പുതുച്ചേരിയില്‍ ഡല്‍ഹി തന്ത്രം പയറ്റി ബി.ജെ.പി
രാജ്യത്തെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫിസര്‍ കിരണ്‍ ബേദിയെന്ന ഉരുക്കുവനിത അന്നാ ഹസാരെയെന്ന സാമൂഹ്യപ്രവര്‍ത്തകനുപിന്നില്‍ അടിയുറച്ചുനിന്നപ്പോള്‍ പലരും കരുതിയത് രാഷ്ട്രീയത്തിനതീതമായ ഇന്ത്യ ജന്മം കൊള്ളാന്‍പോകുന്നുവെന്നാണ്. ഒരു വിഭാഗം രാഷ്ട്രീയക്കാരുടെ കൊള്ളരുതായ്മകൊണ്ട് ഊര്‍ദ്ധശ്വാസം വലിക്കുന്ന രാജ്യത്തിനു ഹസാരെ വഴികാട്ടുമെന്നും അന്നു കരുതി.
കെജ്‌രിവാളും യോഗേന്ദ്രയാദവും കിരണ്‍ ബേദിയുമൊക്കെ ജനങ്ങളുടെ ആവേശമായി. എന്നാല്‍, കെജ്‌രിവാള്‍ സ്വന്തംപാര്‍ട്ടിയുണ്ടാക്കി അനിവാര്യമായ രാഷ്ട്രീയത്തെ പുല്‍കി. യോഗേന്ദ്രയാദവിനും കിരണ്‍ബേദിക്കും വഴി തുറക്കുന്നതായി അത്.
ഹസാരെയുടെ ചിന്തകള്‍ കൈവിടാനൊരുങ്ങാത്ത യോഗേന്ദ്ര യാദവ് എങ്ങുമെത്തിയില്ല. കാറ്റിന്റെ ഗതിയില്‍ പറന്ന ബേദിയെപ്പോലെ ചിലര്‍ ഹസാരെയുടെ ചിന്തകള്‍ പിച്ചിച്ചീന്തി ബി.ജെ.പി പാളയത്തിലെത്തുന്നതാണ് കണ്ടത്. കിരണ്‍ബേദിയുടെ ചാട്ടം ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം ദാനമായി കിട്ടുന്നു മോഹിച്ചായിരുന്നു. എന്നാല്‍, ബി.ജെ.പി പ്രവര്‍ത്തകര്‍തന്നെ അവരെ തള്ളിക്കളഞ്ഞു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് അതിനാവില്ലായിരുന്നു. കിരണ്‍ബേദിയെ പാര്‍ട്ടിയില്‍ നിര്‍ത്തേണ്ടത് ആവശ്യത്തേക്കാളേറെ അനിവാര്യതയായി അവര്‍ കണ്ടു.
പുതുച്ചേരിയിലെ രാഷ്ട്രീയം
രാജ്യത്ത് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തിയ സംസ്ഥാനമാണു പുതുച്ചേരി. കോണ്‍ഗ്രസ് രഹിത ഇന്ത്യയെന്ന ബി.ജെ.പി സ്വപ്നത്തെ കടപുഴക്കിയ വിജയമാണു വി.നാരായണസ്വാമി 2016 ജൂണ്‍ ആറിനു സ്വന്തമാക്കിയത്. ഡല്‍ഹിയില്‍ ശക്തനായ കെജ്‌രിവാളിന്റെ ഭരണത്തില്‍ കൈകടത്താന്‍ ലഫ്. ജനറല്‍ നജീബ് ജങ് ശ്രമങ്ങള്‍ നടത്തുന്നതായി ആം ആദ്മി പാര്‍ട്ടി ആരോപണമുയര്‍ത്തിയിരുന്നു. അതിനു സമാനമായ ഒരു സ്ഥിതിവിശേഷമാണു പുതുച്ചേരിയില്‍ കിരണ്‍ ബേദിയെ ലഫ്. ഗവര്‍ണറാക്കിയതുവഴി ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നതെന്നാണു കരുതേണ്ടത്.