ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്; സ്കൂളിലെ പാചകപ്പുരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
മുക്കം: അഗസ്ത്യന്മുഴി തൊണ്ടിമ്മല്‍ ഗവ. എല്‍.പി സ്കൂളിലെ പാചകപ്പുരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഇന്നലെ പകല്‍ 12ഓയോടെയാണ് സംഭവം. സ്കൂളിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അങ്കണവാടിയുടെയും സ്കൂളിന്റെയും പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. രാവിലെ 10ഓടെയാണ് ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവന്നത്. തുടര്‍ന്ന് ചോര്‍ച്ചയുണ്ടായ സിലിണ്ടറില്‍ നിന്ന് ഗ്യാസ് പുറത്തേക്ക് വ്യാപിച്ചതോടെ തൊട്ടടുത്ത് കത്തിക്കൊണ്ടിരുന്ന അടുപ്പില്‍ നിന്ന് തീപടരുകയായിരുന്നു.
ഇതിനു തൊട്ടടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥികളെ മാറ്റിയതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. 20 മിനിട്ടോളം കത്തിയ സിലിണ്ടര്‍ വലിയ ശബ്ദത്തിലാണ് പൊട്ടിത്തെറിച്ചത്. അധ്യാപകരും മറ്റും ചേര്‍ന്ന് വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചു. ഒടുവില്‍ മുക്കത്ത് നിന്നെത്തിയ ഫയര്‍ഫോഴ്സാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അഗ്നിബാധയില്‍ പാചകപ്പുര പൂര്‍ണമായും കത്തിനശിച്ചു. ഇതിനു സമീപത്തുള്ള സ്കൂള്‍ കെട്ടിടത്തിലെ മൂന്നു ജനല്‍ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. നാലു ചാക്ക് അരി, പയര്‍ എന്നിവക്ക് പുറമെ ഓഫിസ് മുറിയിലെ രണ്ടു കംപ്യൂട്ടര്‍, മിക്സി, ഇന്‍ഡക്ഷന്‍ കുക്കര്‍, വയറിങ് എന്നിവ അഗ്നിക്കിരയായി. വിറക് മാത്രമുപയോഗിച്ചു ഭക്ഷണം പാചകം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുകയായിരുന്നവെന്നും ഇത് സുരക്ഷിതമായി സൂക്ഷിക്കാന്‍ സ്കൂളില്‍ സ്ഥലസൗകര്യമില്ലെന്നും പ്രധാനാധ്യാപിക പറഞ്ഞു.
അതേസമയം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് രക്ഷിതാക്കളും അധ്യാപകരും. വിവരമറിഞ്ഞ് സ്കൂളിലെത്തിയ രക്ഷിതാക്കള്‍ അപകടത്തെ തുടര്‍ന്ന് ഭീതിയിലായ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം, എ.ഇ.ഒ ലൂക്കോസ് മാത്യു, ഭാരത് ഗ്യാസ് അധികൃതര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
തിരുവമ്പാടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."