ട്രാഫിക് പൊലിസ് സ്‌പെഷല്‍ ഡ്രൈവ് ശക്തം; 34 ബസുകള്‍ പരിശോധിച്ചു
കോഴിക്കോട്: സ്വകാര്യ ബസിന്റെ അമിതവേഗം കാരണം വയോധികന്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് നടപ്പാക്കിയ സിറ്റി ട്രാഫിക് പൊലിസിന്റെ സ്‌പെഷല്‍ ഡ്രൈവ് ശക്തം. ഇന്നലെയും 34 ബസുകള്‍ പരിശോധിച്ചു. ഇതില്‍ ഒരു ബസിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്തു. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാതെ സര്‍വിസ് നടത്തിയ 15 ബസുകള്‍ക്കെതിരേ നോട്ടിസ് നല്‍കി. പതിനാലു സ്‌കൂള്‍ ബസുകളും പരിശോധിച്ചു. ബസുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനും അപകടകരമാകുന്ന വിധം ബസ് ഓടിക്കുന്നതും തടയുകയാണ് സ്‌പെഷല്‍ ഡ്രൈവിന്റെ ലക്ഷ്യം.
ട്രാഫിക് എ.സി എ.കെ ബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. അമിതവേഗത ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും. അമിതവേഗം നിയന്ത്രിക്കാന്‍ നഗരത്തിന്റെ വിവിധയിടങ്ങളിലായി മഫ്തി പൊലിസിനെയും വിന്യസിപ്പിച്ചിട്ടുണ്ട്. ഇടതുവശത്തുകൂടി മറികടക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കെതിരേയും പ്രധാന റോഡില്‍ നിന്ന് പെട്ടെന്ന് തിരിയുന്ന ഓട്ടോറിക്ഷകള്‍ക്കെതിരേയും നടപടിയെടുക്കും. ഇന്നലെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടന്നു. അതേസമയം അപകടങ്ങളുണ്ടാകുമ്പോള്‍ മാത്രമുള്ള ഈ പരിശോധന പ്രഹസനമാണെന്ന ആക്ഷേപവും ശക്തമാണ്.
ബസ് ഡ്രൈവര്‍മാരുടെ അശ്രദ്ധ കാരണം ഈ വര്‍ഷം 140 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അമിതവേഗത്തില്‍ ഓടുന്ന ബസുകള്‍ ഇടിച്ച് പരുക്കേറ്റവരും നിരവധിയാണ്. ഇതിനുപുറമെ കാതടപ്പിക്കുന്ന തരത്തിലുള്ള എയര്‍ഹോണ്‍ മുഴക്കലും ബസിന്റെ ഡോറില്‍ അടിച്ച് ഇരുചക്രവാഹനക്കാരേ പേടിപ്പിക്കുന്നതും ബസുകാരുടെ പതിവാണ്. മിക്കപ്പോഴും ബസുകാരെ പേടിച്ച് ചെറിയ വാഹനങ്ങള്‍ സൈഡിലേക്ക് ഒതുക്കി നിര്‍ത്താറാണ് പതിവ്. സ്‌പെഷല്‍ ഡ്രൈവ് 21 വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."