മുല്ലപ്പെരിയാര്‍ ജലനിരപ്പ് വീണ്ടും താഴ്ന്നു; ലോവര്‍ക്യാംപ് പവര്‍ ഹൗസ് അടച്ചുപൂട്ടി
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ലോവര്‍ക്യാംപ് പവര്‍ഹൗസ് തമിഴ്‌നാട് അടച്ചുപൂട്ടി. ജലനിരപ്പ് 109 അടിയിലേയ്ക്ക് എത്തിയതോടെയാണ് വൈദ്യുതി ഉല്‍പ്പാദനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചത്. ഇരച്ചില്‍പാലം വഴി സെക്കന്റില്‍ 200 ഘനയടി വെള്ളം തമിഴ്‌നാട് തുറന്നുവിട്ടിട്ടുണ്ട്. കുടിവെള്ളത്തിനായി 100ഉം കാര്‍ഷികാവശ്യത്തിനായി 100ഉം ഘനയടിയാണ് തുറന്നുവിട്ടിരിക്കുന്നത്.
35 മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകളാണ് ലോവര്‍ക്യാംപ് പവര്‍ഹൗസിലുള്ളത്. മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് 1959 ലാണ് ലോവര്‍ ക്യാംപില്‍ തമിഴ്‌നാട് വൈദ്യുതി നിലയം സ്ഥാപിച്ചത്. 140 മെഗാവാട്ടാണ് ഇവിടുത്തെ പൂര്‍ണ ഉല്‍പാദനശേഷി. 2006 നവംബറില്‍ മുല്ലപ്പെരിയാര്‍ കവിഞ്ഞൊഴുകാതിരിക്കാന്‍ കൂടുതല്‍ വെള്ളം തുറന്നുവിട്ടതോടെ ലോവര്‍ ക്യാംപ് പവര്‍ ഹൗസ് തകര്‍ന്നിരുന്നു. പ്രതിവര്‍ഷം 350 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലോവര്‍ക്യാമ്പ് പവര്‍ഹൗസില്‍ നിന്നും തമിഴ്‌നാട് ഉല്‍പാദിപ്പിക്കുന്നത്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള കരാറിന് വിരുദ്ധമായാണ് ആദ്യം വൈദ്യുതി ഉല്‍പാദനം തമിഴ്‌നാട് തുടങ്ങിയതുതന്നെ. എന്നാല്‍ 1970 മെയ് 29ന് കേരളവുമായി ഉണ്ടാക്കിയ അനുബന്ധ കരാറിലൂടെ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള അനുമതി നിയമപരമായി തമിഴ്‌നാട് നേടി.
മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ച് കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുവേണ്ടി ആറ് മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ചെറുകിട ജല വൈദ്യുതി പദ്ധതികളും തമിഴ്‌നാട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയം 118.25 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."