ഇന്ത്യന്‍ ക്രിക്കറ്റിലെ ഇരട്ടച്ചങ്കന്‍ ഓപണര്‍
ക്രിക്കറ്റ് പഴയ ക്രിക്കറ്റ് അല്ലെന്നറിയാം, പക്ഷേ സെവാഗ് പഴയ സെവാഗ് തന്നെ.. എന്ന് ബിഗ് ബി സ്‌റ്റൈലില്‍ ഒരു പത്തു വര്‍ഷം കഴിഞ്ഞ് ഏതു മികച്ച ബൗളറെ വെല്ലുവിളിച്ചാലും ഒന്നു പേടിക്കും.
കാരണം സെവാഗ് എന്നും സെവാഗ് ആണ്. സച്ചിനെപ്പോലെയാകാന്‍ മോഹിച്ച് സച്ചിനെപ്പോലും മറുഭാഗത്ത് കാഴ്ചക്കാരനാക്കി രസിപ്പിച്ച ആ ഇന്നിങ്‌സുകള്‍ നമുക്ക് നഷ്ടമായിട്ട് ഒരു വര്‍ഷം.
അനിയന്‍മാര്‍ തകര്‍ക്കുന്നുണ്ടെങ്കിലും എന്തും തട്ടിക്കേള്‍ക്കാന്‍ ചങ്കൂറ്റത്തോടെ മുന്നില്‍ നില്‍ക്കുന്ന ഒരു ചേട്ടന്റെ അഭാവം തറവാട്ടില്‍ പ്രകടമാണ്.
സച്ചിന്‍സെവാഗ് ഓപണിങ് ജോഡി പോലൊന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലുണ്ടായിട്ടില്ല.
ക്ലാസും മാസും ഒത്തു ചേരുന്നൊരു സ്ഥിരം ജോഡിക്കായുള്ള കാത്തുനില്‍പ് ഇനിയും നീളും. സിക്‌സറടിച്ച് ടീമിനെ വിജയത്തിലെത്തിക്കുന്ന നായകനായിരുന്നില്ല സെവാഗ്. റെക്കോഡുകള്‍ക്കു പുറകേയല്ല അടുത്തുകൂടെ പോകാന്‍ പോലും മോഹിച്ച ആളായിരുന്നില്ല സെവാഗ്. എന്‍ വഴി തനി വഴിയെന്ന് കാണിച്ച് നിരൂപകരെ വെല്ലുവിളിച്ച ഇരട്ടച്ചങ്കന്‍. ക്രിസ് ഗെയിലിനെയോ ഡി വില്ലിയേഴ്‌സിനെയോ പോലൊരു ഒറ്റയാനാകാന്‍ നിന്നില്ലെങ്കിലും തികഞ്ഞ തലയെടുപ്പുള്ള കൊമ്പനായിരുന്നു കരുയറുലുടനീളം.
സച്ചിന്‍ പുറത്തായാലും അപകടത്തില്‍ ഒരു കൈ സഹായത്തിന് സെവാഗ് ഉണ്ടല്ലോ എന്നാശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. അതാണ് നാം 2003 ലോകകപ്പ് ഫൈനലില്‍ കണ്ടതും.
സച്ചിന്‍ നാലു റണ്ണിനു പുറത്തായപ്പോള്‍ 359 എന്ന ഓസ്‌ട്രേലിയയുടെ കൂറ്റന്‍ സ്‌കോറിലും പതറാതെ ഒരറ്റത്തു വിക്കറ്റുകള്‍ പൊഴിയുമ്പോഴും സെവാഗ് ഉണ്ടായിരുന്നു ക്രീസില്‍. കണക്കുകളും അതു ശരി വച്ചു. 24ാം ഓവറില്‍ നാലാമനായി സെവാഗ് പുറത്താകുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഇന്ത്യയുടേതായി ഉണ്ടായിരുന്നത് 147 റണ്‍സായിരുന്നു. ഇന്ത്യക്കു ജയിക്കാനാവശ്യമായ റണ്‍ ശരാശരിയിലും അല്‍പം അധികം.
ഏറെ പഴി കേള്‍ക്കേണ്ടി വന്ന ഫൈനല്‍ തോല്‍വിയിലും തലയെടുപ്പോടെ നിന്നത് 81 പന്തില്‍ 82 റണ്‍ നേടിയ സെവാഗായിരുന്നു.
ഒരിക്കലും പന്തിനു മുന്നില്‍ പതറാതിരുന്ന ആ മനുഷ്യന്റെ പ്രഹരശേഷി അധികവും നൂറിനു മുകളിലായിരുന്നു.
മഹാരഥന്‍മാര്‍ക്കൊപ്പം നിര്‍ത്താന്‍ 'ക്രിക്കറ്റ് ശാസ്ത്രജ്ഞന്‍മാര്‍' മടി കാണിച്ചിരുന്നെങ്കിലും സെവാഗിന്റെ ഇന്നിങ്‌സുകള്‍ അവരുടെ റെക്കോഡിനപ്പുറമായിരുന്നെന്നു നിസംശയം പറയാം. കാലവും കളിയും മാറിവന്നെങ്കിലും സെവാഗ് ആ മാറ്റം ഉള്‍ക്കൊള്ളാന്‍ തയാറായിരുന്നില്ല.
