കണ്ണമംഗലം ക്വാറി പ്രവര്‍ത്തനം: സബ് കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
തിരൂരങ്ങാടി: കണ്ണമംഗലത്തെ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ചു സബ് കലക്ടര്‍ ക്വാറി ഉടമകളും പ്രദേശ വാസികളുമായി ചര്‍ച്ച നടത്തി. കൊട്ടേപാറയിലെ ക്വാറികളും ക്രഷറുകളും പ്രദേശവാസികള്‍ക്കു പ്രയാസങ്ങളുണ്ടാക്കുന്നുവെന്ന നിരന്തര പരാതിയെത്തുടര്‍ന്നാണു സബ് കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ ഇന്നലെ തിരൂരങ്ങാടി താലൂക്ക് ഓഫിസില്‍ യോഗം ചേര്‍ന്നത്.
ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രദേശവാസികള്‍ക്കു പൊടി ശല്യവും സമയക്രമം പാലിക്കാതെ പാറ പൊട്ടിക്കുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഭാരമേറിയ വാഹനങ്ങളുടെ വരവു റോഡുകള്‍ തകരാനിടവരുന്നതായും പ്രദേശത്തെ തോടുകള്‍ നികന്നു കുടിവെളളം ലഭ്യമല്ലാത്ത അവസ്ഥ നിലനില്‍ക്കുന്നതായും പ്രദേശവാസികള്‍ യോഗത്തില്‍ പരാതിപ്പെട്ടു. എന്നാല്‍ നിയമാനുസൃതമായി തന്നെയാണു ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രദേശവാസികളുടെ പ്രയാസങ്ങള്‍ക്കു പരിഹാരിക്കാവുന്നതാണെന്നും പ്രവര്‍ത്തനം നിര്‍ത്തുന്നതിനോടു യോജിക്കാനാവില്ലെന്നും ക്വാറി-ക്രഷറി ഉടമകളുടെ പ്രതിനിധികള്‍ പറഞ്ഞു.
അതേസമയം നാട്ടുകാരുടെ ബുദ്ധിമുട്ടുകള്‍ അവഗണിച്ചു പ്രവര്‍ത്തിക്കുവാനോ, ക്വാറികളുടെ പ്രവര്‍ത്തനത്തിന് എതിരുനില്‍ക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചൊതുക്കുന്നതോ അനുവദിക്കില്ല. പ്രദേശത്ത് സംഘര്‍ഷമുണ്ടാകുമെന്നാണു സംസ്ഥാനരഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അത് അവഗണിക്കാന്‍ കഴിയില്ല. സമാധാനപരമായി പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു നിയമാനുസൃതം പ്രവര്‍ത്തിക്കാനേ അനുവദിക്കൂവെന്നും എന്നും സബ്കലക്ടര്‍ പറഞ്ഞു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്, റവന്യൂ, പൊലിസ്, ക്വാറി ക്രഷര്‍ പ്രതിനിധികള്‍ എന്നിവരെയും പ്രദേശവാസികളെയും ഉള്‍പ്പെടുത്തി നാലു സമിതികള്‍ രൂപീകരിക്കും.
24 ന് തഹസില്‍ദാറുടെ നേതൃത്വത്തില്‍ വില്ലേജ് തലത്തില്‍ സമിതികള്‍ യോഗം ചേര്‍ന്ന് അടിസ്ഥാനപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണും. യോഗത്തില്‍ തിരൂരങ്ങാടി തഹസില്‍ദാര്‍ ടി. ഗോപാലകൃഷ്ണന്‍, കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് പൂക്കത്ത്, എ എസ് ഐ ശ്രീനിവാസന്‍, വില്ലേജ് ഓഫീസര്‍ കെ. ശ്രീനിവാസന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജി, ക്വാറി, ക്രഷര്‍ പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തിനെത്താതിരുന്നതിനാല്‍ അവരുടെ നിരുത്തരവാദപരമായ സമീപനത്തിതിരേ റിപ്പോര്‍ട്ട് നല്‍കാനും തഹസില്‍ദാര്‍ക്കു സബ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."