രാമക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനിച്ചതായി ആര്‍.എസ്.എസ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാമക്ഷേത്ര നിര്‍മാണം സജീവമാക്കി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ എന്നിവരുടെ മൗനാനുവാദത്തോടെയാണ് സംഘപരിവാരത്തിലെ രണ്ടാംനിര നേതാക്കള്‍ രാമക്ഷേത്ര വിഷയം ആളിക്കത്തിക്കുന്നത്. കഴിഞ്ഞദിവസം ലഖ്‌നോയില്‍ ദസറ ആഘോഷത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ജയ്ശ്രീരാം വിളിയോടെയാണ് പ്രസംഗം അവസാനിപ്പിച്ചിരുന്നത്. രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ചു ഓര്‍മിപ്പിക്കാന്‍ അണികള്‍ക്കുള്ള സൂചനയായാണ് മോദിയുടെ നടപടിയെ നിരീക്ഷകര്‍ കാണുന്നത്.
കഴിഞ്ഞദിവസം ബാബരിമസ്ജിദ് നിലനിന്ന അയോധ്യയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര ടൂറിസംമന്ത്രി മഹേഷ് ശര്‍മ്മ സ്ഥലത്ത രാമായണ മ്യൂസിയം സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനത്തിനിടയാക്കിയാണ് മഹേഷ് ശര്‍മ്മ അയോധ്യ സന്ദര്‍ശിച്ചത്. അയോധ്യയിലെ ഹനുമാന്‍ ഗരാഹി ക്ഷേത്രം സന്ദര്‍ശിച്ച ശര്‍മ്മ രാമായണ മ്യൂസിയം സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് പ്രഖ്യാപിച്ചു. ഡിസംബറില്‍ അന്താരാഷ്ട്ര രാമായണാ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. അതോടൊപ്പം രാമക്ഷേത്രമെന്ന വിഷയവുമായി ബി.ജെ.പി എം.പി വിനയ് കത്യാരെപ്പോലുള്ള തീവ്ര സംഘ്പരിവാര്‍ നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. ബാബരിമസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയാണ് വിനയ് കത്യാര്‍. ബി.ജെ.പി രാമക്ഷേത്ര വിഷയം ഉയര്‍ത്തിയതോടെ ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടി സരയൂ നദിക്കരയില്‍ രാംലീലാ തീം പാര്‍ക്ക് സ്ഥാപിക്കുകയെന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ അയോധ്യാ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പാണ് സരയൂ നദിക്കരയില്‍ രാംലീലാ തീം പാര്‍ക്ക് സ്ഥാപിക്കുകയെന്ന പദ്ധതിയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവെത്തിയത്. 1992 ഡിസംബറില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് വളരെ മുമ്പ് തന്നെ രാമക്ഷേത്ര നിര്‍മാണം ബി.ജെ.പിയുടെ പ്രധാനരാഷ്ട്രീയ അജണ്ടയാണ്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇടം പിടിക്കാറുണ്ടെങ്കിലും ഉത്തര്‍പ്രദേശിലും ഇതിനു മുമ്പ് കേന്ദ്രത്തിലും അധികാരം ലഭിച്ചിരുന്നുവെങ്കിലും രാമക്ഷേത്രം നിര്‍മിക്കാന്‍ ബി.ജെ.പി താല്‍പര്യം കാട്ടിയിരുന്നില്ല. ഗോരക്ഷ തെരഞ്ഞെടുപ്പ് വിഷമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംഘ്പരിവാര്‍ ശ്രമിച്ചിരുന്നെങ്കിലും ഇതേകാര്യത്തില്‍ ഗുജറാത്തിലെ ദലിതുകള്‍ പ്രക്ഷോഭരംഗത്തുള്ളതിനാല്‍ അതു തിരിച്ചടിയാകുമെന്ന് കണ്ട് ഒഴിവാക്കുകയായിരുന്നു.
അതേസമയം, അയോധ്യയിലെ തകര്‍ക്കപ്പെട്ട ബാബരിമസ്ജിദിന്റെ സ്ഥാനത്തു രാമക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനമായതായി ആര്‍.എസ്.എസ് അറിയിച്ചു. നിര്‍മാണം ഏതുസമയത്തും നടന്നേക്കാമെന്നും സംഘ്പരിവാറും ഹിന്ദുസമാജവും ചേര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ആര്‍.എസ്.എസ് നേതാവ് പ്രൊഫ. രാകേഷ് സിന്‍ഹ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ഹൈന്ദവവിശ്വാസികളുടെ വികാരമാണ്. അതു നിര്‍മിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."