കാരണം പൂര്‍ണതയില്‍ അറ്റകുറ്റപ്പണി ആവശ്യമില്ല എന്നതു തന്നെ. വിരസമായ ടെസ്റ്റ് മത്സരങ്ങളില്‍ പോലും ടി20 ആവേശം വിടര്‍ത്തിയതായിരുന്നു വീരുവിന്റെ ഓരോ ഇന്നിങ്‌സുകളും.
ഇന്ത്യക്കാരന്റെ ആദ്യ ടെസ്റ്റ് ട്രിപ്പിളിന് 72 വര്‍ഷത്തെ കാത്തിരിപ്പു വേണ്ടിവന്നു 2003ല്‍ മുള്‍ട്ടാനില്‍ സെവാഗ് പാകിസ്താനെതിരേ ബാറ്റേന്തുന്നതുവരെ. അന്നത്തെ 309 അബദ്ധമല്ലെന്നു തെളിയിക്കുന്നതായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരേ 2007ല്‍ നേടിയ 319. ടെസ്റ്റ്ല്‍ രണ്ടു ട്രിപ്പിള്‍ നേടിയ ബ്രാഡ്മാനും ലാറയിക്കുമൊപ്പെ സെവാഗും ഒരു ഇരിപ്പിടം കണ്ടെത്തി. പിന്നീട് ക്രിസ് ഗെയ്‌ലും ഈ റെക്കോഡിനൊപ്പമെത്തി.
ആര്‍ത്തിയുണ്ടെങ്കിലും അത്യാര്‍ത്തി തീരെയില്ലാത്ത ഒരഹങ്കാരിയായിരുന്നു സെവാഗ്. ഓസ്‌ട്രേലിയക്കെതിരേ 195ഉം ശ്രീലങ്കക്കെതിരേ 293ഉം എടുത്ത് പുറത്തായത് റെക്കോഡിന്റെ പടിവാതിലില്‍ നില്‍ക്കുമ്പോള്‍ സിക്‌സറടിക്കാന്‍ ശ്രമിച്ചാണ്. ശ്രീലങ്കക്കെതിരേ ട്രിപ്പിള്‍ അടിച്ചിരുന്നെങ്കില്‍ കാലം തന്നെ സെവാഗിനൊപ്പം നിന്നേനെ.
മൂന്നു ടെസ്റ്റ് ട്രിപ്പിള്‍ എന്ന അപൂര്‍വനേട്ടം ആരുമായും പങ്കുവയ്ക്കാനില്ലാതെ. ഡോണ്‍ ബ്രാഡ്മാന്‍ എന്ന ഇതിഹാസത്തിനും മുകളില്‍. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി റെക്കോഡിനു പുറമേ പോകാതിരുന്ന അയാള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നും രണ്ടാംനിര സ്ഥാനമായിരുന്നു.
അര്‍ഹിച്ച പരിഗണനയില്ലാതെ ഫോമിന്റെ കാര്യത്തില്‍ പലപ്പോഴായി തഴയപ്പെട്ടെങ്കിലും തിരിച്ചുവരവുകള്‍ ഗംഭീരമാക്കി ഇന്ത്യക്കായി 14 വര്‍ഷം ബാറ്റേന്തി.
ക്യാപ്റ്റന്റെ കളിയും കലിയും കണ്ട ഏകദിനമായിരുന്നു 2011ല്‍ വെസ്റ്റിന്‍ഡീസിനെതിരേ നേടിയ 219. 2010ല്‍ ടെന്‍ഡുല്‍കര്‍ ഡബിള്‍ അടിച്ചപ്പോള്‍ അര്‍ഹിച്ച നേട്ടമായി ക്രിക്കറ്റ് ലോകം കണ്ടു.
ഒരു വര്‍ഷത്തിനിപ്പുറം സെവാഗ് ആ റെക്കോഡ് മറികടന്നപ്പോള്‍ അമ്പരപ്പുകള്‍ എങ്ങും കണ്ടില്ല. കാരണം അന്ന് ആ റെക്കോഡ് മറികടക്കാന്‍ സെവാഗ് അല്ലാതെ മറ്റൊരു സഹയാത്രികന്‍ ലോക ക്രിക്കറ്റിലില്ലായിരുന്നു. രണ്ട് ഏകദിന ഡബിള്‍ നേടി രോഹിത് ശര്‍മ മുന്നിലെത്തിയത് കാലത്തിന്റെ വികൃതി.
ഒരു ഓപണിങ് ബാറ്റ്‌സ്മാന്‍ എന്നതിനപ്പുറം വളരാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സെവാഗ് എന്നും ഹൈക്ലാസ് ആയിരുന്നു. അതുകൊണ്ടാണ് തെല്ലൊരഹങ്കാരത്തോടെ അദ്ദേഹം ഇങ്ങനെ പറഞ്ഞതും, ' If I play down the order then there is nobody who can open'. അതു വെറുംവാക്കല്ലെന്നു തെളിയിക്കുന്നതായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരേന്ദര്‍ സെവാഗ് അടക്കിവാണ ഓപണിങ് സ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."