യൂത്ത് കോണ്‍ഗ്രസ് പ്രമേയം: ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നത
കോഴിക്കോട്: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വിമര്‍ശിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ക്യാംപില്‍ പ്രമേയം പാസാക്കിയതിനെ ചൊല്ലിയുള്ള ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭിന്നത രൂക്ഷമായി. സംഭവത്തെ ലഘൂകരിക്കാന്‍ എ ഗ്രൂപ്പ് ശ്രമം ആരംഭിച്ചിരിക്കെ നേതൃത്വത്തെ വെല്ലുവിളിക്കുന്നത് തികഞ്ഞ അച്ചടക്കലംഘനമാണെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. കഴിഞ്ഞ ദിവസത്തെ ഡി.സി.സി നേതൃയോഗത്തില്‍ ഇതുസംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിനുപിന്നാലെ ഡി.സി.സി പ്രസിഡന്റ് കെ.സി അബുവും കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യനും വാര്‍ത്താസമ്മേളനത്തില്‍ വ്യത്യസ്ത നിലപാടുകള്‍ പ്രകടിപ്പിച്ചതോടെയാണ് ഭിന്നത പരിധിവിട്ടത്. കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി കഴിഞ്ഞദിവസം സംഘടിപ്പിച്ച പഠനക്യാംപിലാണ് നരേന്ദ്ര മോദിക്കെതിരേ പോരാടാന്‍ ശക്തനായ നേതാവ് കോണ്‍ഗ്രസില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടുന്ന പ്രമേയം അവതരിപ്പിച്ചത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനു ശക്തമായ നേതൃത്വത്തിന്റെ അഭാവമുണ്ട്. ഇതു പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുകയാണെന്നും ജനാധിപത്യ ശക്തികളെ ഒന്നിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എ ഗ്രൂപ്പിന് ആധിപത്യമുള്ള കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലെ പ്രമേയം വാര്‍ത്തയായതോടെ ഇത് കൂടുതല്‍ വിവാദമാക്കാതെ അവസാനിപ്പിക്കാനായിരുന്നു അബുവിന്റെ നീക്കം. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും പരസ്യമായി അപമാനിക്കുന്നതാണ് പ്രമേയമെന്ന് ചൂണ്ടിക്കാട്ടി എന്‍. സുബ്രഹ്മണ്യന്‍ ഉള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത് വരികയായിരുന്നു.
കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തില്‍ സുബ്രഹ്മണ്യന്‍ സംഭവം അവതരിപ്പിക്കുകയും പ്രമേയം പാസാക്കിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രശ്‌നം കെ.പി.സി.സി പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്ന് അബു വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും അബു പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിച്ചു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പോലുള്ള യുവജന-വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന പരിപാടികളില്‍ പല ചര്‍ച്ചകളുമുണ്ടാകും. പോസിറ്റീവല്ലാത്ത ചര്‍ച്ചകള്‍ നടന്നുവെന്ന അഭിപ്രായമുണ്ടായപ്പോള്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഡി.സി.സി തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നായിരുന്നു അബുവിന്റെ ഇക്കാര്യത്തിലുള്ള മറുപടി. കുട്ടികള്‍ക്ക് എന്തോ അക്ഷരത്തെറ്റ് സംഭവിച്ചു പോയതാണെന്നും അബു പറഞ്ഞു. കുറേയാളുകള്‍ പങ്കെടുക്കുന്ന പരിപാടിയായാലും ഒന്നോ രണ്ടോ പേരാണ് പ്രമേയം തയാറാക്കുന്നത്. അവര്‍ക്ക് പറ്റിയ കൈപ്പിഴ മാത്രമാണത്. ഇത്തരത്തില്‍ പല സംഭവങ്ങളും ഉണ്ടാകാറുണ്ടെന്നും അബു പറഞ്ഞപ്പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത എന്‍. സുബ്രഹ്മണ്യന്‍ അബുവിനെ തിരുത്തിക്കൊണ്ട് രംഗത്ത് വന്നു.
രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും നേതൃത്വം അംഗീകരിക്കാത്ത ആരും പാര്‍ട്ടിയില്‍ വേണ്ടെന്നും ഇത്തരം നിലപാടുള്ളവര്‍ക്ക് പാര്‍ട്ടിക്ക് പുറത്താണ് സ്ഥാനമെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു. ശക്തമായ നടപടി തന്നെ ഇക്കാര്യത്തിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കുന്ദമംഗലത്ത് നടന്ന ക്യാംപിലേക്ക് സുബ്രഹ്മണ്യനെയും ക്ഷണിച്ചിരുന്നു. എന്നാല്‍ എ ഗ്രൂപ്പിന് ആധിപത്യമുള്ള പരിപാടിയ്ക്ക് പോകാന്‍ അദ്ദേഹം തയാറായില്ല. വലിയ തോതില്‍ യുവജന പങ്കാളിത്തത്തോടെ പരിപാടി നടന്നപ്പോള്‍ അതിലുള്ള അമര്‍ഷം കാരണം നിസ്സാരമായ പ്രശ്‌നം സുബ്രഹ്മണ്യന്‍ കുത്തിപ്പൊക്കുകയാണെന്നാണ് എ വിഭാഗം ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."