കസ്റ്റഡിയിലെടുത്ത ആടുകള്‍ പൊലിസിന് പുലിവാലാകുന്നു
സുല്‍ത്താന്‍ ബത്തേരി: കസ്റ്റഡിയിലെടുത്ത ആടുകള്‍ പൊലിസിനു തലവേദനയാകുന്നു. ആടുകച്ചവടക്കാരായ രണ്ടാളുകളുടെ പ്രശ്‌നത്തെത്തുടര്‍ന്നാണ് പൊലിസ് ആടുകളെ കസ്റ്റഡിയിലെടുത്തത്. ഇതു ലേലം ചെയ്യാന്‍ ബത്തേരി കോടതി നിര്‍ദേശിച്ചു. എന്നാല്‍ ജില്ലാ കോടതിയില്‍ നിന്നും ലേലം ചെയ്യുന്നതിനെതിരേ സ്‌റ്റെ വാങ്ങിയതോടെ വീണ്ടും ആടിനെ സംരക്ഷിക്കേണ്ട ചുമതല പൊലിസിനായിരിക്കുകയാണ്. ബീനാച്ചിയിലുള്ള വ്യക്തിയെ ആടിനെ നോക്കുന്നതിനായി ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടെ രണ്ട് ആടുകള്‍ ചാകുകയും ചെയ്തിട്ടുണ്ട്.
കല്ലുവയല്‍ അമ്മന്‍കുളം അബ്ദുല്‍ നിസാറും കരിവള്ളിക്കുന്ന് ഷാജഹാനും തമ്മിലാണ് ആട് പ്രശ്‌നമുണ്ടായത്. സംഭവത്തെക്കുറിച്ച് അബ്ദുല്‍നിസാര്‍ പറയുന്നത് ഇങ്ങനെ. അബ്ദുല്‍ നിസാറും ഷാജഹാനും പങ്കു കച്ചവടക്കാരാണ്. കച്ചവടം നടത്തുന്നതിന് നിസാര്‍ 7.5 ലക്ഷം രൂപ ഷാജഹാന് നല്‍കിയത്രേ. ഉത്തരേന്ത്യയില്‍ നിന്നുമാണ് ഇവര്‍ ഇറച്ചിക്കാവശ്യമായ ആടുകളെ എത്തിച്ചിരുന്നത്. പണം തികയാതെ വന്നപ്പോള്‍ നിസാര്‍ വീണ്ടും പണം നല്‍കി. അങ്ങനെ ആകെ 9,65,000 രൂപ നല്‍കി.
എന്നാല്‍ ഷാജഹാന്‍ പണം തിരികെ നല്‍കാന്‍ തയ്യറായില്ല. പിന്നീട് പല തവണ മധ്യസ്ഥര്‍ മുഖേന പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. ഷാജഹാന്റെ സഹോദരന്‍ പണം നല്‍കാമെന്ന് പറഞ്ഞ് ചെക്കും സറ്റാമ്പ് പേപ്പറും നല്‍കി. തുടര്‍ന്നും പണം ലഭിച്ചില്ല. ഇതെത്തുടര്‍ന്ന് നിസാര്‍ പൊലിസില്‍ പരാതി നല്‍കി. പൊലിസ് ഇരുകൂട്ടരേയും വിളിപ്പിക്കുകയും നിസാറിന് എത്രയും പെട്ടന്ന് പണം നല്‍കണമെന്നും പറഞ്ഞു. എന്നാല്‍ ഷാജഹാനും സംഘവും ഇതു കൂട്ടാക്കാതെ സ്റ്റേഷനില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നത്രെ. തുടര്‍ന്ന് ഈ മാസം 13ന് ഷാജഹാന്‍ ലോറിയില്‍ ആടുകളുമായി വന്നപ്പോള്‍ ബത്തേരിയില്‍ വെച്ച് നിസാര്‍ തടഞ്ഞു. ആടുകളെ നിസാറിനോട് സൂക്ഷിച്ചോളാനും പണം നല്‍കിയ ശേഷം തിരികെ തന്നാല്‍ മതിയെന്നും ഷാജഹാന്‍ പറഞ്ഞു. 14ന് വൈകിട്ട് ഷാജഹാന്റെ സുഹൃത്തുക്കള്‍ എത്തി ആടിനെ തിരികെ നല്‍കണമെന്ന് നിസാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ നിസാര്‍ സമ്മതിച്ചില്ല.
ഇതെത്തുടര്‍ന്ന് 15ന് പുലര്‍ച്ചെ ഷാജഹാനും സംഘവും ആടുകളെ പാര്‍പ്പിച്ചിരുന്ന സ്ഥലത്തെത്തി നിസാറിനെ തലകീഴായി കെട്ടിതൂക്കി കയറുകൊണ്ടുചുറ്റിവരിഞ്ഞു ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തെന്ന് നിസാര്‍ പറയുന്നു. തുടര്‍ന്ന് മുസ്തഫ എന്നയാള്‍ നിസാറിന്റെ തന്നെ കാറില്‍ കയറ്റി മൈസൂരുവിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കവെ നിസാര്‍ മൂലങ്കാവില്‍ വെച്ച് കാറില്‍ നിന്നും ചാടി രക്ഷപ്പെട്ട് പൊലിസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായി.
ഇതിനിടെ ഷാജഹാനും സംഘവും ആടുകളുമായി രക്ഷപ്പെടാന്‍ ശ്രമിച്ചു. ആടുകളെ കയറ്റിയ പിക്ക് അപ്പ് ഡ്രൈവര്‍മാര്‍ക്ക് പന്തികേട് തോന്നിയതോടെ ചെതലയത്ത് വച്ച് വണ്ടി നിര്‍ത്തി പൊലിസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി ആടുകളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ ഷാജഹാനും സംഘവും രക്ഷപ്പെട്ടു. ഇവര്‍ക്കെതിരെ നിരവധി വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."