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ കേന്ദ്രപ്രതിനിധിയായെത്തുന്ന ലഫ്. ഗവര്‍ണറിനു പലതും ചെയ്യാന്‍ കഴിയുമെന്ന് അവര്‍ പ്രഖ്യാപിച്ചതു വെറുതെയല്ല. സംസ്ഥാനം ഭരിക്കുന്നവര്‍ നോക്കുകുത്തിയായിരിക്കുമെന്നും എന്തു നടക്കാനും കേന്ദ്രപ്രതിനിധി വേണ്ടിവരുമെന്നുമാണു സൂചന. കേന്ദ്രത്തിലും കേന്ദ്രഭരണപ്രദേശത്തും വ്യത്യസ്ത പാര്‍ട്ടികള്‍ ഭരിക്കുമ്പോള്‍ സംസ്ഥാനഭരണവും ലഫ്. ഗവര്‍ണര്‍മാരും തമ്മില്‍ അധികാരത്തര്‍ക്കങ്ങളും വടംവലികളും ഉണ്ടാകാറുണ്ട്. പെന്‍ഷന്‍പറ്റിയ രാഷ്ട്രീയക്കാരുടെ വാനപ്രസ്ഥമായി ഗവര്‍ണര്‍ പദവി ഒരുകാലത്തു തരംതാണിരുന്നു. എന്നാല്‍, മോദി ചെയ്യുന്നത് ഊര്‍ജസ്വലരായ ആജ്ഞാനുവര്‍ത്തികളെ ഗവര്‍ണര്‍ പദവിയില്‍ നിയോഗിക്കുകയെന്നതാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കൈപ്പിടിയിലാക്കലാണു ലക്ഷ്യം.
ഉത്തരാഖണ്ഡില്‍ അഞ്ചാംവര്‍ഷത്തില്‍ സര്‍ക്കാരിനെതിരേ നടപടി സ്വീകരിച്ച ഗവര്‍ണര്‍ കെ.കെ പോളിന്റെ നീക്കം നോക്കുക. അത് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ കുറ്റപ്പെടുത്തലിനുപോലും പാത്രമായി. അതുപോലെ അരുണാചലില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്‌ഖോവ നടത്തിയ കളികളും ഓര്‍ക്കുക. അതേസമയം, മധ്യപ്രദേശില്‍ വ്യാപം അഴിമതിക്കേസില്‍ നിരവധി ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ഗവര്‍ണര്‍ രാംനരേഷ് യാദവും ഉള്‍പ്പെടുന്ന അവസ്ഥയുണ്ടായി. ബി.ജെ.പിയുടെ തരംതാണ നടപടിയായാണ് ഇതിനെയൊക്കെ കാണേണ്ടത്.
സംസ്ഥാനങ്ങളില്‍ അന്തഃഛിദ്രമുണ്ടാക്കാനാണു പ്രമുഖനേതാക്കളെ ബി.ജെ.പി ഗവര്‍ണര്‍ സ്ഥാനമേല്‍പ്പിക്കുന്നതെന്നും വെറും രാഷ്ട്രീയസ്ഥാനമായി ഗവര്‍ണര്‍സ്ഥാനത്തെ മാറ്റിയിരിക്കുകയാണെന്നും ആരോപണങ്ങളുമുണ്ട്. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബര്‍ ലഫ്. ഗവര്‍ണര്‍ എ.കെ സിങ്ങിനായിരുന്നു പുതുച്ചേരിയുടെ നിയന്ത്രണം ഇതുവരെ. ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍, നേരത്തെ കോണ്‍ഗ്രസ് നിയമിച്ച വീരേന്ദ്രകത്താരിയയെ പുറത്താക്കിയാണു സിങ്ങിനു ചുമതല നല്‍കിയത്.
കിരണ്‍ബേദിയുടെ നിയമനം
ഗവര്‍ണര്‍ക്കു സംസ്ഥാന സ്ഥിതിഗതികളില്‍ കാര്യമായ പങ്കുണ്ടെന്നും ലഫ്. ഗവര്‍ണര്‍ക്കു ഭരണത്തില്‍ തുല്യപങ്കാളിത്തമുണ്ടെന്നും കിരണ്‍ബേദി പ്രഖ്യാപിച്ചത് ഒരു സൂചനയാണ്. ബേദി നല്ല ഭരണാധികാരിയാകുമെങ്കിലും ബി.ജെ.പിയുടെ രാഷ്ട്രീയച്ചട്ടുകമായാല്‍ പുതുച്ചേരി ഡല്‍ഹിക്കു സമാനമാകുമെന്ന് ആം ആദ്മി പാര്‍ട്ടി മുന്നറിയിപ്പു നല്‍കുന്നത് വെറുതെയല്ല. ലഫ്. ഗവര്‍ണര്‍ ഭരണഘടനയ്ക്ക് അനുസൃതമായി കാര്യങ്ങള്‍ ചെയ്യുന്നിടത്തോളം പ്രതിസന്ധിയില്ലെന്നു കോണ്‍ഗ്രസും പറയുന്നു. അതിനര്‍ഥം ബി.ജെ.പി അജന്‍ഡ തുടര്‍ന്നാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നുതന്നെയാണ്.
