ശമ്പളം തിരിച്ചുപിടിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഇടത്- വലത് മുന്നണികളിലെ അധ്യാപക സംഘടനകള്‍ സംയുക്തമായി രംഗത്തു വന്നതിനെ തുടര്‍ന്നാണ് ഉത്തരവ് തല്‍ക്കാലം നടപ്പാക്കേണ്ടതില്ലെന്ന് അറിയിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയത്. ഔദ്യോഗിക ഉത്തരവ് ഇന്നുണ്ടാകും.
വിവിധ ജില്ലകളിലായി സ്‌കൂളുകളില്‍ അധികമുള്ള 4000ത്തോളം അധ്യാപകരുടെ തസ്തിക നഷ്ടപ്പെട്ട സമയത്ത് വാങ്ങിയ ശമ്പളം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 15നാണ് പൊതു വിദ്യാഭ്യാസ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഉത്തരവിട്ടത്.
യു.ഡി.എഫ് അധ്യാപക സംഘടനാ നേതാക്കള്‍ ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ കണ്ടിരുന്നു.
അടുത്ത മാസങ്ങളില്‍ നടക്കുന്ന കലോത്സവം ഉള്‍പ്പെടെയുള്ള മേളകള്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊതു വിദ്യാഭ്യാസ ഡയറകടര്‍ 14 ജില്ലകളിലേക്കും ഉത്തരവ് മരവിപ്പിച്ചുകൊണ്ടുള്ള നിര്‍ദേശം നല്‍കിയത്.
2015- 16 വര്‍ഷത്തെ തസ്തിക നിര്‍ണയ പ്രകാരം സംസ്ഥാനത്തെ 3672 അധ്യാപകരാണ് സംരക്ഷിത ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. 2015 ജൂലൈ മുതല്‍ 2016 ജൂലൈ വരെയുള്ള ഇവരുടെ ശമ്പളം തിരിച്ചുപിടിക്കാനായിരുന്നു ഉത്തരവിട്ടിരുന്നത്.
2016 ഒക്ടോബറില്‍ തുടങ്ങി അഞ്ചുമാസങ്ങളിലെ ശമ്പളത്തില്‍ നിന്നും തുല്യ മാസതവണകളായി തിരിച്ചുപിടിക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്.
ഒരോ വര്‍ഷവും ജൂലൈ 15 നകം തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പ്രതിപാധിക്കുന്നുണ്ട്. ഇതു നടപ്പാക്കാത്ത സര്‍ക്കാര്‍ നടപടിയെ പല ഘട്ടങ്ങളിലായി ഹൈക്കോടതിയും വിമര്‍ശിച്ചിട്ടുണ്ട്.
കൃത്യസമയത്ത് അധ്യാപകരുടെ തസ്തിക നിര്‍ണയവും പുനര്‍ വിന്യാസവും നടക്കാതതിനെ തുടര്‍ന്നാണ് ജോലിയില്‍ തുടര്‍ന്ന സംരക്ഷിത അധ്യാപകര്‍ക്ക് ശമ്പളം വിതരണം ചെയ്തത്.
ഇക്കാര്യത്തില്‍ പ്രധാനാധ്യാപകരുടെ പക്ഷത്തോ സംരക്ഷിത അധ്യാപകരുടെ പക്ഷത്തോ വീഴ്ചയുണ്ടായില്ലെന്നും സര്‍ക്കാര്‍ വീഴ്ച അധ്യാപകരുടെ മേല്‍ ചുമത്തരുതെന്നുമാണ് അധ്യാപക സംഘടനകള്‍ പറയുന്നത്.
പൊതു വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 11 ന് മുഴുവന്‍ അധ്യാപക സംഘടനകളുടെയും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."