ഭൂമി വില നിര്‍ണയം പൂര്‍ത്തിയായി; ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാകും
കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിനു വേണ്ടി ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമിയുടെ വില നിര്‍ണയം പൂര്‍ത്തിയായി. ജില്ലാതല പര്‍ച്ചേസിംഗ് കമ്മിറ്റി സ്ഥലം ഉടമകളുമായി നേരിട്ടു സംസാരിച്ചാണു വില നിര്‍ണയിച്ചത്. തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാനതല പര്‍ച്ചേസിങ് കമ്മിറ്റി വില നിര്‍ണയത്തിന് അംഗീകാരം നല്‍കുന്നതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാകും.
വര്‍ഷങ്ങളായി നിയമക്കുരുക്കിലും ചുവപ്പുനാടയിലും കുടുങ്ങിക്കിടന്ന മേല്‍പ്പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുണ്ടായിരുന്ന കേസുകള്‍ക്കു തീര്‍പ്പായതോടെ ഒരു വര്‍ഷം മുമ്പാണ് ഏറ്റെടുക്കല്‍ നടപടികള്‍ പുനരാരംഭിച്ചത്. കാഞ്ഞങ്ങാട് എം.എല്‍.എ ഇ ചന്ദ്രശേഖരന്‍ റവന്യൂ മന്ത്രിയായി ചുമതലയേറ്റതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കു വേഗത കൂടുകയായിരുന്നു.
ഇന്നലെ രാവിലെ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു സ്ഥലം സന്ദര്‍ശിച്ചു ഭൂമി വില നിര്‍ണയിക്കുന്നതിന്റെ അവസാന വട്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. ലാന്റ് അക്വിസേഷന്‍ ഡപ്യൂട്ടി കലക്ടര്‍ ജയശ്രീ, ലാന്റ് അക്വിസേഷന്‍ തഹസില്‍ദാര്‍ ജയലക്ഷ്മി, ശ്രീധരന്‍ എന്നിവര്‍ക്കൊപ്പമാണ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.പി ജാഫര്‍, മേല്‍പ്പാലം കര്‍മ്മസമിതി ചെയര്‍മാന്‍ എച്ച് ശിവദത്ത് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
25 പേര്‍ക്ക് അവകാശപ്പെട്ട രണ്ടര ഏക്കര്‍ ഭൂമിയാണു മേല്‍പ്പാലത്തിനായി ഏറ്റെടുക്കുന്നത്. ഇതില്‍ ഡോ. വിജയരാഘവനും പരേതനായ ആസ്‌ക അബ്ദുറഹിമാന്‍ ഹാജിയുടെ കുടുംബവും കല്ലട്ര കുടുംബവും ഭൂമി നല്‍കുന്നതിനുള്ള സമ്മത പത്രം നല്‍കിയിട്ടില്ല. എന്നാല്‍ ഇവരുടെതുള്‍പ്പെടെ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണു സൂചന.
സമ്മത പത്രം നല്‍കാത്തവര്‍ വില കൂട്ടിക്കിട്ടാന്‍ കോടതിയെ സമീപിക്കുകയാണെങ്കില്‍ ഭൂമിവില കോടതിയില്‍ കെട്ടിവെക്കും. കോടതി അധികവില നിശ്ചയിക്കുകയാണെങ്കില്‍ കൂട്ടിയ വില നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."