ദക്ഷിണേന്ത്യയിലേയ്ക്കു പിച്ചവയ്ക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പലകാരണങ്ങളാല്‍ തടയപ്പെട്ടു. അതു മറികടക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ തേടുകയാണു പാര്‍ട്ടിയെന്നുവേണം കരുതാന്‍. ഉത്തരേന്ത്യയിലെ ഹിന്ദുത്വ കാര്‍ഡ് മടക്കിവച്ചു കെല്‍പ്പുള്ള ഭരണസ്ഥിരതാവാഗ്ദാനം നല്‍കാനാണു ശ്രമം. ജനസ്വാധീമുള്ള ദ്രാവിഡപ്പാര്‍ട്ടികളെ കൈകാര്യം ചെയ്യാന്‍ മറ്റുമാര്‍ഗമില്ല. കേരളത്തിലും നാഗരിക വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇതുവഴികഴിയും. ഇതു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുസംസ്ഥാനങ്ങളിലും കണ്ടതുമാണ്.
പുതുച്ചേരിയില്‍ ബേദി വഴി ബി.ജെ.പി ലക്ഷ്യമിടുന്നതും ഇതാണ്. സമൂഹത്തില്‍ ഉന്നതസ്ഥാനമുള്ളവരെയും ജനകീയരെയും അധികാരം നല്‍കി പ്രലോഭിപ്പിച്ചു കൂടെനിര്‍ത്താന്‍ ബി.ജെ.പി പരിപാടിയിട്ടതു ദീര്‍ഘവീക്ഷണത്തോടെയാണെന്നു മനസിലാക്കാം. കേരളത്തില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായരെയും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായരെയും കൂടെക്കൂട്ടിയത് ഉദാഹരണം.
ഗവര്‍ണറും ലഫ്. ഗവര്‍ണറും
ഗവര്‍ണര്‍ സ്ഥാനംപോലെയല്ല ലഫ്. ഗവര്‍ണര്‍സ്ഥാനം. സംസ്ഥാന രാഷ്ട്രീയഭരണനേതൃത്വം പാസാക്കുന്ന ബില്ലിനു ഭരണാനുമതി നല്‍കാതിരിക്കാന്‍ ഇരുവര്‍ക്കുമാകും. ലഫ്. ഗവര്‍ണറിന് ഈ ബില്‍ രാഷ്ട്രപതിക്ക് അയക്കാം. കേന്ദ്ര മന്ത്രിസഭാ കൗണ്‍സിലിന്റെ ഉപദേശമാണ് രാഷ്ട്രപതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സംസ്ഥാനഭരണത്തിന്റെ പകുതി അധികാരം ലഫ്. ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. ഇവിടെയാണ് പുതുച്ചേരി രാഷ്ട്രീയം വ്യത്യസ്തമാകാന്‍ പോകുന്നത്.
കിരണ്‍ ബേദി
1982. ഡല്‍ഹിയിലെ കൊണോട്ട് പ്ലേസിലെ തിരക്കേറിയ റോഡില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാര്‍ കിടക്കുന്നു. ഡ്രൈവര്‍ തൊട്ടടുത്ത കടയില്‍. കാര്‍ മാറ്റാന്‍ പൊലിസ് അഭ്യര്‍ഥിച്ചപ്പോള്‍ ഡ്രൈവര്‍ തട്ടിക്കയറി. പ്രധാനമന്ത്രിയുടെ കാറില്‍ തൊട്ടുപോകരുത്. സൗകര്യമുള്ളപ്പോള്‍ മാറ്റുമെന്നായി ഡ്രൈവര്‍. കിരണ്‍ ബേദിയെന്ന ഓഫീസര്‍ അവിടെ ഇടിമിന്നലായി പ്രത്യക്ഷപ്പെടുകയും കാര്‍ ക്രെയിനില്‍ കെട്ടി വലിച്ചുനീക്കുകയും ചെയ്തു.
