പുഴയോരത്ത് അനധികൃത കൈയേറ്റം
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ടൗണിലെ പുഴയോരം സ്വകാര്യവ്യക്തി മണ്ണിട്ടു നികത്തുന്നു. കൂവേരി റോഡില്‍ ചപ്പാരപ്പടവ് യു.പി സ്‌കൂളിനു ചേര്‍ന്നാണു 100 മീറ്ററില്‍ അധികം ദൂരത്തില്‍ പുഴ നികത്തല്‍ നടക്കുന്നതെന്നാണ് ആക്ഷേപം.
മലയോരത്തെ പ്രധാന ശുദ്ധജല വാഹിനിയായ ചപ്പാരപ്പടവ് പുഴയില്‍ അനധികൃത കൈയേറ്റം നടക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായെങ്കിലും നിയമത്തെ പോലും വെല്ലുവിളിച്ചു നടത്തുന്ന ഈ നികത്തല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പഞ്ചായത്ത്, റവന്യൂ വകുപ്പ് അധികൃതരുടെ മൂക്കിനു കീഴെയാണ് ഇത്തരത്തില്‍ കൈയേറ്റം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിനായി നീക്കം ചെയ്യുന്ന കല്ലും മണ്ണുമാണു പരസ്യമായി പുഴയില്‍ തള്ളുന്നത്. ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയെങ്കിലും സ്വകാര്യ വ്യക്തി പുഴ നികത്തല്‍ നിര്‍ബാധം തുടരുകയാണ്. മണ്ണിനോടൊപ്പം പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും വന്‍ തോതില്‍ പുഴയിലേക്കു തള്ളിയിട്ടുണ്ട്. നിരവധി ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയായ പുഴയെ മലിനമാക്കുകയും പുഴയുടെ നീരൊഴുക്ക് തടസപ്പെടുത്തുകയും ചെയ്യുന്നത് വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കാണു വഴി വെക്കുക.
കുപ്പം പുഴയുടെ സംരക്ഷണത്തിനായി കിലയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം വരെ ചെലവാക്കിയ തുക ലക്ഷങ്ങളാണ്. പുഴ നികത്തല്‍ ശ്രദ്ധയില്‍ പെട്ടതോടെ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."