അസാന്‍ജെയുടെ ഇന്റര്‍നെറ്റ് തടഞ്ഞത് ഇക്വഡോര്‍
ക്വിറ്റോ: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയുടെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത് തങ്ങളാണെന്ന് ഇക്വഡോര്‍ വ്യക്തമാക്കി. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടിയ അസാഞ്ചെയുടെ ഇന്റര്‍നെറ്റ് ബന്ധം കഴിഞ്ഞ ദിവസമാണ് വിച്ഛേദിക്കപ്പെട്ടത്. യു.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് രഹസ്യരേഖകള്‍ പുറത്തുവിടുന്നതിനിടെയാണ് അസാഞ്ചെയ്ക്ക് ഇന്റര്‍നെറ്റ് ബന്ധം നഷ്ടമായത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് എതിരേയുള്ള രേഖകളാണ് കഴിഞ്ഞ ദിവസം വിക്കിലീക്സ് പുറത്തുവിട്ടിരുന്നത്. യു.എസ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിക്കിലീക്സ് നേരത്തെ ചോര്‍ത്തിയ രേഖകള്‍ പുറത്തുവിടുന്നത് യു.എസിലെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയെ അലോസരപ്പെടുത്തിയിരുന്നു.
അസാന്‍ജെ പുറത്തുവിടുന്ന രേഖകള്‍ യു.എസ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കുമെന്നും യു.എസ് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ഇക്വഡോര്‍ ഉദ്ദേശിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്്താവനയില്‍ പറഞ്ഞു. അസാന്‍ജെക്ക് താല്‍ക്കാലിക ഇന്റര്‍നെറ്റ് വിലക്കാണ് ഏര്‍പ്പെടുത്തിയതെന്നും ഇക്വഡോര്‍ പറഞ്ഞു.
അസാന്‍ജെയുടെ ഇന്റര്‍നെറ്റ് റദ്ദാക്കിയതിനു പിന്നില്‍ അമേരിക്കയുടെ സമ്മര്‍ദ്ദമില്ലെന്ന് ഇക്വഡോര്‍ വ്യക്തമാക്കി. ലൈംഗിക പീഡനക്കേസില്‍ അസാന്‍ജെയ്ക്കെതിരേ സ്വീഡനില്‍ കേസുണ്ട്. അസാന്‍ജെയുടെ ഇന്റര്‍നെറ്റ് വിലക്കിയതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് അമേരിക്ക പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."