ജില്ലയിലെ എട്ട് ആര്‍.എം.എസ്.എ സ്‌കൂളുകള്‍ : ഇനി സര്‍ക്കാര്‍ സ്‌കൂളുകള്‍
മലപ്പുറം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍(ആര്‍.എം.എസ്.എ) പ്രകാരം ഹൈസ്‌കൂളുകളാക്കി ഉയര്‍ത്തിയ സ്‌കൂളുകളെ ഈ പദ്ധതിയുടെ സഹായമുള്ള സര്‍ക്കാര്‍ സ്‌കൂളുകളായി പുനര്‍നാമകരണം ചെയ്തതിലൂടെ ജില്ലയില്‍ നിന്നു ഗുണം ലഭിക്കുക എട്ടു സ്‌കൂളുകള്‍ക്ക്. അധ്യാപകരുടെ ക്ഷാമം മൂലം പ്രയാസപ്പെടുന്ന ജില്ലയിലെ ആയിരക്കണക്കിന് ആര്‍.എം.എസ്.എ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണു പുതിയ തീരുമാനം ഗുണം ചെയ്യുക.
സര്‍ക്കാര്‍ സ്‌കൂളുകളിലേതു പോലെ അധ്യാപക അനധ്യാപക തസ്തികകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇനിമുതല്‍ ജില്ലയിലെ എട്ടു ആര്‍.എം.എസ്.എ വിദ്യാലയങ്ങള്‍ക്കു ലഭിക്കും. 2010-11 വര്‍ഷം മുതല്‍ ഹൈസ്‌കൂളുകളായി ഉയര്‍ത്തിയ സംസ്ഥാനത്തെ 112 വിദ്യാലയങ്ങളാണു പുനര്‍നാമകരണം ചെയ്തത്. ഇത്തരത്തില്‍ ജില്ലയില്‍ നിന്ന് എട്ടു സ്‌കൂളുകളാണുള്ളത്.
ജിഎച്ച്എസ് വടശ്ശേരി, ജിഎച്ചഎസ് തരകമണ്ണ, ജിടിഎച്ച്എസ് മുണ്ടേരി, ജിഎച്ച്എസ് കാപ്പ്, ജിഎച്ച്എസ് കാപ്പില്‍കാരാട്, ജി.എച്ച്.എസ് എടപ്പറ്റ, ജി.എച്ച്.എസ് പന്നിപ്പാറ, ജി.എച്ച്.എസ് വെറ്റിലപ്പാറ എന്നീ സകൂളുകളാണ് ജില്ലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവിടെ നിലവില്‍ ഒരു സ്‌കൂളില്‍ അഞ്ച് അധ്യാപകര്‍, ഒരു ഹെഡ്മാസ്റ്റര്‍ എന്നീ തസ്തികകള്‍ക്കു മാത്രമാണു കേന്ദ്ര സര്‍ക്കാര്‍ ശമ്പള ഇനത്തില്‍ തുക അനുവദിക്കുന്നത്. മറ്റുള്ള അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം അനുവദിച്ചിരുന്നില്ല. അധിക തസ്തികകളില്‍ കെ.ഇ.ആര്‍ പ്രകാരമുള്ള അധ്യാപകര്‍ ഇല്ലാത്തതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥയുമായിരുന്നു.
2015 നവംബറില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ട തീരുമാനപ്രകാരമാണ് ഇപ്പോള്‍ അനുകൂല ഉത്തരവുണ്ടായത്. ആദ്യ മൂന്നു ഘട്ടങ്ങളില്‍ ആരംഭിച്ച ആര്‍.എം.എസ്.എ വിദ്യാലയങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം ലഭിച്ചപ്പോള്‍ നാലാം ഘട്ടത്തില്‍ ആരംഭിച്ച 30 വിദ്യാലയങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നില്ല. ഈ വിദ്യാലയങ്ങളെ സര്‍ക്കാര്‍ സ്‌കൂളുകളായി തന്നെ കണക്കാക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളുകളിലേക്ക് ആവശ്യമായ അധ്യാപക അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് തുല്യമായി സ്റ്റാഫ് ഫിക്‌സേഷന്‍ നടത്തി സ്ഥലം മാറ്റവും നിയമനവും നടത്തും.
അതേസമയം ഈ വിദ്യാലയങ്ങളില്‍ നിലനിന്നിരുന്ന യു.പി വിഭാഗം പ്രധാനാധ്യാപക തസ്തിക നിര്‍ത്തലാക്കി. ഇവിടെ ജോലി ചെയ്തുവരുന്ന പ്രധാനാധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉടനടി നിയമനം നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."