എയര്‍പോര്‍ട്ടില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം നാലാം ദിവസം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കാലിക്കറ്റ് എയര്‍പോര്‍ട്ട് വര്‍ക്കേഴ്സ് യൂനിയന്‍(സി.ഐ.ടി.യു)സംഘടിപ്പിച്ച അനിശ്ചിത കാല റിലേ നിരാഹാര സമരം മൂന്നു ദിവസം പിന്നിട്ടു.
കരിപ്പൂരില്‍ ഗ്രൗണ്ട് ഹാന്റ്ലിംഗ് പ്രവൃത്തികള്‍ എയര്‍ഇന്ത്യയുടെ കീഴിലുള്ള എ.ഐ.എ.ടി.എസ്.എല്‍ കമ്പനിയാണു കരാര്‍ ഏറ്റെടുക്കുന്നത്. ഇവരില്‍ നിന്നാണു ഡല്‍ഹി ആസ്ഥാനമായുളള കുള്ളാര്‍ കരാര്‍ കമ്പനി ഉപകരാര്‍ ഏറ്റെടുക്കുന്നത്. തൊഴിലാളികളെ വഞ്ചിച്ചു കരിപ്പൂര്‍ വിടാനുള്ള കമ്പനിയുടെ ആസൂത്രിത നീക്കത്തില്‍ പ്രതിഷേധിച്ചാണു ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. രണ്ടു വര്‍ഷമായി കരാര്‍ ഏറ്റെടുത്ത കമ്പനി തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം മാനേജറെ തടഞ്ഞു പ്രതിഷേധിച്ചപ്പോള്‍ ആനുകൂല്യം നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും കമ്പനി വാക്കു പാലിച്ചില്ല.
കൗണ്ടര്‍ ജീവനക്കാര്‍, വിമാന ശുചീകരണം, ലോഡിങ് തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങി 440 തൊഴിലാളികളാണു കരിപ്പൂരില്‍ കുള്ളാര്‍ കമ്പനിക്കു കീഴിലുള്ളത്. രണ്ടു വര്‍ഷം മുമ്പ് ആനുകൂല്യങ്ങള്‍ നല്കാമെന്നേറ്റാണു കമ്പനി തൊഴിലാളികളെ നിയമിച്ചത്. തൊഴിലാളികളുടെ വേതനത്തില്‍ നിന്ന് ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളും പിടിക്കുന്നുണ്ടെങ്കിലും മാനേജ്മെന്റ് വിഹിതം കൂടിയിട്ട് അടയ്ക്കുന്നില്ല. തൊഴിലാളികളെ എ.ഐ.എ.ടി.എസ്.എല്‍ കമ്പനി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണു സമരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."