പഷ്ണിത്തോട് ശുചീകരണം: ചെളിയും അവശിഷ്ടങ്ങളും പൊതുവഴിയില്‍
പുറത്തിറങ്ങാനാവാതെ അഞ്ച് കുടുംബങ്ങള്‍
മട്ടാഞ്ചേരി: പഷ്ണിത്തോട് ശുചീകരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിന്റെ ഭാഗമായുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ ദുരിതത്തിലായത് അഞ്ചു കുടുംബങ്ങള്‍. പഷ്ണിത്തോട് പാലത്തിന് വടക്കുവശം താമസിക്കുന്ന പനക്കത്തറ വീട്ടില്‍ ജോസഫ്, ലൂവീസ്, ജയിംസ്, ജോയി, സേവ്യര്‍ എന്നിവരുടെ വീടുകളിലേക്ക് വരുന്ന പ്രധാന വഴിയില്‍ പഷ്ണി തോട്ടിലെ ചെളിയും അവശിഷ്ടങ്ങളും നിക്ഷേപിക്കയായിരുന്നു. ഇവിടുത്തെ അഞ്ചു കുടുംബങ്ങളിലുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ രണ്ടു ദിവസമായി പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ്.
വീട്ടിലെ പുരുഷന്‍മാര്‍ സമീപത്തെ മതില്‍ ചാടിക്കടന്നാണ് പുറത്തേക്ക് പോകുന്നത്. കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകാനും കഴിയാത്ത സാഹചര്യമായി. കായലില്‍ നിന്ന് ജെസിബി ഉപയോഗിച്ചാണ് ചെളിനീക്കം ചെയ്തു കൊണ്ടിരിക്കുന്നത്. തോടില്‍ നിന്നുംഎടുത്ത് കരയില്‍ നിക്ഷേപിക്കുന്ന ചെളിയും അവശിഷ്ടങ്ങളും മറ്റൊരിടത്തേക്ക് അതാതു ദിവസം മാറ്റുമെന്ന് കരാറുകാര്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ഇത് ലംഘിക്കപ്പെടുകയായിരുന്നു.
കാലങ്ങളായി ചെളി നിറഞ്ഞ് നീരൊഴുക്കുനിലച്ച പഷ്ണിത്തോട് കേന്ദ്ര സര്‍ക്കാരിന്റെ അമൃത് നഗരം പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് നിര്‍മ്മാണം ആരംഭിച്ചത് കൊച്ചി നഗരസഭയുടെ നിയന്ത്രണത്തില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ കരാറുകാരുമായുള്ള ഒത്തുകളിയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."