പിന്നീട് ഇന്ദിരാഗാന്ധി ബേദിയെ ശരിവച്ചിരുന്നു. കിരണ്‍ബേദിക്കു ക്രെയിന്‍ ബേദിയെന്ന ഇരട്ടപ്പേരും വീണു. ഈ ധൈര്യമാണു ബേദിയെ രാഷ്ട്രീയക്കാരുടെ പേടിസ്വപ്നമാക്കിയത്. അഴിമതിക്കെതിരേ രംഗത്തുവന്ന ഈ അറുപത്താറുകാരി അന്നാ ഹസാരയുടെ ഒപ്പമായിരുന്നു. നാടു നന്നാക്കാനാകുമെന്ന വിശ്വാസത്താലാണു രാഷ്ട്രീയത്തിലെത്തി ഡല്‍ഹിയില്‍ മത്സരിച്ചത്. എന്നാല്‍, രാഷ്ട്രീയം ഒരു തെരഞ്ഞെടുപ്പുകൊണ്ടു വെറുത്ത അവര്‍ ബി.ജെ.പിയെപ്പോലും തള്ളിപ്പറഞ്ഞു. അതു മനസിലാക്കിയാണ് അവര്‍ക്കു യോജിച്ച സ്ഥലം പാര്‍ട്ടി ബുദ്ധികൂര്‍മത തരപ്പെടുത്തി നല്‍കിയിരിക്കുന്നത്.
ബേദി കളത്തിലിറങ്ങിക്കഴിഞ്ഞു
ദിവസവും 40 പേര്‍ക്കു ബേദിയെ സന്ദര്‍ശിക്കാം. ആദ്യം വരുന്നവര്‍ ആദ്യം എന്നാണു വ്യവസ്ഥ. സ്‌കൂള്‍ പ്രവേശനം മുതലുള്ള പരാതികളുമായി എത്തുന്നവരാണിവര്‍. ശുചീകരണത്തൊഴിലാളികള്‍ക്കൊപ്പം തെരുവിലെത്തുന്ന ഗവര്‍ണര്‍ കാനകള്‍ വൃത്തിയാക്കുന്നതു നിരീക്ഷിക്കുകയും പരിതാപാവസ്ഥയിലുള്ള ബസ് സ്റ്റോപ്പുകള്‍ മാറ്റാനും നടപ്പാതയിലേയ്ക്കു തള്ളിനില്‍ക്കുന്ന കടകളൊഴിപ്പിക്കാനും നിര്‍ദേശം നല്‍കുന്നു.
പ്രഭാതയാത്രയില്‍ മുനിസിപ്പല്‍ കമ്മിഷണറെ ഒപ്പംകൂട്ടി അപ്പപ്പോള്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഫെയ്‌സ്ബുക്കും ട്വിറ്ററും വേണ്ട രീതിയില്‍ ഉപയോഗിക്കുന്നു. മുഖ്യമന്ത്രിക്ക് 200 ഫോളോവേഴ്‌സാണ് ഫെയ്‌സ്ബുക്കിലെങ്കില്‍ ബേദിക്കു 71 ലക്ഷമാണുള്ളത്. ബേദി നടന്‍ രജനീകാന്ത് സ്വച്ഛ് പുതുച്ചേരി അംബാസിഡറാകണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നു.
പൊതുസ്ഥലത്തു മലമൂത്രവിസര്‍ജനം കണ്ടാല്‍ മഞ്ഞ വിസിലൂതി അറിയിക്കാന്‍ കുട്ടികളോടു നിര്‍ദേശിച്ചിരിക്കുന്നു. അവര്‍ക്ക് മഞ്ഞവിസില്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. വി.ഐ.പി കാറുകളില്‍ സൈറണ്‍ പാടില്ലെന്നും അവര്‍ക്ക് പോകാന്‍ ട്രാഫിക് തടയരുതെന്നും ബേദി ഉത്തരവിട്ടിരുന്നു.
ഇതിനു മറുപടിയായി സ്വാമി പറഞ്ഞത് താന്‍ സ്വന്തം വാഹനം മാത്രമേ ഉപയോഗിക്കൂവെന്നാണ്. അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ബേദി പങ്കെടുത്തപ്പോള്‍ സ്വയം ഒഴിവായ സ്വാമി അസ്വാരസ്യം പ്രകടിപ്പിച്ചുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."